വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നാലുകോടി തട്ടിയതായി പരാതി
text_fieldsതൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തതായി പരാതി. കരിങ്കുന്നം സ്വദേശി മനുമോന് ജോസ്, പാലാ പയപ്പാര്‍ സ്വദേശി ഐ.വി. രാജേഷ് എന്നിവര്‍ക്കെതിരെയാണ് പരാതി. വിവിധ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 125 ഓളം വിദ്യാര്‍ഥികളില്‍ നിന്ന് നാലുകോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി രാജേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി വഴിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മനു ഇടതുപാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയാണെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
ഇസ്രായേല്‍, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ജോലിയുടെ സ്വഭാവത്തിനനുസരിച്ച് 50,000 മുതല്‍ അഞ്ച് ലക്ഷം വരെയാണ് ഈടാക്കിയത്. പണം നല്‍കിയവരുടെ വിശ്വാസം പിടിച്ചു പറ്റാനായി ഇവര്‍ തന്നെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റെടുത്ത് നൽകും. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ വിവരങ്ങള്‍ അന്വേഷിക്കുന്നതോടെ ഭൂരിഭാഗം ഉദ്യോഗാര്‍ഥികളും ഇവരുടെ വലയിലാകും. തുടര്‍ന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉദ്യോഗാര്‍ഥികള്‍ക്കായി മെഡിക്കല്‍ പരിശോധനയും നടത്തും. 18 ലക്ഷത്തോളം രൂപ മുടക്കി വിദേശത്തേക്ക് പോകുന്നതിന് അഞ്ച് ലക്ഷമാണ് ഇവര്‍ നേരിട്ട് വാങ്ങുന്നത്. ബാക്കി തുകക്ക് ഇവര്‍ തന്നെ വായ്പ തരപ്പെടുത്തി തരുമെന്ന് ഉദ്യോഗാര്‍ഥികളുടെ രക്ഷിതാക്കളെ വിശ്വസിപ്പിക്കും. പിന്നീട് വിവിധ രാജ്യങ്ങളിലെ വ്യാജമായി നിര്‍മിച്ച വര്ക്ക്മെമ്മോ ഇവര്‍ക്ക് നൽകും. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ കൈക്കലാക്കും. വ്യാജമായി നിര്‍മിച്ച വിസയുടെ പകര്‍പ്പും ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കും. വിദേശത്തേക്ക് പോകാന്‍ തയാറായി എയര്‍പോര്‍ട്ടിലെത്തി മടങ്ങിയ ഉദ്യോഗാര്‍ഥികള്‍ വരെയുണ്ട്. കേരളത്തിലുടനീളം ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തിയതായി ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. തട്ടിപ്പ് നടത്തിയവർ ഒളിവിലാണ്. പരാതി നല്‍കിയിട്ടും ഇക്കാര്യത്തില്‍ കാര്യമായ നടപടി ഉണ്ടാകുന്നില്ലെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
തട്ടിപ്പിനിരയായവർ ചേർന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. ഈ മാസം 21ന് തൊടുപുഴയില്‍ കണ്‍വന്‍ഷനും പൊലീസ് സ്റ്റേഷന് മാര്‍ച്ചും നടത്തും. ഇതിനു മുന്നോടിയായി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും സ്വത്ത് കണ്ടു കെട്ടണമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തില്‍ ചെയര്മാന് ഡേവീസ് രാമപുരം, ജനറര്‍ കണ്‍വീനര്‍ പി.പി. അനില്‍കുമാര്‍, ഇ.സി.മനു, പി. സജീവ്, ലാലി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.