വിദ്യാർഥിയെ മർദിച്ചതായി പരാതി; കേസെടുത്തു
text_fieldsകൊടിയത്തൂർ: പി.ടി.എം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. കൊടിയത്തൂർ മുറത്തുമൂല അമീനിന്റെ മകൻ മാസിൻ മുഹമ്മദിനെയാണ് സ്‌കൂളിലെ അധ്യാപകൻ ഖമറുൽ ഇസ്‍ലാം മർദിച്ചതായി പരാതി. വലത് തോളെല്ലിന് പരിക്കേറ്റ വിദ്യാർഥിയെ മണാശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. രക്ഷിതാവിന്റെ പരാതിയിൽ മുക്കം പൊലീസ് അധ്യാപകനെതിരെ കേസെടുത്തു.
ബാഗിൽനിന്ന് പുസ്തകം എടുക്കാൻ ക്ലാസിൽ എണീറ്റുനിന്നപ്പോൾ വരാന്തയിലൂടെ പോവുകയായിരുന്ന അധ്യാപകൻ പുറത്തേക്ക് വിളിച്ചുവരുത്തി നിനക്ക് മര്യാദയില്ലെന്ന് പറഞ്ഞ് തോളിൽ പ്രഹരിക്കുകയായിരുന്നുവെന്ന് വിദ്യാർഥി പറഞ്ഞു. സംഭവം മൂടിവെക്കാനാണ് സ്കൂൾ മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും സംഭവം രണ്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരുവിധ അനുകൂല സമീപനങ്ങളും ഉണ്ടായിട്ടില്ലെന്നും അധ്യാപകനെതിരെ നിയമപരമായി നീങ്ങാനാണ് തീരുമാനമെന്നും ബാലാവകാശ കമീഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്നും മാസിൻ മുഹമ്മദിന്റെ പിതാവ് പറഞ്ഞു.
ക്ലാസ് സമയത്ത് വിദ്യാർഥി അച്ചടക്കമില്ലാതെ പെരുമാറിയത് കാരണമാണ് അച്ചടക്ക ഡ്യൂട്ടിയിലുള്ള അധ്യാപകൻ അടുത്ത് വിളിച്ച് കൈകൊണ്ട് അടിച്ചതെന്നും ഡോക്ടറുടെ പരിശോധനയിലും എക്‌സ്‌റേ നടത്തിയപ്പോഴും ഒന്നും കണ്ടിരുന്നില്ലെന്നും പിന്നീട് വീട്ടിലേക്ക് എത്തിക്കുകയായിരുന്നെന്നും, ആ സമയത്ത് കുട്ടിക്ക് കൈയിൽ കെട്ടോ മറ്റോ ഉണ്ടായിരുന്നില്ലെന്നുമാണ് സ്‌കൂൾ അധ്യാപകരിലൊരാളുടെ വിശദീകരണം.
സംഭവം കഴിഞ്ഞദിവസമാണ് സ്കൂൾ അധികൃതർ പി.ടി.എ കമ്മിറ്റിയെ അറിയിച്ചതെന്നും വിദ്യാർഥിയെ വീട്ടിലെത്തി സന്ദർശിച്ചതായും സ്കൂൾ പി.ടി.എ പ്രസിഡന്റ് എസ്.എ. നാസർ പറഞ്ഞു. ബാലാവകാശ നിയമം, ഐ.പി.സി 341, 323 വകുപ്പുകൾ പ്രകാരമാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.