പ്രവേശനോത്സവത്തിൽ പങ്കെടുക്കാനായില്ല; ആദിവാസി വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങി
text_fieldsഎടവണ്ണ: പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ കഴിയാതെ ആദിവാസി വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങി. എടവണ്ണ ഗ്രാമപഞ്ചായത്തിലെ കിഴക്കേ ചാത്തല്ലൂരിലെ ചോലാർ മല ബദൽ സ്കൂളിലെ വിദ്യാർഥികളാണ് സ്കൂൾ തുറക്കാത്തതിനെത്തുടർന്ന് വീടുകളിലേക്കുതന്നെ മടങ്ങിയത്. സംസ്ഥാനത്ത് നിലവിൽ പ്രവർത്തിച്ചുവരുന്ന ബദൽ സ്കൂളിലെ അധ്യാപകരെ സ്ഥിരപ്പെടുത്തി മറ്റു ജോലികളിലേക്ക് നിയമിക്കാൻ സർക്കാർ ഉത്തരവ് വന്നതോടെയാണ് എടവണ്ണ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്നു മൂന്ന് ബദൽ സ്കൂളുകൾക്ക് പൂട്ട് വീണത്. ഇക്കാര്യം ചൊവ്വാഴ്ച രക്ഷിതാക്കളെ അറിയിച്ചിരുന്നെങ്കിലും സ്കൂൾ അടക്കില്ല എന്ന പ്രതീക്ഷയോടെ രക്ഷിതാക്കൾ വിദ്യാർഥികളെ സ്കൂളിലേക്ക് അയക്കുകയായിരുന്നു.
ചോലാർ മല ബദൽ സ്കൂളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലായി 15 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇവരുടെ പ്രധാന വിദ്യാഭ്യാസ ആശ്രയമായ ഈ സ്കൂൾ അടച്ചതോടെ വിദ്യാർഥികളുടെ തുടർപഠനം ആശങ്കയിലാണെന്ന് രക്ഷിതാക്കൾ പറയുന്നു. അടുത്തുള്ള സ്കൂളിലെത്താൻ കുട്ടികൾക്ക് അഞ്ച് കിലോമീറ്ററോളം യാത്ര ആവശ്യമാണ്. ഇതിൽ രണ്ടുകിലോമീറ്ററോളം റോഡിന്റെ ശോച്യാവസ്ഥ കാരണം ദുരിതയാത്രയുമാണ്.
മഴക്കാലത്ത് കുട്ടികൾക്ക് സ്കൂളിലെത്തി മടങ്ങാൻ കഴിയില്ല എന്നാണ് കോളനിക്കാരുടെ പരാതി. 1997ൽ ആരംഭിച്ചതാണ് ഈ സ്കൂൾ. ഒന്നുമുതൽ നാലുവരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. എഴുപതോളം കുടുംബങ്ങളാണ് ഈ കോളനിയിൽ താമസിക്കുന്നത്. സ്കൂൾ ഇവിടെ തന്നെ നിലനിർത്തണമെന്നാണ് കോളനി നിവാസികൾ പറയുന്നത്. സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് കോളനിയിലേക്കുള്ള റോഡ് പ്രവൃത്തി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഉത്തരവിൽ പൂട്ടുവീണ പഞ്ചായത്തിലെ തന്നെ 130 വിദ്യാർഥികൾ പഠനം നടത്തുന്ന തൂവക്കാട് ബദൽ സ്കൂൾ കോടതി ഉത്തരവിലൂടെ ബുധനാഴ്ച പ്രവേശനോത്സവം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.