ലഹരിക്കടിപ്പെട്ട യുവാവ് കടയിൽ അക്രമം നടത്തിയതായി പരാതി
text_fieldsകരുളായി: ലഹരിയിൽ യുവാവ് കടയിൽ കയറി അക്രമം നടത്തിയതായി പരാതി. കരുളായി താഴെ മൈലമ്പാറയിലെ കിഴക്കേയിൽ ഹനീഫയുടെ പലചരക്ക് കടയിൽ കയറിയാണ് പരാക്രമം നടത്തിയത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് ലഹരിക്കടിമയായ കക്കോട്ടിൽ രമേഷ് ബാബു (30) കടയിൽ കയറി ഷട്ടർ തല്ലിത്തകർക്കുകയും കടക്കുള്ളിലെ സോഡാ കുപ്പികളെല്ലാം വലിച്ച് പുറത്തിട്ട് നശിപ്പിക്കുകയും ചെയ്തത്.
തടയാനെത്തിയവരെ കത്തി വീശി ഭയപ്പെടുത്തി. നാട്ടുകാർ പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് 11 മണിയോടെ പൊലീസ് എത്തിയപ്പോഴേക്കും അക്രമി സ്ഥലംവിട്ടു.
എന്നാൽ വീണ്ടും ഇയാൾ കടയുടെ പരിസരത്തെത്തുകയും പൊലീസ് ഇയാളെ താക്കീത് നൽകി വീട്ടിലേക്ക് പറഞ്ഞുവിടുകയുമായിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ ആറോടെ ഇയാൾ വീണ്ടുമെത്തി ഷട്ടർ തകർത്ത ഭാഗത്ത് കൂടി കടക്കുള്ളിൽ കയറി ബേക്കറിയും മറ്റും സൂക്ഷിച്ച ഭരണിയും ഫ്രിഡ്ജും അടിച്ച് തകർക്കുകയും തീ ഇടുകയും ചെയ്തു. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തിയതായി കടയുടമ പറഞ്ഞു.
കൂടാതെ എ.ഐ.വൈ.എഫ് റോഡിൽ സ്ഥാപിച്ച മുന്നറിയിപ്പ് കണ്ണാടിയും തകർത്തു. ഏതാനും മാസം മുമ്പും ഇയാൾ റോഡിൽ കല്ലുകൾ നിരത്തി പരാക്രമം നടത്തിയിരുന്നു. എന്നാൽ, ഇത്രയധികം അക്രമം നടത്തിയിട്ടും പ്രതിയെ പൊലീസ് കണ്ടിട്ടും കസ്റ്റഡിയിൽ എടുക്കാതെ വിട്ടയച്ചതാണ് പുലർച്ച അക്രമി വീണ്ടും ആക്രമണം നടത്താൻ കാരണമായതെന്നും പൊലീസിന്റെ അനാസ്ഥ ഇത്തരക്കാർക്ക് പ്രോത്സാഹനമാണെന്നും നാട്ടുകാർ ആരോപിച്ചു. ഈ പ്രദേശങ്ങളിൽ കഞ്ചാവ്, മദ്യം എന്നിവയുടെ ഉപയോഗവും വില്പനയും വ്യാപകമാണെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഇല്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.