വെട്ടുകേസ്: പൊലീസ് ഒഴിവാക്കിയ പ്രതികളോട് വിചാരണ നേരിടാൻ കോടതി
text_fieldsതിരുവനന്തപുരം: ആനാട് പുത്തൻപാലം കള്ളുഷാപ്പിലെ സെയിൽസ്മാനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ കുറ്റപത്രത്തിൽനിന്ന് പൊലീസ് ഒഴിവാക്കിയ പ്രതികളോട് വിചാരണ നേരിടാൻ കോടതിയുടെ ഉത്തരവ്. ആനാട് തടത്തരികത്ത് വീട്ടിൽ നെട്ടറക്കോണം ഷിബു, ആര്യനാട് കോട്ടക്കകം റോഡരികത്ത് വീട്ടിൽ ആര്യനാട് അജയൻ എന്നിവരെയാണ് പ്രതിസ്ഥാനത്ത് ചേർത്ത് വിചാരണ നേരിടാൻ കോടതി ഉത്തരവിട്ടത്.
2008 ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. നെടുമങ്ങാട് റേഞ്ചിലെ പുത്തൻപാലം കള്ളുഷാപ്പിലെ ജീവനക്കാരനായിരുന്ന ആനാട് സ്വദേശി ലാലു എന്ന ബാലചന്ദ്രനെ ഷാപ്പിന്റെ ബിനാമി നടത്തിപ്പുകാരായിരുന്ന നെട്ടറക്കോണം ഷിബുവിന്റേയും ആര്യനാട് അജയന്റെയും നേതൃത്വത്തിൽ എട്ടുപേർ ഷാപ്പിനകത്ത് കയറി മാരകമായി വെട്ടിപ്പരിക്കേൽപിച്ചെന്നാണ് കേസ്. ആക്രമണത്തിൽ ബാലചന്ദ്രന്റെ വലത്തേ കൈയിലെ രണ്ടു വിരലുകളും, കാൽപാദങ്ങളും പൂർണമായും വേർപെട്ടിരുന്നു.
കള്ളിൽ സ്പിരിറ്റ് കലർത്തി വിൽക്കാൻ ആവശ്യപ്പെട്ടത് എതിർത്തതാണ് വിരോധ കാരണമെന്നാണ് കേസ്. കൃത്യത്തിന് മൂന്നാം ദിവസം ആശുപത്രി കിടക്കയിൽവെച്ച് നെടുമങ്ങാട് പൊലീസ് മുമ്പാകെ ബാലചന്ദ്രൻ മൊഴി കൊടുത്തിരുന്നു. തന്നെ ആക്രമിച്ചവരുടെ പേര് വിവരങ്ങൾ പൊലീസിനോട് പറഞ്ഞിരുന്നെന്നും പ്രതികളുടെ രാഷ്ടീയ സ്വാധീനത്താൽ പൊലീസ് യഥാർഥ പ്രതികളെ ഒഴിവാക്കിയാണ് കോടതിയിൽ കുറ്റപത്രം ഹാജരാക്കിയതെന്നും ചീഫ് വിസ്താരമധ്യേ ബാലചന്ദ്രൻ ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെ. വിഷ്ണു മുമ്പാകെ മൊഴി നൽകി. പൊലീസ് ഒഴിവാക്കിയ പ്രതികളെ കൂടി ഉൾപ്പെടുത്തി വിചാരണ നടത്തണമെന്ന പ്രോസിക്യൂഷൻ അപേക്ഷ അനുവദിച്ച് വിചാരണനടപടികൾ കോടതി നിർത്തിവെച്ചു. സാക്ഷി കോടതി മുമ്പാകെ പറഞ്ഞ പ്രതികളായ നെട്ടറക്കോണം ഷിബു, ആര്യനാട് അജയൻ എന്നിവരോട് നവംബർ 14 ന് കോടതി മുമ്പാകെ ഹാജരാകാൻ കോടതി സമൻസ് ഉത്തരവ് ചെയ്തു.
കരകുളം സതിഭവനിൽ കുഞ്ഞുമോൻ എന്ന ലിജേഷ്, കാഞ്ഞിരംപാറ ഇടപ്പറമ്പിൽ വീട്ടിൽ പ്രവീൺ, ഏണിക്കര ബിനുഭവനിൽ പൾസർ അനി എന്ന അനിൽകുമാർ, കരകുളം ആറ്റരികത്ത് വീട്ടിൽ വിനോദ്, കാഞ്ഞിരംപാറ വി.കെ.പി നഗറിൽ കൊച്ചപ്പി ബിനു എന്ന ബിനുകുമാർ, കാഞ്ഞിരംപാറ ശ്രീശൈലം വീട്ടിൽ ഉണ്ണി, പാറക്കുഴി റിജു എന്ന ശ്യാം എന്നിവരാണ് ഒന്നു മുതൽ ഏഴുവരെ പ്രതികൾ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.