ഡൽഹിയിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 2,000 കോടിയുടെ 200 കിലോ കൊക്കെയ്ൻ
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ടാമത്തെ വൻ ലഹരിവേട്ട. പശ്ചിമ ഡൽഹിയിലെ രമേഷ്നഗറിൽനിന്ന് സ്പെഷൽ സെൽ 2,000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. ലഹരി വിതരണക്കാരന്‍റെ ജി.പി.എസ് ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് ഗോഡൗണിലെത്തിയത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് 5,600 കോടിയുടെ കൊക്കെയ്ൻ ഡൽഹിയിൽനിന്ന് പിടിച്ചെടുത്തിരുന്നു.
റെയ്ഡിനു പിന്നാലെ യു.കെയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി ജിതേന്ദ്രപാൽ സിങ്ങിനെ പൊലീസ് അമൃത്സർ വിമാനത്താവളത്തിൽനിന്ന് അറസ്റ്റു ചെയ്തു. ഇയാൾ 17 വർഷമായി യു.കെയിൽ സ്ഥിരതാമസക്കാരനാണ്. നേരത്തെ പിടിച്ചെടുത്ത കൊക്കെയ്നുമായി ബന്ധമുള്ള ഡ്രഗ് സിൻഡിക്കേറ്റ് തന്നെയാണ് ഇത്തവണ പിടിച്ചെടുത്ത ലഹരിമരുന്നിന് പിന്നിലുമുള്ളതെന്ന് പൊലീസ് സംശയിക്കുന്നു. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന മാഫിയ സംഘമാണിതെന്നും സൂചനയുണ്ട്.
രാജ്യത്ത് ഡൽഹിയും മുംബൈയും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡ്രഗ് സിൻഡിക്കേറ്റിന് ദുബൈയിലും സ്വാധീനമുള്ളതായി അധികൃതർക്ക് വിവരമുണ്ട്. ചോദ്യം ചെയ്യലിൽ, വിദേശത്ത് താമസിച്ചുവരുന്ന ഇന്ത്യൻ പൗരനായ വീരേന്ദ്ര ബസോയയുടെ പേര് പ്രതികൾ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെ തിലക്നഗറിൽ 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്നുമായി അഫ്ഗാൻ പൗരന്മാരെ പിടികൂടിയിരുന്നു. ദുബൈയിൽനിന്ന് ഡൽഹിയിലെത്തിയ ലൈബീരിയൻ പൗരനും പിടിക്കപ്പെട്ടിരുന്നു.
നേരത്തെ 560 കിലോ ഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടിയിരുന്നു. 5600 കോടി രൂപ വിലവരുന്ന ലഹരിമരുന്നുകളാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒക്ടോബർ രണ്ടിന് മഹിപാൽപൂരിലെ ഗോഡൗണിലാണ് വൻ ലഹരിമരുന്ന് വേട്ട നടന്നത്. ഏഴ് പേരെ ഇതിൽ അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ സംഭവ സ്ഥലത്തുനിന്നും രണ്ട് പേരെ അമൃത്സർ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. ഒരാളെ ഉത്തർപ്രദേശിൽ നിന്നും പിടികൂടി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.