മന്ത്രവാദം നടത്തിയ യുവതി ലക്ഷങ്ങളുടെ സ്വർണം കവർന്നതായി പരാതി
text_fieldsനേമം: കുടുംബത്തിലെ മരണങ്ങൾക്ക് പരിഹാരം കാണാനെന്ന പേരിൽ ദുർമന്ത്രവാദം നടത്തിയ യുവതി ലക്ഷങ്ങളുടെ സ്വർണം കവർന്നതായി പരാതി. വെള്ളായണി സ്വദേശി വിശ്വംഭരന്റെയും മക്കളുടെയും 55 പവൻ സ്വർണം കളിയിക്കാവിള സ്വദേശിനി വിദ്യ ദുര്‍മന്ത്രവാദം നടത്തി കവർന്നെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേമം പൊലീസ് അന്വേഷണമാരംഭിച്ചു.
വീട്ടിലുണ്ടായ മരണങ്ങളാണ് വിശ്വംഭരനെയും മക്കളെയും ദുര്‍മന്ത്രവാദിയുടെ അരികിലെത്തിച്ചത്. അടിക്കടി അഞ്ചുമരണങ്ങള്‍ ഉണ്ടായപ്പോഴാണ് വിശ്വംഭരനും മക്കളും തെറ്റിയോട് ദേവിയെന്ന് വിളിപ്പേരുള്ള കളിയിക്കാവിളയിലെ ആള്‍ദൈവത്തിന് മുന്നിലെത്തിയത്. ആള്‍ദൈവമായ വിദ്യയും നാലംഗസംഘവും കഴിഞ്ഞവര്‍ഷം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി. പകലും രാത്രിയിലും പൂജകള്‍ നടത്തി. സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ െവച്ച് പൂട്ടി. മന്ത്രവാദിയല്ലാതെ ആരും തുറക്കരുതെന്നും വിലക്കി. തുറന്നാല്‍ കരിനാഗം കടിക്കുമെന്ന് വീട്ടുകാരെ ഭയപ്പെടുത്തി.
ഇടക്ക് വിദ്യ എത്തി അലമാര തുറന്ന് പൂജ നടത്തി മടങ്ങുകയായിരുന്നു പതിവെന്ന് പരാതിയിൽ പറയുന്നു. ബന്ധുവിന്റെ കല്യാണ ആവശ്യത്തിന് സ്വര്‍ണം ആവശ്യമായി വന്നപ്പോഴാണ് കള്ളക്കളികള്‍ പുറത്തായത്.
അലമാര തുറന്ന് സ്വര്‍ണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ശാപം കഴിഞ്ഞില്ല പൂജ തുടരണമെന്നായിരുന്നു മന്ത്രവാദിനിയുടെ നിർദേശം. ഒടുവിൽ വീട്ടുകാർ ബലംപ്രയോഗിച്ച് അലമാര തുറന്നപ്പോഴാണ് സ്വർണവും പണവും നഷ്ടമായത് അറിഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.