സ്വകാര്യ ആശുപത്രിയിൽ യുവതിയെ മർദിച്ചതായി പരാതി
text_fieldsകരുനാഗപ്പള്ളി: വിഷാദ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ജീവനക്കാർ ക്രൂരമായി മർദിച്ചതായി പരാതി. നൂറനാട് കെ.സി.എം ആശുപത്രിക്കെതിരെയാണ് കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശിയായ 39കാരി പരാതി നൽകിയത്. മൂന്നാഴ്ച മുമ്പ് യുവതിയുടെ മാതാവിന് അപകടത്തിൽ പരിക്കേറ്റിരുന്നു.
ഇതോടെ, പരിചരിക്കാൻ വീട്ടിൽ ആളില്ലാതായതോടെ ഇക്കഴിഞ്ഞ 17ന് ആശുപത്രിയിലേക്ക് മാറ്റി. കൂട്ടിരിപ്പുകാരെ നിർത്താനാകാഞ്ഞതുകൊണ്ട് അധികമായി 20000 രൂപ നൽകിയതായും വീട്ടുകാർ പറയുന്നു. 10 ദിവസം കഴിഞ്ഞെത്തിയാൽ മതിയെന്ന് ഡോക്ടർ നിർദേശിച്ചതിനാൽ 27 നാണ് ബന്ധുക്കൾ ആശുപത്രിയിലെത്തിയത്.
യുവതിയെ കാണാൻ ഡോക്ടർ അനുവാദം നൽകിയെങ്കിലും ജീവനക്കാർ എതിർത്തു. ഇതിൽ സംശയം തോന്നിയ ബന്ധുക്കൾ ബഹളം കൂട്ടിയതിനെ തുടർന്ന് കാണാൻ അനുവദിച്ചു. അപ്പോഴാണ് മർദനവിവരം അറിയുന്നത്. യുവതിയുടെ ദേഹമാസകലം ചതഞ്ഞ പാടുകളുണ്ട്. ആശുപത്രിയിലെ പുരുഷ ജീവനക്കാർ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ അഞ്ചു തവണ കെട്ടിയിട്ട് വടി ഉപയോഗിച്ചും കൈ കൊണ്ടും മൃഗീയമായി ഉപദ്രവിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. സ്പൂൺ ബലമായി വായിൽ തിരുകിക്കയറ്റുകയും നിലത്ത് വലിച്ചിഴക്കുകയും ചെയ്തതായും പരാതിയുണ്ട്. ഭക്ഷണം നിരസിച്ചപ്പോഴുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവതിയും ആശുപത്രിയിലെ നഴ്സും തമ്മിൽ ഉന്തും തള്ളും മാത്രമാണുണ്ടായതെന്നും ആരും യുവതിയെ മർദിച്ചില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ, യുവതിയുടെ തോളിലും പുറത്തും അടിയേറ്റ് പൊട്ടിയ നിരവധി അടയാളങ്ങളുണ്ട്.
യുവതിക്ക് സ്വയം മർദിക്കുന്ന ശീലമുണ്ടെന്നാണ് ഇതിനെക്കുറിച്ച് ആശുപത്രി അധികൃതർ പറയുന്നത്. വർഷങ്ങളായി വിഷാദരോഗത്തിന് ചികിത്സ നടത്തിവരുന്ന ഇവർ നാളിതുവരെ അക്രമാസക്തയായിട്ടില്ലെന്നാണ് ബന്ധുക്കളുടെ പക്ഷം. വിഷാദരോഗം മൂലം ഭക്ഷണം കഴിക്കാതെ ഇരിക്കുക, അനങ്ങാതിരിക്കുക എന്നിങ്ങനെയാണ് യുവതി പ്രകടിപ്പിച്ചിരുന്നത്. ബന്ധുക്കൾ യുവതിയെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കരുനാഗപ്പള്ളി പൊലീസ്, മനുഷ്യാവകാശ കമീഷൻ, വനിതാ കമീഷൻ, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് ബന്ധുക്കൾ പരാതി നൽകി. കരുനാഗപ്പള്ളി പൊലീസ് നൂറനാട് പൊലീസിന് കേസ് റഫർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.