കോമ്പിങ് ഓപറേഷൻ തുടരുന്നു; രണ്ടാഴ്ചക്കിടെ പിടിയിലായത് 14 പിടികിട്ടാപ്പുള്ളികൾ
text_fieldsകൊച്ചി: നഗരത്തിൽ പൊലീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കോമ്പിങ് ഓപറേഷനുകളിലൂടെ ഓരോ ആഴ്ചയും കുടുങ്ങുന്നത് നിരവധി നിയമലംഘകർ. ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർ മുതൽ പിടികിട്ടാപ്പുള്ളികൾ വരെ ഓരോ ആഴ്ചയും കുടുങ്ങുന്നതായി കൊച്ചി സിറ്റി പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
നഗരപരിധിയിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും വിൽപനയും തടയുന്നതിന്റെ ഭാഗമായാണ് പ്രധാനമായും പരിശോധന കർശനമാക്കിയത്. കൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾക്കെതിരെയും വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികിട്ടാപ്പുള്ളികളായി കഴിയുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്.
കമീഷണർ എ. അക്ബറിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശിധരന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി, എറണാകുളം സെൻട്രൽ, എറണാകുളം, തൃക്കാക്കര, ട്രാഫിക് അസി. പൊലീസ് കമീഷണർമാരെ ഏകോപിപ്പിച്ചാണ് പരിശോധനകൾ. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മയക്കുമരുന്ന് വിൽപനക്കും ഉപയോഗത്തിനുമെതിരെ 156 കേസാണ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് 720 കേസെടുത്തു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 142 കേസും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 59ഉം നിരോധിത പുകയില ഉൽപന്നങ്ങളുടെ ഉപയോഗത്തിനും വിൽപനക്കുമെതിരെ 52 കേസും രജിസ്റ്റർ ചെയ്തു. കൂടാതെ വിവിധ കേസിൽ ഉൾപ്പെട്ട് ഒളിവിലായിരുന്ന 14 പിടികിട്ടാപ്പുള്ളികളാണ് രണ്ടാഴ്ചക്കിടെ പിടിയിലായത്.
ഇക്കഴിഞ്ഞ ശനിയാഴ്ച മാത്രം മയക്കുമരുന്ന് വിൽപനക്കും ഉപയോഗത്തിനുമെതിരെ 79 കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 351, അശ്രദ്ധമായ ഡ്രൈവിങ്- 73, പൊതുസ്ഥലത്തെ മദ്യപാനം- 29, നിരോധിത പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും വിൽപനയും- 21 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് കമീഷണർ അറിയിച്ചു.
ഇടതുവശത്തുകൂടെയുള്ള ഓവർടേക്കിങ്ങിന് കർശന നടപടി
നഗരത്തിൽ വാഹനങ്ങളുടെ ഇടതുവശത്തുകൂടെയുള്ള ഓവർടേക്കിങ് തടയാൻ കർശന പരിശോധനയുമായി സിറ്റി പൊലീസ്. ഇതിനായി പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അനധികൃതമായ ഇത്തരം ഓവർടേക്കിങ്ങിലൂടെ നിരവധി അപകടമാണ് ദിവസവും നഗരത്തിലുണ്ടാകുന്നത്. പ്രധാനമായും ഇരുചക്ര വാഹനങ്ങളാണ് ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽ. ബസുകളുടെ അലക്ഷ്യമായ യാത്രയും ഇതിന് വഴിവെക്കുന്നതായി പൊലീസ് കണ്ടെത്തലുണ്ട്. ഇടതുവശത്തുകൂടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ വാഹനങ്ങൾ പരസ്പരം ഉരസുന്നത് വലിയ അപകടത്തിലേക്കാണ് നയിക്കുന്നത്. ബൈക്കുകളുടെ ഹാൻഡിലുകൾ ഇത്തരത്തിൽ തട്ടി അപകടമുണ്ടാകുന്നതും വ്യാപകമാണ്.
തിരോധാന കേസുകളിലെ അന്വേഷണത്തിന് പ്രാമുഖ്യം
തിരോധാന കേസുകളിലെ അന്വേഷണത്തിൽ പ്രത്യേക പ്രാധാന്യം നൽകുമെന്ന് കൊച്ചി സിറ്റി പൊലീസ് അധികൃതർ വ്യക്തമാക്കി. നരബലി കേസ് മുതൽ ജെഫ് ജോൺ കൊലപാതകം വരെയുള്ള സംഭവങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണ്. കൊലക്കേസുകൾക്ക് നൽകുന്ന പ്രാധാന്യത്തോടെ അന്വേഷണം നടത്തുന്ന രീതിയാണ് അവലംബിക്കുന്നത്. തേവരയിൽനിന്ന് കാണാതായ ജെഫ് ജോൺ എന്ന യുവാവിനെ ഗോവയിൽ കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയതും ഇത്തരത്തിലുള്ള ഊർജിത അന്വേഷണത്തിലൂടെയാണെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.