സഹകരണ ബാങ്ക് ക്രമക്കേട്: 66.8 കോടിയെന്ന് വിജിലൻസ്
text_fieldsമാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ സാമ്പത്തിക ക്രമക്കേട് കൃത്യമായി കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി സഹകരണ വിജിലൻസ് റിപ്പോർട്ട്. ശാഖയിലെ ക്രമക്കേടിൽ 66.86 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ 34.81 കോടി രൂപയുടെ ക്രമക്കേടാണ് 66.86 കോടിയായത്. സഹകരണ വകുപ്പ് ദക്ഷിണ മേഖല ഡിവൈ.എസ്.പി ആയിരുന്ന എ.സി. ജോസഫ് അന്വേഷിച്ച് 2017 ആഗസ്റ്റ് എട്ടിന് സമർപ്പിച്ച റിപ്പോർട്ടിലാണ് സഹകരണ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ പങ്ക് രേഖപ്പെടുത്തിയതിനൊപ്പം തട്ടിപ്പ് തുക 66.86 കോടി രൂപയാണെന്ന് വ്യക്തമാക്കുന്നത്. അഞ്ച് വർഷം കഴിഞ്ഞിട്ടും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ട് ബാങ്കിെൻറ മുൻ പ്രസിഡന്റ് കുര്യൻ പള്ളത്ത് വിവരാവകാശ നിയമപ്രകാരം നടത്തിയ പോരാട്ടത്തിലൂടെയാണ് വെളിച്ചത്തുവന്നത്. റിപ്പോർട്ട് വിവരാവകാശ രേഖയായി മാറിയിട്ടും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് ഉദ്യോഗസ്ഥർ കുടുങ്ങുമെന്ന് ആശങ്ക ഉള്ളതിനാലാണെന്ന് ആക്ഷേപമുണ്ട്.
വിജിലൻസ് റിപ്പോർട്ടിൽ തഴക്കര ശാഖ മുൻ മാനേജർ ജ്യോതി മധു, മുൻ ക്ലർക്കുമാരായ കുട്ടിസീമശിവ, ബിന്ദു ജി. നായർ, മുൻ പ്രസിഡന്റ് പരേതനായ വി. പ്രഭാകരൻപിള്ള, സോഫ്റ്റ്വെയർ നൽകിയ ബി.കെ. പ്രസാദ്, കമ്പ്യൂട്ടർ വിദഗ്ധൻ ആർ. മനോജ്, ബാങ്കിെൻറ മുൻ സെക്രട്ടറി അന്നമ്മ മാത്യു, വെട്ടിയാർ ശാഖ മാനേജർ അനിത ഉണ്ണിത്താൻ, സഹകരണ വകുപ്പ് മുൻ ഉദ്യോഗസ്ഥരായ ശിവരാജൻ നായർ, കെ.ജി. മാത്യൂസ്, പി.കെ. വിജയകുമാരി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. സാക്ഷികളായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന 72 പേരിൽ 20 പേരും പ്രതിപ്പട്ടികയിലുള്ള 11 പേരിൽ മൂന്നു പേരും സഹകരണ വകുപ്പുമായി ബന്ധമുള്ളവരാണ്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മൂന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ അന്വേഷണം നടത്തണമെന്ന് റിപ്പോർട്ടിൽ ശിപാർശയുണ്ട്.
താലൂക്ക് സഹകരണ ബാങ്കിെൻറ 2010-11 സാമ്പത്തിക വർഷം മുതലുള്ള കണക്കുകൾ വിശദമായി ഓഡിറ്റ് ചെയ്യണം, ബാങ്ക് ജീവനക്കാരുടെ ബാങ്കിലെ അംഗത്വവും ഇടപാടുകളും അവസാനിപ്പിക്കണം തുടങ്ങി 23 ശിപാർശകളോടെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.