ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 500 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി
text_fieldsഗാന്ധിനഗർ: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 500 കോടി രൂപ വിലമതിക്കുന്ന 52 കിലോ കൊക്കെയ്ൻ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ഓപ്പറേഷൻ നാംകീൻ എന്ന പേരിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) നടത്തിയ പരിശോധനയിലാണ് ഉപ്പ് ചാക്കുകളിൽ ഒളിപ്പിച്ച് കടത്തിയ കൊക്കെയ്ൻ കണ്ടെടുത്തത്. മൊത്തം 25000 കിലോഗ്രാം ഭാരമുള്ള 1000 ഉപ്പ് ചാക്കുകൾക്കുള്ളിലാണ് കൊക്കെയ്ൻ കടത്തിയത്.
ഇറാനിൽ നിന്ന് മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്യുന്ന ചില ചരക്കുകളുടെ മറവിൽ മയക്കുമരുന്ന് വ്യാപാരത്തിനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.സംശയാസ്പദമായി കണ്ടെത്തിയ ബാഗുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച ശേഷം ഗുജറാത്ത് സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസസിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചാക്കുകളിൽ കൊക്കെയ്ൻ ഉണ്ടെന്ന് പിന്നീട് സ്ഥിരീകരിച്ചു.ഇതുവരെ 52 കിലോ കൊക്കെയിൻ കണ്ടെടുത്തതായി ഡി.ആർ.ഐ അധികൃതർ അറിയിച്ചു. ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് ലക്ഷദ്വീപ് തീരത്തും വൻ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനുമായി തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധനബോട്ടുകളാണ് പിടിയിലായത്. ഡി.ആർ.ഐയും കോസ്റ്റ്ഗാർഡും സംയുക്തമായി നടത്തിയ തിരച്ചിലിൽ അഗത്തി തീരത്ത് നിന്നാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്. ഒരു കിലോ ഗ്രാം വിതമുള്ള 218 പാക്കറ്റുകളിലാണ് ഹെറോയിൻ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.