ട്രെയിൻതട്ടി യുവാവിന്റെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്
text_fieldsആലപ്പുഴ: ട്രെയിൻതട്ടി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് നിഗമനം. യുവാവ് ട്രെയിനു മുന്നിൽ ചാടി മരിച്ചത് ആക്രമണഭീതിയും ആത്മഹത്യ പ്രവണതയുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. പുന്നപ്ര പുതുവൽ ബൈജുവിന്റെ മകൻ ശ്രീരാജാണ് (നന്ദു-20) കഴിഞ്ഞ ദിവസം വണ്ടാനം ശിശുവിഹാറിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടത്.
സുഹൃത്തുക്കളുമായി അടിപിടി ഉണ്ടായതിനുശേഷം കാണാതായ ശ്രീരാജിനെ തേടി ചിലർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ഈ വിവരം അറിഞ്ഞ ശ്രീരാജ് ആക്രമിക്കപ്പെടുമെന്ന ഭീതിയിലാകാം ആത്മഹത്യചെയ്തതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതിനുമുമ്പ് രണ്ടുതവണ ശ്രീരാജ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആ പ്രവണതയും ശ്രീരാജിനെ ആത്മഹത്യയിലേക്ക് എത്തിച്ചതാകാമെന്നാണ് നിഗമനം.
അടിപിടി ഉണ്ടായതിനുശേഷം ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിന്തുടർന്നതാണ് ശ്രീരാജ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. ഇത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടില്ല. ആരോപണ വിധേയരായ യുവാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്തിലും ഇത് വ്യക്തമായി.
എന്നാൽ, അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വ്യക്തമാക്കുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 14നാണ് ശ്രീരാജിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. സംഭവദിവസം സുഹൃത്തുക്കളുമായി ഉണ്ടായ തർക്കം കൈയേറ്റത്തിന് വഴിയൊരുക്കിയിരുന്നു. ഇതിനിടെ ഒരാളെ ശ്രീരാജ് മർദിക്കുകയുണ്ടായി. മറ്റുള്ളവർ ഇടപെട്ട് ശ്രീരാജിനെ പിൻതിരിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചു.
ഇതിനുശേഷം സംഘത്തിലുണ്ടായിരുന്നവരിൽ ചിലർ ശ്രീരാജിനെ അന്വേഷിച്ച് വീട്ടിൽ എത്തിയിരുന്നു. ഈ സമയത്ത് ശ്രീരാജ് വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് സഹോദരി ഫോണിൽ ബന്ധപ്പെടുന്നത്. തന്നെ രണ്ട് യുവാക്കൾ മർദിച്ചെന്നും അവർ വീണ്ടും വീട്ടിൽ തിരക്കിവരാൻ ഇടയുണ്ടെന്നുമാണ് ശ്രീരാജ് ഫോണിലൂടെ പറയുന്നത്. താൻ പുന്നപ്രയിലാണെന്നും നാളെ വീട്ടിൽ എത്താമെന്നുമായിരുന്നു ആദ്യം ശ്രീരാജ് പറഞ്ഞത്.
പിന്നീട് താന് വണ്ടാനത്തുണ്ടെന്നും പറയുന്നുണ്ട്. ഇതിനുശേഷം ശ്രീരാജിന്റെ മറുപടി ഇല്ലാതായി. തുടർന്നുള്ള അന്വേഷണത്തിലാണ് ശ്രീരാജ് ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടത്. ശ്രീരാജിന്റേത് ആത്മഹത്യയാണെന്ന് പുന്നപ്ര പൊലീസും കണ്ടെത്തിയിരുന്നു. എന്നാൽ, ബന്ധുക്കളുടെ ആരോപണം വിവാദമായതോടെ അന്വേഷണം ക്രൈംബ്രഞ്ചിന് കൈമാറുകയായിരുന്നു. ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.