വയോധികയെ മകളും ബന്ധുക്കളും ചേർന്ന് വീട്ടിൽനിന്ന് ഇറക്കിവിട്ടതായി പരാതി
text_fieldsകട്ടപ്പന: സ്വത്തിനുവേണ്ടി 81കാരിയെ ഇളയ മകളും ബന്ധുക്കളും ചേർന്ന് മർദിച്ച് വീട്ടിൽനിന്ന് ഇറക്കിവിട്ടതായി പരാതി. ഉപ്പുതറ വളകോട് വയലിൽ പറമ്പിൽ പരേതനായ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടിയെ (മറിയാമ്മ -81) ഇളയ മകൾ എൽസമ്മയും ഇവരുടെ മരുമകൻ റൊണാൾഡും കൂട്ടുകാരും ചേർന്ന് വ്യാഴാഴ്ച വീട്ടിൽനിന്ന് ഇറക്കിവിട്ടതായി മറ്റു രണ്ട് പെൺമക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉപ്പുതറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മേരിക്കുട്ടിയുടെ പരാതിയിൽ ഉപ്പുതറ പൊലീസ് കേസെടുത്തു. മേരിക്കുട്ടിയുടെയും ഭർത്താവിന്റെയും പേരിലുണ്ടായിരുന്ന 68 സെന്റ് സ്ഥലം കൈക്കലാക്കാനാണ് ഇളയ മകളും ബന്ധുക്കളും ചേർന്ന് ക്രൂരത കാട്ടിയതെന്നാണ് പരാതി.
മേരിക്കുട്ടിയുടെ ഭർത്താവ് ദേവസ്യ മരിച്ചിട്ട് 11വർഷം കഴിഞ്ഞു. ഇവർക്ക് നാല് പെണ്മക്കളാണ്. നാലുപേരെയും വിവാഹം കഴിപ്പിച്ച് അയച്ചു. പിതാവ് മരിച്ചതോടെ അമ്മയെ നോക്കാൻ എൽസമ്മക്ക് താൽപര്യമുണ്ടായിരുന്നില്ലത്രെ. അതിനാൽ കോട്ടയത്തിന് സമീപം പാമ്പാടിയിലെ അനാഥാലയത്തിലാക്കി. തുടർന്ന് വീടിരുന്ന സ്ഥലം ഒരാൾക്ക് പാട്ടത്തിനും നൽകി. മേരിക്കുട്ടിക്ക് വീണ് പരിക്കേറ്റെന്ന് അറിഞ്ഞ് മറ്റ് മക്കളായ സാലിയും ഷേർളിയും അനാഥാലയത്തിലെത്തി അമ്മയെ കൊണ്ടുപോകാൻ അനുവാദം ചോദിച്ചു. അധികൃതർ ആദ്യം അനുമതി നൽകിയില്ല. കലക്ടർ, എസ്.പി എന്നിവർക്ക് പരാതി നൽകിയാണ് അനുമതി നേടിയത്. നട്ടെല്ലിനും മുഖത്തിനും പരിക്കുപറ്റിയ മേരിക്കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടുപോയി ചികിത്സിച്ചു. തുടർന്ന് വളകോടിലെ വീട്ടിൽ കൊണ്ടുവന്ന അമ്മയെ പരിചരിക്കാൻ സാലി വീട്ടിൽനിന്നു. ഇതറിഞ്ഞ എൽസമ്മ സാലിയും ഭർത്താവും വീട്ടിൽ താമസിക്കുന്നതിനെതിരെ കോടതിയിൽനിന്ന് ഉത്തരവ് വാങ്ങി. വരുമാന മാർഗമില്ലാതായ മേരിക്കുട്ടി സ്ഥലത്തുണ്ടായിരുന്ന പാഴ് മരം വെട്ടിവിൽക്കാൻ ഒരാളുമായി കച്ചവടം ഉറപ്പിച്ചു. ഇതറിഞ്ഞ് എൽസമ്മ, റൊണാൾഡ്, സുഹൃത്തുക്കൾ എന്നിവർ രണ്ട് വാഹനങ്ങളിലായി വ്യാഴാഴ്ച വളകോട്ടിൽ എത്തി അവശയായ മേരിക്കുട്ടിയെ മർദിച്ച് വീട്ടിൽനിന്ന് ഇറക്കിവിട്ടെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.