കെ. സുധാകരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന: സി.പി.എം നേതാവിനെതിരെ ഡി.ജി.പിക്ക് പരാതി
text_fieldsതിരുനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസിനെതിരെ പരാതി. സി.വി വര്‍ഗീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജിപി.ക്കാണ് പരാതി നൽകിയത്.
കെ.പി.സി.സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റ് ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്താണ് പരാതിക്കാരൻ. സി.പി.എം ജില്ല സെക്രട്ടറിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും ഷിഹാബുദ്ദീന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
കെ. സുധാകരനെതിരെ കൊലവിളി പ്രസംഗവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ് ആണ് രംഗത്തെത്തിയത്. സുധാകരന്‍റെ ജീവിതം സി.പി.എം നൽകുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ടജീവിയെ കൊല്ലാൻ താൽപര്യമില്ലെന്നുമാണ് ചെറുതോണിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സി.പി.എം ജില്ല സെക്രട്ടറി പറഞ്ഞത്.
സി.പി.എമ്മിന്‍റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണം. പ്രിയപ്പെട്ട കോൺഗ്രസ് നേതാവ് പറയുന്നത് കണ്ണൂരിലേതാണ്ട് നടത്തി എന്നാണ്. ഇടുക്കിയിലെ കോൺഗ്രസുകാരാ നിങ്ങൾ കരുതിക്കോ. സുധാകരൻ എന്നാ ഭിക്ഷാംദേഹിക്ക് ഞങ്ങൾ സി.പി.എം കൊടുക്കുന്ന ധാനമാണ്, ഭിക്ഷയാണ് സുധാകരന്‍റെ ജീവിതം. ഒരു നികൃഷ്ടജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. ഇത്രയും നാറിയ നിലപാട് സ്വീകരിക്കാൻ പാടുണ്ടോ എന്നും സി.വി വർഗീസ് ചൂണ്ടിക്കാട്ടുന്നു.
ഇന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച സി.വി വർഗീസും എം.എം മണിയും സുധാകരനെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്. ചെറുതോണിയിൽ നടത്തിയ പ്രസംഗം സുധാകരനുള്ള മറുപടിയെന്നാണ് സി.വി വർഗീസ് പ്രതികരിച്ചത്. കൊല്ലപ്പെട്ട എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിന്‍റെ ചോര ഉണങ്ങും മുമ്പ് സുധാകരൻ പ്രകോപനപരമായി സംസാരിച്ചെന്നും സി.വി വർഗീസ് ചൂണ്ടിക്കാട്ടി.
സി.പി.എം ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗത്തെ പിന്തുണച്ച എം.എം. മണി കെ. സുധാകരന് മുന്നറിയിപ്പ് നൽകുന്ന പ്രതികരണമാണ് നടത്തിയത്. ധീരജ് വധക്കേസിലെ പ്രതികളെ ദൈവം വിചാരിച്ചാലും രക്ഷിക്കാൻ കഴിയില്ലെന്ന് മണി പറഞ്ഞു.
കേസ് നിയമപരമായി കൈകാര്യം ചെയ്യും. പ്രതികൾ ജയിലിൽ കിടക്കും. അതിന് കഴിഞ്ഞില്ലെങ്കിൽ തങ്ങൾ എന്ത് ചെയ്യുമെന്ന് കെ. സുധാകരന് അറിയാം. കണ്ണൂരിൽ നിന്നല്ലേ സുധാകരന് വരുന്നതെന്നും എം.എം മണി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.