ഐ.എൻ.ടി.യു.സി നേതാവ് കൊല്ലപ്പെട്ട കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ
text_fieldsകൊല്ലം: ഐ.എൻ.ടി.യു.സി നേതാവ് അഞ്ചൽ നെട്ടയം രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ പത്തടി സ്വദേശിയായ പത്മലോചനൻ (52) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിലെ വട്ടമരത്തിൽ തൂങ്ങി നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സി.പി.എം അഞ്ചൽ ഏരിയ കമ്മിറ്റിയംഗവും കർഷക സംഘം അഞ്ചൽ ഏരിയ സെക്രട്ടറിയുമാണ് പത്മലോചനൻ. കേസിന്‍റെ വിചാരണ പുരോഗമിക്കുന്ന വേളയിലാണ് പ്രതി തൂങ്ങി മരിച്ചത്. പത്മലോചനന് തിരുവനന്തപുരം സി.ബി.ഐ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
2010 ഏപ്രിൽ 10നാണ് ഏരൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റും ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്‍റുമായിരുന്ന രാമഭദ്രൻ കൊല്ലപ്പെടുന്നത്. രാത്രി വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന രാമഭദ്രനെ ഭാര്യയുടെയും മക്കളുടെയും കൺമുന്നിലിൽ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കൊലക്കേസ് വിവാദങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറി. സി.പിഎം നേതാക്കളെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കൊലക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാമഭദ്രന്‍റെ ഭാര്യ വി.എസ് ബിന്ദു ഹൈകോടതിയെ സമീപിച്ചു.
ഹരജി പരിഗണിച്ച ജസ്റ്റിസ് കെമാൽ പാഷ സി.ബി.ഐക്ക് അന്വേഷണം കൈമാറാൻ ഉത്തരവിട്ടു. തുടർന്ന് നടന്ന അന്വേഷണമാണ് സി.പി.എമ്മിലെ കൊല്ലം ജില്ലയിലെ പ്രബല നേതാക്കളുടെ അറസ്റ്റിൽ കലാശിച്ചത്. കേസിൽ അറസ്റ്റിലായ 21 സി.പി.എം നേതാക്കൾ നിലവിൽ ജാമ്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.