സഹകരണസംഘം തട്ടിപ്പ്: കോടികൾ കൈക്കലാക്കിയ ദമ്പതികൾ റിമാൻഡിൽ
text_fieldsതിരുവനന്തപുരം: ജില്ല ഇലക്ട്രിക്കൽസ് ആന്‍ഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് കോഓപറേറ്റിവ് സൊസൈറ്റി ജീവനക്കാരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ജി. സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.
കൈതമുക്ക് ഇരവിപേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സഹകരണസംഘത്തിലെ സെക്രട്ടറിയുമായിരുന്ന ലേഖ പി. നായർ (40), ഇവരുടെ ഭർത്താവ് കൃഷ്ണകുമാർ (45) എന്നിവരാണ് കഴിഞ്ഞദിവസം ഫോർട്ട് പൊലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം തമലം സ്വദേശിയായ സനോജ് സഹകരണസംഘത്തിൽ നിക്ഷേപിച്ചിരുന്ന 35 ലക്ഷത്തോളം രൂപ കാലാവധി പൂർത്തിയായിട്ടും തിരികെ നൽകാത്തതായി കാണിച്ച് ഫോർട്ട് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
പ്രതികൾ തകരപ്പറമ്പ് കേന്ദ്രീകരിച്ച് 2013ൽ തിരുവനന്തപുരം ജില്ല ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് കോഓപറേറ്റിവ് സൊസൈറ്റി എന്ന പേരില്‍ സഹകരണ സംഘം രജിസ്റ്റർ ചെയ്ത് അനധികൃതമായി ജീവനക്കാരിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയാണ് നിയമനം നടത്തിയത്. തുടര്‍ന്ന് ഉയർന്നപലിശ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരില്‍നിന്ന് മൂന്ന് കോടിയോളം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ആയും ഒരു കോടിയോളം എസ്.ബി അക്കൗണ്ടുകൾ വഴിയും കൈവശപ്പെടുത്തുകയായിരുന്നു.
പണം നിയമപരമായി ബാങ്കിൽ നിക്ഷേപിക്കാതെ, പ്രതികളുടെ പേരിൽ ലോണായും ചിട്ടികളായും ഒരു കോടിയിൽപരം രൂപ വകമാറ്റുകയും പ്രതികളുടെ സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കും ജാമ്യവ്യവസ്ഥകൾ പാലിക്കാതെ ഒന്നരക്കോടിയോളം രൂപ നിയമവിരുദ്ധ ലോൺ ആയി നൽകിയുമാണ് പ്രതികൾ ഇടപാടുകാരെ ചതിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ് ഒളിവിൽ പോയ പ്രതികളെക്കുറിച്ച് ഫോർട്ട് പൊലീസ് അസിസ്റ്റന്റ് കമീഷണർ ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് എസ്.എച്ച് രാകേഷ്. ജെയുടെ നേത്യത്വത്തിൽ എസ്.ഐ സജു ഏബ്രഹാം, സി.പി.ഒമാരായ പ്രഫൽ, സുധീർ, സാബു, ബിനു, വിനോദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ വാഹനം തടഞ്ഞു പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.