സഹപ്രവർത്തകന്റെ കൊല: അന്തർ സംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം
text_fieldsമൂവാറ്റുപുഴ: പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സഹപ്രവർത്തകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കുന്നത്ത്നാട് പിണർമുണ്ട ചെമ്മഞ്ചേരി മൂല ഭാഗത്ത് പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മിത്ര (36)കൊല്ലപ്പെട്ട കേസിൽ പശ്ചിമ ബംഗാളുകാരൻ തന്നെയായ ഉത്പാൽ ബാലക്കാണ് (34) മൂവാറ്റുപുഴ അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി ടോമി വർഗീസ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലങ്കിൽ ഒരു വർഷം കഠിന തടവ് കൂടി അനുഭവിക്കണം. 19 സാക്ഷികളെയും 20 രേഖകളും അഞ്ച് തൊണ്ടിമുതലുകളും ഹാജരാക്കി. 2021 ജനുവരി 31ന് ഉച്ചക്ക് മൂന്നു മണിക്കായിരുന്നു കൊലപാതകം. ബിശ്വജിത് മിത്രയും ഉത്പൽ ബാലയും പശ്ചിമ ബംഗാൾ ഗായ്ഗട്ടസ്വദേശികളാണ്.
ചെമ്മഞ്ചേരി മൂല ഭാഗത്തുള്ള തൊഴിലുടമയുടെ കെട്ടിടത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഉത്പൽ ബാല ബിശ്വജിത് മിത്രയുടെ ഭാര്യയെയും വീട്ടുകാരെയും കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
മുറ്റത്തുകിടന്ന സിമൻറ് കട്ട കൊണ്ട് ഉത്പൽ ബാല ബിശ്വജിത് മിത്രയുടെ തലക്കും മുഖത്തും ഇടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് ശുചി മുറിയിലേക്ക് ബലമായി തള്ളിവീഴ്ത്തി വീണ്ടും സിമൻറ് കട്ട കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
അമ്പലമേട് പൊലീസ് ഇൻസ്പെക്ടർ ലാൽ സി. ബേബിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.