ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം നാടകമെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തൽ
text_fieldsതിരുവനന്തപുരം: ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം നാടകമെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. നേരിയ അളവിൽ മാത്രമാണ് അണുനാശിനി കുടിച്ചത്. ഇത് അന്വേഷണസംഘത്തെ ഭയപ്പെടുത്താനും തെളിവെടുപ്പിൽനിന്നും തുടർന്നുള്ള ചോദ്യം ചെയ്യലിൽനിന്നും രക്ഷപ്പെടാൻ വേണ്ടിയുമായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഉച്ചയോടെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഗ്രീഷ്മയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിനെ തുടർന്നാണ് കാമുകനായ ഷാരോൺ രാജിനെ (23) ഈ മാസം 14ന് കാരക്കോണം രാമവർമൻചിറയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കഷായത്തിൽ അണുനാശിനി കലർത്തി നൽകിയത്. കരളും വൃക്കയും തകരാറിലായ ഷാരോൺ ഈ മാസം 25ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകം പുറത്തുവന്നത്.
ഡ്യൂട്ടി മാറിയ പൊലീസുകാർ ശൗചാലയം പരിശോധിച്ചില്ല
അറസ്റ്റ് നടപടികൾക്കു ശേഷം തിങ്കളാഴ്ച പുലർച്ച 1.20 ഓടെയാണ് നെടുമങ്ങാട് ഡിവൈ.എസ്.പി ഓഫിസിലേക്ക് ഗ്രീഷ്മയെ പൊലീസ് എത്തിച്ചത്. എസ്.പി ഓഫിസിൽ ഗ്രീഷ്മയുടെ മാതാവിനെയും അമ്മാവനെയും ചോദ്യം ചെയ്യേണ്ടതിനാലാണ് ആരുമറിയാതെ പുലർച്ചയോടെ നെടുമങ്ങാട് സ്റ്റേഷനിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. ഇവരുടെ സുരക്ഷക്കായി വനിത എസ്.ഐ അടക്കം നാല് പൊലീസുകാരെയും റൂറൽ എസ്.പി ശിൽപ ചുമതലപ്പെടുത്തിയിരുന്നു. ഗ്രീഷ്മക്കായി സ്റ്റേഷനകത്തെ ശൗചാലയമായിരുന്നു ഒരുക്കിയിരുന്നത്. അതിനാൽ ഇവിടെയുണ്ടായിരുന്നു ശൗചാലയം വൃത്തിയാക്കുന്ന വസ്തുക്കൾ അടക്കമുള്ളവ പൊലീസുകാർ എടുത്തുമാറ്റിയിരുന്നു. എട്ടോടെ ഇവർ ഡ്യൂട്ടി മാറി.
എട്ടരയോടെ പുതുതായി എത്തിയ പൊലീസുകാരോട് ശൗചാലയത്തിൽ പോകണമെന്ന് ഗ്രീഷ്മ അറിയിച്ചു. എന്നാൽ, ഇവർ സ്റ്റേഷന് പുറത്തെ ശൗചാലയത്തിലേക്കാണ് കൊണ്ടുപോയത്. ഈ ശൗചാലയം ഇരുവരും പരിശോധിച്ചില്ല. അകത്ത് കയറിയ ഗ്രീഷ്മ അവിടെയുണ്ടായിരുന്ന 'ലൈസോൾ' കുടിക്കുകയായിരുന്നു. പുറത്തിറങ്ങിയ ഉടനെ ഛർദിച്ചെങ്കിലും വനിത പൊലീസുകാർ കാര്യമാക്കിയില്ല. തുടർന്ന് സ്റ്റേഷനുള്ളിൽ എത്തിച്ചപ്പോൾ വീണ്ടും ഛർദിച്ചു. ഇതോടെയാണ് സംഭവം പന്തിയല്ലെന്ന് പൊലീസുകാർക്ക് തോന്നിയത്. പിന്നാലെ കാര്യമന്വേഷിച്ചപ്പോഴാണ് അണുനാശിനി കുടിച്ചെന്ന വിവരം ഗ്രീഷ്മ പറയുന്നത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.