ഗ്രീന്‍ഫീല്‍ഡ് ഹൈവേ നഷ്ടപരിഹാരത്തിലെ ആശങ്ക: ആക്ഷന്‍ കമ്മിറ്റി സമരത്തിന്
text_fieldsഅലനല്ലൂര്‍: നിര്‍ദിഷ്ട പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ വീടും കെട്ടിടങ്ങളും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ ഏഴിന് പാലക്കാട് കലക്ടേറ്റിന് മുന്നില്‍ ധര്‍ണ നടത്താന്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ എടത്തനാട്ടുകര ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ചൊവ്വാഴ്ച എടത്തനാട്ടുകരയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും നാഷനല്‍ ഹൈവേ ഉദ്യോഗസ്ഥരുടേയും യോഗത്തിലും ചര്‍ച്ചയിലും നഷ്ടപരിഹാരത്തെക്കുറിച്ച് കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്.
നഷ്ടപരിഹാരം ലഭ്യമാകുന്ന രീതികളെക്കുറിച്ച് വിശദീകരിച്ച ഉദ്യോഗസ്ഥര്‍ നഷ്ടപ്പെടുന്ന വീട്, കെട്ടിടം, ഭൂമി, മറ്റു വസ്തുക്കള്‍ എന്നിവക്ക് എത്ര നഷ്ടപരിഹാരം ലഭിക്കുമെന്ന് വ്യക്തമാക്കിയില്ല. ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നല്കിയ വിശദാംശങ്ങളില്‍ പാതയുടെ ഇരകള്‍ തൃപ്തരല്ല. അലനല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ മുണ്ടക്കുന്ന് മുതല്‍ എടപ്പറ്റ പഞ്ചായത്ത് അതിര്‍ത്തി വരെയാണ് പാത കടന്നുപോകുന്നത്. എടത്തനാട്ടുകര ടൗണ്‍ ഭാഗം വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നൂറിനടുത്ത് വീടുകളും 120ഓളം സ്ഥലങ്ങളും പാത വരുമ്പോള്‍ നഷ്ടമാകും. ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളില്‍ സര്‍വേ കല്ലിടല്‍ നടത്തിയിട്ടുണ്ടെങ്കിലും സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകുന്ന തീയതി, സ്ഥലത്തിനും കെട്ടിടത്തിനും എത്ര നഷ്ടം ലഭിക്കും എന്നിവയിൽ വ്യക്തതയില്ലാത്തത് ജനങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. വീടും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും ഭൂമിയും നഷ്ടമാകുന്നവര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ എടത്തനാട്ടുകര ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. സ്ഥലം നഷ്ടമാകുന്ന പ്രദേശത്തെ മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി തുക നഷ്ടപരിഹാരം നല്‍കണം. കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പുവരുത്തണം. അലൈന്‍മെന്റിലെ അപാകത പരിഹരിക്കണം. ഭൂമി നഷ്ടപ്പെടുന്നവരുടെ ബാക്കി ഭൂമിയില്‍ കെട്ടിട അനുമതിക്കുള്ള നിയമ തടസ്സങ്ങള്‍ ഒഴിവാക്കണം. കാര്‍ഷിക വിളകള്‍ക്ക് ആയുസ്സ് കണക്കാക്കി അക്കാലം വരെയുള്ള വിളവിനുള്ള നഷ്ടപരിഹാരം നല്‍കണം. ഭവന നിര്‍മാണത്തിന് തണ്ണീര്‍ത്തട നിയമങ്ങളില്‍ ഇളവു വരു
ത്തണം. മലപ്പുറം, പാലക്കാട് ജില്ല അതിര്‍ത്തി ആയതിനാല്‍ നഷ്ടപരിഹാരത്തിന് മാനദണ്ഡമായി ജില്ല, വില്ലേജ് അടിസ്ഥാനം ഒഴിവാക്കണം. നഷ്ടപരിഹാര തുക സംബന്ധിച്ച് രേഖമൂലം ഉറപ്പുനല്‍കിയതിനു ശേഷം മാത്രമേ സര്‍വേ നടപടികള്‍ ആരംഭിക്കാവൂ എന്നും ഗ്രീന്‍ഫീല്‍ഡ് പാതക്ക് ജനം എതിരല്ലെന്നും ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.
എടത്തനാട്ടുകര സന ഓഡിറ്റോറിയത്തില്‍ നടന്ന യോഗം അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് അലി മഠത്തൊടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ജോസഫ് സ്റ്റീഫന്‍ റോബിന്, പ്രോജക്ട് ഡയറക്ടര്‍ വിപിന്‍ മധു, ലെയ്സണ്‍ ഓഫിസര്‍മാരായ ശശികുമാര്‍, അബ്ദുൽ റഷീദ് എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഷാജഹാന് കാപ്പില്‍ സ്വാഗതവും ട്രഷറര്‍ പി. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.