സ്ത്രീ സുഹൃത്തുക്കളെ പരസ്പരം കൈമാറി ചൂഷണം ചെയ്യുന്ന സംഘം ബംഗളൂരുവിൽ പിടിയിൽ
text_fieldsബംഗളൂരു: ബംഗളൂരുവിൽ 'ഗേൾഫ്രണ്ട് സ്വാപ്പിങ് റാക്കറ്റ്' സംഘാംഗങ്ങളായ രണ്ടുപേർ സെൻട്രൽ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിൽ. ഹരീഷ്, ഹേമന്ത് എന്നിവരാണ് പിടിയിലായത്. വേഷം മാറിയെത്തി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.
ആൺ-പെൺ സുഹൃത്തുക്കളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുക. 'സ്വിങ്ങേഴ്സ്' എന്നിവരാണ് സംഘാംഗങ്ങൾ അറിയപ്പെട്ടിരുന്നത്. ഇവരുടെ വലയിലകപ്പെടുന്ന ആളുകളെ പങ്കാളികളെ പങ്കുവെക്കാൻ പലതരത്തിൽ നിർബന്ധിക്കുകയായിരുന്നു. പിന്നീട് സ്ത്രീകളെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയിൽ ചെയ്തും ലൈംഗികചൂഷണം തുടരും.
സംഘത്തിലകപ്പെട്ട ഒരു യുവതി സെൻട്രൽ ക്രൈം ബ്രാഞ്ചിന് പരാതി നൽകുകയായിരുന്നു. സൗഹൃദം സ്ഥാപിച്ചാണ് പ്രതികൾ യുവതിയെ വലയിലാക്കിയത്. തുടർന്ന് പ്രതികളും ഇവരുടെ സുഹൃത്തുക്കളും യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു. ഇത് എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്.
റാക്കറ്റിൽ പെട്ട കൂടുതൽ ആളുകൾക്കായി അന്വേഷണം നടക്കുകയാണെന്നും സമാനമായ മറ്റ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്തുമെന്നും ക്രൈം ബ്രാഞ്ച് അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായവർ അറിയിക്കണമെന്നും സെൻട്രൽ ക്രൈംബ്രാഞ്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.