അനാശാസ്യം ചോദ്യം ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് സി.ഐ.ടി.യു പ്രവർത്തകന്റെ മർദനം
text_fieldsആലപ്പുഴ: അനാശാസ്യം ചോദ്യം ചെയ്തതിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ ഉടമയായ സി.ഐ.ടി.യു പ്രവർത്തകനും സഹായിയും ചേർന്ന് മർദിച്ചതായി പരാതി. സി.പി.എം ആലപ്പുഴ മുല്ലക്കൽ ബ്രാഞ്ച് സെക്രട്ടറിയും മുല്ലക്കൽ നന്മ റസിഡന്റ്സ് അസോസിയേഷൻ ട്രഷററുമായ സോണി ജോസഫിനാണ് (42) മർദനമേറ്റത്. നട്ടെല്ലിനും നെഞ്ചിനും പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴരയോടെ ആലപ്പുഴ അഗ്നിരക്ഷ നിലയത്തിന് സമീപമാണ് സംഭവം. വാഹനത്തിൽ എത്തിയ സോണി ജോസഫിനെ തടഞ്ഞു നിർത്തിയാണ് മർദിച്ചത്. സംഭവത്തിൽ സി.ഐ.ടി.യു ഹെഡ് ലോഡ് വർക്കേഴ്സ് യൂനിയൻ മുൻ കൺവീനറും സി.പി.എം തിരുമല ബി ബ്രാഞ്ച് കമ്മിറ്റിയംഗവുമായ തിരുമല പോഞ്ഞിക്കരയിൽ ടി.എ.സുധീർ, ഹോം സ്റ്റേ നടത്തിപ്പ് പങ്കാളി സുനിൽ എന്നിവരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.
ഹോംസ്റ്റേ കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായി നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. അന്ന് വാർഡ് കൗൺസിലറും റസിഡന്‍റ്സ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് ഹോംസ്റ്റേ പൂട്ടിച്ചു. തുടർന്ന് ഇപ്പോഴത്തെ ഉടമ ഹോം സ്റ്റേ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അസോസിയേഷൻ ഭാരവാഹികൾ നടത്തിപ്പുകാരനെ നേരിൽ കണ്ട് അനാശാസ്യ പ്രവർത്തങ്ങൾ പാടില്ലെന്ന് താക്കീത് ചെയ്തിരുന്നു. ഇതാണ് മർദന കാരണമെന്നാണ് സൂചന.
സുധീറിനെയും സുനിലിനെയും സി.ഐ.ടി.യു സസ്പെൻഡ്ചെയ്തു
ആലപ്പുഴ: സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഹെഡ് ലോഡ് ആൻറ് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ആലപ്പുഴ ബസ്റ്റാൻഡ് യൂനിറ്റിലെ തൊഴിലാളികളായ ടി.എ. സുധീർ, സുനിൽ എന്നിവരെ സസ്പെൻഡ് ചെയ്തതായി ഏരിയ സെക്രട്ടറി എസ്. രമേശൻ അറിയിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെ മർദിച്ചസംഭവത്തിൽ തിരുമല ബി ബ്രാഞ്ചിലെ അംഗം സുധീറിനെ പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.