ബാറിൽ സംഘർഷം; യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ചു
text_fieldsറാന്നി: ബാറിലെ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ചു. കേസിൽ രണ്ട് യുവാക്കളെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി കരികുളം മുക്കാലുമൺ തുണ്ടിയിൽ വീട്ടിൽ വിശാഖിനാണ് (32) ആക്രമണത്തിൽ പരിക്കേറ്റത്.
വടശ്ശേരിക്കര ചെറുകുളഞ്ഞി മധുരംകോട് വീട്ടിൽ വിഷ്ണുകുമാർ (30), പഴവങ്ങാടി ഐത്തല താഴത്തേതിൽ വീട്ടിൽ ജേക്കബ് തോമസ് (31) എന്നിവരാണ് അറസ്റ്റിലായത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സ്ഥലത്തെത്തിയ റാന്നി പൊലീസ് വിശാഖിനെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ ചുണ്ട് തുന്നിച്ചേർത്തു.
ഇട്ടിയപ്പാറയിലെ റാന്നി ഗേറ്റ് ബാറിലാണ് സംഘർഷത്തെത്തുടർന്ന് യുവാവിന് മാരകമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം. സുഹൃത്ത് രോഹനൊപ്പം മദ്യപിക്കാൻ എത്തിയതാണ് വിശാഖ്. ഇവിടെ മദ്യപിച്ചുകൊണ്ടിരുന്ന വിഷ്ണുവും ജേക്കബും ചേർന്ന് വിശാഖിനെ ആക്രമിച്ചു.
ഭിത്തിയോട് ചേർത്തുവെച്ച് ഒന്നാം പ്രതി വിഷ്ണു വിശാഖിന്റെ ചുണ്ട് കടിച്ചുപറിക്കുകയായിരുന്നു. വായുടെ വലതുവശം മുറിഞ്ഞുപോയി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിശാഖിന്റെ മൊഴി രേഖപ്പെടുത്തി റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ ബാറിന് സമീപത്തുനിന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. രണ്ടാം പ്രതി സഞ്ചരിച്ച മോട്ടോർ സൈക്കിൾ, അടിക്കാനുപയോഗിച്ച മുളവടി എന്നിവ പോലീസ് പിടിച്ചെടുത്തു. പ്രതികൾ റാന്നി പോലീസ് സ്റ്റേഷനിലെ രണ്ടുവീതം കേസുകളിൽ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.