ക്രൈം ഫയൽ
text_fieldsതായ് ലൻഡിലെ മനുഷ്യക്കടത്തുകാരുടെയും മ്യാൻമറിലെ സൈബർ ക്രൈം സംഘങ്ങളുടെയും പിടിയിലാകുകയും പിന്നീട് രണ്ടായിരം ഇന്ത്യക്കാരുടെ മോചനത്തിന് കാരണക്കാരാവുകയും ചെയ്ത മലയാളി യുവാക്കളുടെ ഉദ്വേഗജനകമായ ജീവിതകഥ. സ്വന്തം ജീവൻ പണയംവെച്ച് രഹസ്യമായി വിഡിയോകളെടുത്തും അവ അധികൃതരിലെത്തിച്ചും അവർ രക്ഷകരായി. പലതവണ മരണവക്കിലെത്തി, അതിക്രൂരമായ പീഡനങ്ങൾക്കു വിധേയരായി. ഒടുവിൽ നാടണഞ്ഞ ശേഷം നിയമപോരാട്ടം തുടരുന്ന ഈ യുവാക്കളിലൂടെ രക്തമുറയുന്ന അനുഭവകഥയുടെ ചുരുളഴിയുന്നു
‘എനിക്കെന്റെ ഉമ്മായെ കാണണം’ -ഓർമ തിരിച്ചെത്തിയ നിമിഷങ്ങളിലെല്ലാം സിനാജ് പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ, സിനാജ് ഇനി ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയൊന്നും കൂടെയുള്ളവർക്കുണ്ടായിരുന്നില്ല. അവരപ്പോൾ ചോളപ്പാടങ്ങൾക്ക് നടുവിലെ കൂറ്റൻ ക്യാമ്പിൽ, ഭാഷയറിയാത്ത നാട്ടിലെ സായുധരായ ഒരുകൂട്ടം ആക്രമികൾക്ക് നടുവിലായിരുന്നു. ആ പ്രദേശത്തെ കറുത്ത പുക ശ്വസിച്ച്, അലർജിമൂലം ശ്വാസതടസ്സം നേരിട്ട്, ബോധത്തിന്റെയും അബോധത്തിന്റെയും നേർത്ത വരമ്പിലൂടെ കടന്നുപോയ്കൊണ്ടിരുന്ന സിനാജിന് വിദഗ്ധ ചികിത്സ നൽകാനുള്ള സൗകര്യങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. ശരീരത്തിലെ ഓക്സിജൻ അളവ് താഴ്ന്നുപോയിരുന്നു. അഞ്ചാറ് ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ചിട്ടും അബോധത്തിന്റെ ആഴത്തിൽനിന്ന് രക്ഷപ്പെടുത്താൻ ക്ലിനിക്കിലെ നഴ്സിനും ഫാർമസിസ്റ്റിനും കഴിഞ്ഞില്ല. അവർ നിസ്സഹായതയോടെ നിന്നു.
‘രക്ഷിക്കണേ, രക്ഷിക്കണേ’ എന്നുള്ള സഹമുറിയന്റെ കരച്ചിലുകളിൽ മനസ്സലിഞ്ഞിട്ടാകണം, തോക്കേന്തിയ ഒരാൾ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടറെയും കൂട്ടിവന്നു. അദ്ദേഹത്തിന്റെ ചികിത്സകൾ നിമിത്തം അടുത്ത ദിവസം സിനാജ് രണ്ടാംജന്മത്തിലേക്കു കണ്ണുതുറന്നു.
ജീവിതപ്രാരബ്ധങ്ങൾക്ക് അറുതിവരുത്താനാണ് സിനാജ് സലീമെന്നെ ബി.ടെക്കുകാരൻ തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോകിലേക്കു വിമാനം കയറിയത്. നാട്ടിലൊരു ജോലിയുണ്ടായിരുന്നു. 17,000 രൂപ ശമ്പളംകൊണ്ട് അടുത്തൊന്നും ജീവിതം പച്ചപിടിക്കില്ലെന്ന് ഉറ്റസുഹൃത്ത് പറഞ്ഞപ്പോൾ സിനാജിനും അതുതന്നെ തോന്നി, വിദേശത്തു ജോലി നേടണം.
കോവിഡ് മഹാമാരി മൂലം 2019, 2020 വർഷങ്ങൾ മിക്കവർക്കും നഷ്ടമായിരുന്നു. 2021ൽ തൊഴിലന്വേഷകരെല്ലാം വീണ്ടും പുതിയ സ്വപ്നങ്ങളുമായി ജീവിതം പുനരാരംഭിച്ചിരുന്നു. സിനാജിന് പ്രായം 27. ഇപ്പോൾ വിദേശത്തേക്ക് പോയാൽ ഏതാനും വർഷംകൊണ്ട് കടങ്ങൾ തീർക്കാനും പുതിയ ജീവിതമാരംഭിക്കാനും കഴിയുമെന്ന് സിനാജ് കണക്കുകൂട്ടി. സുഹൃത്തിന്റെ പരിചയക്കാരനായ റിക്രൂട്ടിങ് ഏജൻസിയിലെ ഏജന്റിനെ പരിചയപ്പെട്ടത് അങ്ങനെയാണ്. ഉറ്റ ചങ്ങാതിയുടെ കൂട്ടുകാരൻ വഴി തായ്ലൻഡിൽ ഡേറ്റ എൻട്രി ജോലിക്കായി അപേക്ഷ നൽകാൻ പ്ലാൻ ചെയ്തു. പ്രതിമാസം 70,000 രൂപയാണ് തുടക്കത്തിലേ ഓഫർ.
നിലവിലെ ജോലിയുമായി താരതമ്യം ചെയ്യുമ്പോൾ നല്ല ഓഫറാണ്. ആ നാട്ടിൽനിന്നുകൊണ്ടുതന്നെ അതിനേക്കാൾ മെച്ചപ്പെട്ട ജോലി നോക്കാമെന്നും അവർ കണക്കുകൂട്ടി. നുള്ളിപ്പെറുക്കിയും സഹോദരനിൽനിന്ന് കടം വാങ്ങിയും 1.20 ലക്ഷം രൂപ ഏജൻസിയിലേക്കയച്ചു. ചെന്നൈ ആസ്ഥാനമായ ഏജൻസിയിൽനിന്ന് വിമാന ടിക്കറ്റും തായ്ലൻഡിൽ പത്തു ദിവസത്തേക്ക് ഹോട്ടൽ മുറി ബുക്ക് ചെയ്ത വിശദാംശങ്ങളും ലഭിച്ചു. തായ്ലൻഡിൽ ഇന്റർവ്യൂ ഉണ്ടാകുമെന്നും അതിൽ ജയിച്ചാൽ ജോലി ലഭിക്കുമെന്നും ഇല്ലെങ്കിൽ മടങ്ങിവരേണ്ടിവരുമെന്നും ഏജൻസി വ്യക്തമാക്കിയിരുന്നു.
ഓൺ അറൈവൽ വിസയാണ് ലഭിക്കുകയെന്നതിനാൽ ഒന്നോ രണ്ടോ ഇന്റർവ്യൂ കഴിയുമ്പോഴേക്കും ജോലി ലഭിക്കുമെന്നും അതിനാൽ മടങ്ങിപ്പോരേണ്ടി വരില്ലെന്നും അവർ ഉറപ്പു നൽകി. എന്നാൽ, ഈ ഏജൻസി മനുഷ്യക്കടത്തുകാരുടെ പ്രധാന കണ്ണിയാണെന്നും ജോലി സംബന്ധിച്ച് അവർ നൽകിയ വിവരങ്ങളെല്ലാം വ്യാജമായിരുന്നെന്നും സിനാജ് മനസ്സിലാക്കുമ്പോഴേക്കും അക്രമികളുടെ കൈയിൽ അകപ്പെട്ടിരുന്നു.
നെഞ്ചുരുക്കങ്ങളുടെ കണ്ണീർ
കൊച്ചിൻ എയർപോർട്ടിൽ ചെക്ക്-ഇൻ ചെയ്യാൻ കയറുംമുമ്പ് അമ്മ സെലീന സിനാജിനെ ചേർത്തുപിടിച്ച് നെറുകിലൊരു മുത്തം കൊടുത്തു. ‘‘ഉമ്മാന്റെ മോൻ എപ്പഴും നന്നായിരിക്കട്ടെ’’ -വേർപിരിയുന്നതിന്റെ നെഞ്ചുരുക്കത്തിൽ വാക്കുകൾ അമ്മയുടെ തൊണ്ടയിൽ കുടുങ്ങിനിന്നു. ‘എന്തേലും ബുദ്ധിമുട്ടുതോന്നിയാൽ എന്റെ മോൻ വീട്ടിലേക്കു വന്നേക്കണ’മെന്ന് പറയുമ്പോഴേക്കും നൊമ്പരം കണ്ണീരായൊഴുകി.
സിനാജ് സലിം ഉമ്മയെ ചേർത്തുപിടിച്ച് കണ്ണീരിനു കണ്ണീരുകൊണ്ട് മറുപടി നൽകി. ശേഷം, സ്വപ്നങ്ങൾക്ക് ചിറകുനൽകാനായി നടന്നകന്നു. അപ്പോഴൊന്നും, താൻ പോകുന്നതു നരകത്തിലേക്കാണെന്നും അവിടെനിന്ന് തിരിച്ചെത്താൻ കെൽപുണ്ടാക്കുക ഇതേ ഉമ്മയുടെ നെഞ്ചുരുക്കങ്ങൾക്കാണെന്നും സിനാജ് അറിഞ്ഞിരുന്നില്ല.
2022 ജൂലൈ 20നാണ് സിനാജ് സലിം യാത്ര തിരിച്ചത്. കൂടെ ആലപ്പുഴ സ്വദേശി 23കാരനായ കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയുമുണ്ടായിരുന്നു. ബംഗളൂരുവിൽ എത്തിയപ്പോൾ വർക്കല സ്വദേശിയെ കണ്ടുമുട്ടി (പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല).
മക്കൾക്കുവേണ്ടി
വർക്കല സ്വദേശിയായ 29കാരൻ ഫൈബർ കേബിൾ സർവിസ് പ്രൊവൈഡിങ് സംഘത്തിൽ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യക്ക് പ്രദേശത്തെ വാഹന ഇൻഷുറൻസ് സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്നു. ആ സ്ഥാപനം നടത്തിയിരുന്ന വ്യക്തിയാണ് തായ്ലൻഡ് ആസ്ഥാനമായ പുതിയ സ്റ്റാർട്ട് അപ് കമ്പനിയിൽ ജോലിയുണ്ടെന്ന് അറിയിച്ചത്. അയാൾ 29കാരനിൽനിന്ന് 30,000 രൂപ വാങ്ങി. മികച്ച ശമ്പളവും സൗകര്യങ്ങളും ഉണ്ടെന്നറിഞ്ഞപ്പോഴാണ് പോകാൻ തീരുമാനിച്ചത്. ഒന്നിലും മൂന്നിലും പഠിക്കുന്ന രണ്ടുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഇയാൾ വിമാനം കയറിയത്.
തായ്ലൻഡ് എയർപോർട്ടിൽ ഇറങ്ങിയപ്പോൾ കമ്പനിയിൽനിന്നുള്ള ഉദ്യോഗസ്ഥനെത്തി. പാസ്പോർട്ട്, ഐഡന്റിറ്റി കാർഡ് എന്നിവ പരിശോധനക്കായി വാങ്ങി. വിസയടിച്ച ശേഷം ഇവ തിരിച്ചുതരുമെന്ന് അറിയിച്ചു. ഒപ്പം ഫോണിലെ കാൾ ഡീറ്റെയിൽസ് മായ്ച്ചു കളയാൻ ആവശ്യപ്പെട്ടപ്പോൾ പന്തികേട് തോന്നിയതിനാൽ സിനാജ് ഇവ മായ്ച്ചു കളഞ്ഞില്ല. പകരം, എല്ലാം ഇ-മെയിലിലേക്ക് അയച്ചു. ഇതിനിടെ ഇവരെ ബാങ്കോക്കിലേക്കുള്ള വാഹനത്തിൽ കയറ്റി. ഡ്രൈവറും കൂടെയുണ്ടായിരുന്ന വ്യക്തിയും തോക്ക് പുറത്തെടുത്തുവെച്ചപ്പോൾ സുരക്ഷയുടെ ഭാഗമായാണെന്നു കരുതി. ബാങ്കോക് നഗരത്തിലേക്ക് ഏതാണ്ട് 45 കിലോമീറ്റർ മാത്രമേ യാത്രയുണ്ടാകൂവെന്ന് കേട്ടിരുന്നു. എന്നാൽ, മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും യാത്ര അവസാനിക്കാതായപ്പോഴാണ് അപകടം തിരിച്ചറിഞ്ഞത്.
ആകെ ഒമ്പതു മണിക്കൂറെടുത്ത് 450 കിലോമീറ്റർ നീണ്ട യാത്രക്കൊടുവിൽ, നഗരവും ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമപ്രദേശങ്ങളുംവിട്ട് കാർ ചോളപ്പാടങ്ങൾ മാത്രമുള്ള സ്ഥലത്തെത്തി. അവിടെ ചെമ്മൺ പാതയുടെ അരികിൽ ഇവരെ കൊണ്ടുപോകാനായി ട്രക്ക് കാത്തുനിന്നിരുന്നു. അതിൽ തോക്കേന്തിയ, മിലിട്ടറി യൂനിഫോം ധാരികളുണ്ടായിരുന്നു. വിജനമായ പ്രദേശങ്ങളിലൂടെ വാഹനം നീങ്ങി. പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തു കൊണ്ടിറക്കി, കുറെ ദൂരം നടക്കാനുണ്ടായിരുന്നു. അവിടെ നദി കടക്കാൻ മോട്ടോർ ഘടിപ്പിച്ച വള്ളം തയാറായി നിന്നിരുന്നു. മറുകരയിലെത്തിയപ്പോഴാണ് മൂവരും തങ്ങളെത്തിപ്പെട്ട നരകത്തിന്റെ ഭയാനകത മനസ്സിലാക്കിയത്. തങ്ങൾ മുറിച്ചുകടന്നത് മോയി നദിയാണെന്നും വന്നുകയറിയത് മ്യാന്മർ ആണെന്നും പിന്നീട് അവർ തിരിച്ചറിഞ്ഞു.
പ്രദേശം മിലിട്ടറി ക്യാമ്പ് പോലെ കാണപ്പെട്ടു. എല്ലായിടത്തും തോക്കേന്തിയ യുവാക്കൾ കാവൽ നിന്നിരുന്നു. എല്ലാവർക്കും പ്രായം ഏതാണ്ട് 18 -20. ചോളപ്പാടങ്ങൾക്കു നടുവിൽ, ജിപ്സം ബോർഡും നട്ടും ബോൾട്ടും ഉപയോഗിച്ച് നിർമിച്ച ഗോഡൗൺ കണക്കെയുള്ള നിരവധി ബിൽഡിങ്ങുകളുണ്ട്. പ്രധാന ഭാഗങ്ങളിലെല്ലാം ടവറിൽ 24 മണിക്കൂറും നിരീക്ഷണത്തിനായി ആയുധധാരികൾ. ഇവരെല്ലാം മലേഷ്യൻ ചൈനീസ് സമൂഹത്തിൽനിന്നുള്ളവരാണെന്നു പിന്നീട് തിരിച്ചറിഞ്ഞു.
ക്യാമ്പിൽ ആയിരക്കണക്കിനു തൊഴിലാർഥികളുണ്ട്. പ്രദേശത്ത് നിരവധി കമ്പനികളും അതിലാകെ രണ്ടായിരത്തിലധികം ഇന്ത്യക്കാരുമുണ്ട്. തെക്കുകിഴക്കൻ മ്യാൻമറിലെ കയിൻ സംസ്ഥാനത്തുള്ള മ്യാവാഡിയിലായിരുന്നു ഈ ക്യാമ്പ്. തായ് അതിർത്തി പട്ടണമായ മേസോയിൽ (Mae Sot)നിന്ന് മോയി നദി വേർതിരിക്കുന്ന ഈ നഗരം മ്യാൻമറിനും തായ്ലൻഡിനും ഇടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമാണ്. ഈ പ്രദേശം 2010 മുതൽ മനുഷ്യക്കടത്തിനും സൈബർ തട്ടിപ്പ് കേന്ദ്രങ്ങൾക്കും ഓൺലൈൻ ചൂതാട്ടം, വേശ്യാവൃത്തി, മയക്കുമരുന്ന് എന്നിവയുടെ കേന്ദ്രങ്ങൾക്കും കുപ്രസിദ്ധമാണ്.
ഗൂഗ്ൾ മാപ്പിൽ ഇല്ലാത്ത കെട്ടിടങ്ങൾ
മ്യാന്മറിലെ മ്യാവാഡിയിൽ ഇവർ താമസിച്ചിരുന്ന ക്യാമ്പ് ഗൂഗ്ൾ മാപ്പിൽ കാണില്ല. കെട്ടിടങ്ങൾ മറയ്ക്കാനും ഒളിപ്പിക്കാനുമൊക്കെ കഴിയുന്ന സാങ്കേതികവിദ്യ അവർ ഉപയോഗിച്ചിരുന്നു. കറുത്ത വസ്ത്രമണിഞ്ഞ സുരക്ഷാസേന കാവൽ നിന്നു. ചെറിയൊരു ടൗൺഷിപ് പോലെ നിർമിച്ച ഇവിടെ ബാങ്കും ക്ലിനിക്കുമുണ്ട്. ഈ ടൗൺഷിപ് 30-40 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുകയാണ്. പടിഞ്ഞാറൻ തായ്ലൻഡിലെ മേസോ എന്ന പ്രദേശത്തും ഇത്തരം ടൗൺഷിപ്പുകളുണ്ട്.
ഡേറ്റ എൻട്രി ജോലിക്കെന്നു പറഞ്ഞു കൊണ്ടുപോയ എല്ലാവരെയും സൈബർ കുറ്റകൃത്യങ്ങൾക്കാണ് വിനിയോഗിച്ചത്. ഓൺലൈൻ ചൂതാട്ടം, സ്കാമിങ്, ക്രിപ്റ്റോ കറൻസി ഇടപാട്, ഓൺലൈൻ ഗെയിമുകൾ എന്നിവയിലൂടെ ആളുകളുടെ പണം തട്ടിയെടുക്കുകയാണ് ‘ജോലി’. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്താൻ ലവ് ചാറ്റ് നടത്താനും നിർബന്ധിക്കും. ആസ്ട്രേലിയ, ന്യൂസിലൻഡ് അടക്കമുള്ള രാജ്യങ്ങളിലുള്ളവരെയാണ് ഉന്നമിട്ടിരുന്നത്. ഇത്തരം സൈബർ തട്ടിപ്പിനിരയാകുന്നവരിൽ നിരവധി മലയാളികളുമുണ്ട്.
സൈബർ ക്രൈം ജോലിക്കാരായി ഇന്ത്യക്കാർക്കു പുറമെ, റഷ്യ, പാകിസ്താൻ, ഉസ്ബകിസ്താൻ, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ധാരാളം പേരെ വ്യാജ തൊഴിൽ ഓഫർ നൽകി ഇവിടെ എത്തിച്ചിട്ടുണ്ട്. വന്നു ചേരുന്ന ദിവസങ്ങളുടെ കണക്കുനോക്കി ഇവർക്ക് ലെവൽ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെയാണ് ജോലി നൽകുക. സജീവമല്ലാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യും. അതിലൂടെ ‘പാർട്ട് ടൈം ജോലി’ക്കുള്ള അവസരങ്ങളുണ്ടെന്നു വ്യാപകമായി പ്രചരിപ്പിക്കും.
വീട്ടമ്മമാരോ നിലവിൽ തൊഴിലില്ലാത്ത ചെറുപ്പക്കാരോ ഗർഭിണികളായതിനാൽ വീട്ടിലിരുന്നു ജോലി ചെയ്യണമെന്ന് കരുതുന്നവരോ വിദേശങ്ങളിൽ പഠനത്തിനായി പോയവരിൽ പാർട്ട് ടൈം ജോലി തേടുന്നവരോ ആണ് ഇരകൾ. ഈ പരസ്യങ്ങൾ കണ്ട് ജോലിക്കായി സമീപിക്കുന്നവരിൽനിന്ന് പേരും വയസ്സും വാട്സ്ആപ് നമ്പറും വാങ്ങുന്നതാണ് ആദ്യ ലെവലിലുള്ളവരുടെ തൊഴിൽ. ഈ വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെട്ട് ക്രിപ്റ്റോ ബിസിനസിനുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കലാണ് ലെവൽ രണ്ടിലുള്ളവരുടെ ജോലി.
മൂന്നാം ലെവലിലേക്കെത്തുമ്പോൾ, 100 ഡോളർ അക്കൗണ്ടിലിട്ടെന്ന് അറിയിക്കുകയും അവരെ ചൂതാട്ടത്തിനു പ്രേരിപ്പിക്കുകയും ചെയ്യും. ഗെയിമുകളിൽ തുടക്കത്തിൽ അഞ്ചോ ആറോ കളികൾ ജയിപ്പിച്ചു വിടും. അതിനിടെ 200 ഡോളർ കിട്ടിയെന്ന തരത്തിൽ അവരെ കബളിപ്പിക്കും. അപ്പോഴേക്കും ഇരകൾ ഈ ഓൺലൈൻ ചൂതാട്ടത്തിന് അടിമകളായി മാറിയിരിക്കും. ഇങ്ങനെ കളി തുടരുകയും ഒരു ഘട്ടമെത്തുമ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ തുകയും ഒറ്റയടിക്ക് പിൻവലിക്കുകയും ചെയ്യും. അപ്പോഴേക്കും ഇരകളാക്കപ്പെട്ടവർ പലതും വിറ്റും പണയംവെച്ചും ലക്ഷങ്ങളുടെ കടബാധ്യതയിലെത്തും. കാറും വീടും വിറ്റവരുമുണ്ട്. ചിലർ ആത്മഹത്യ ചെയ്യും. സിനാജും വർക്കല സ്വദേശിയും ഒന്നാം ലെവൽ ജോലിക്കാരായിരുന്നു.
കറന്റ് അടിപ്പിക്കൽ, മുട്ടിൽ നിർത്തൽ
ഈ ജോലി ചെയ്യാൻ കഴിയില്ലെന്നും തിരികെ പോകണമെന്നും പറഞ്ഞവർക്കൊക്കെ മർദനവും അതിക്രൂര ശിക്ഷാനടപടികളുമാണ് ലഭിക്കുക. ക്യാമ്പിലെത്തുന്നവരുടെ ഫോണുകൾ ആദ്യം തന്നെ തകർത്തുകളയും. അവർ തരുന്ന ഫോണിൽ മാത്രമാണ് വിളിക്കാൻ കഴിയുക, അതുതന്നെ സൈബർ കുറ്റകൃത്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാനാകൂ. അതിനാൽ പുറംലോകത്തേക്ക് വിവരങ്ങൾ അറിയിക്കാൻ ഒരുവഴിയുമില്ല. അടിമകളെ പോലെ ജോലി ചെയ്യേണ്ടി വരും. ഓരോരുത്തരും ദിവസം അഞ്ച് ഇരകളെ കണ്ടെത്തണം. അതിനുകഴിഞ്ഞില്ലെങ്കിൽ ഉറങ്ങാൻ സമ്മതിക്കില്ല. അഞ്ചു പേരെ കണ്ടെത്തിക്കൊടുക്കുംവരെ കമ്പ്യൂട്ടറിനു മുന്നിൽനിന്ന് എഴുന്നേൽക്കാൻ കഴിയില്ല.
ജോലി ചെയ്യില്ലെന്ന് പറയുന്നവരെ ഭക്ഷണം നൽകാതെ സെല്ലിൽ പട്ടിണിക്കിടും. പലരെയും മുട്ടിൽ നിർത്തിയാണ് പീഡനം. പട്ടാള ക്യാമ്പിലുള്ളതുപോലെ ഇവിടെയും ട്രാക്കുകളുണ്ട്. അതിലൂടെ മണിക്കൂറുകൾ ഓടിപ്പിക്കും. 20 കിലോമീറ്ററൊക്കെ ഇത്തരത്തിൽ ഓടേണ്ടി വരും. സ്റ്റൺ ഗൺ ഉപയോഗിച്ച് കറന്റടിപ്പിച്ചും അക്രമികൾ രസിക്കും.
ഇതിനിടെ, മോഷ്ടിച്ച ഒരു മൊബൈലിലൂടെ വാട്സ്ആപ്പിൽ സഹോദരനെ സിനാജ് കാര്യമറിയിച്ചു, അടുത്ത സുഹൃത്തിനോടും ഏജന്റിനോടും കാര്യങ്ങൾ അറിയിച്ചു. എങ്ങനെയും രക്ഷപ്പെടാനുള്ള മാർഗങ്ങളൊരുക്കാമെന്ന് ഏജൻറ്റും സുഹൃത്തും ഉറപ്പുനൽകി. മാതാപിതാക്കൾ വിഷമിക്കുമെന്നതിനാൽ ഇക്കാര്യം പുറത്തുപറയരുതെന്ന് സഹോദരനോട് ചട്ടം കെട്ടി. വിസ പുതുക്കിയ ശേഷം അറിയിക്കാമെന്ന് പറഞ്ഞ ഏജന്റിനെ പിന്നീട് വിളിച്ചാൽ കിട്ടാത്ത അവസ്ഥ വന്നു.
ക്യാമ്പിലുണ്ടായിരുന്ന പെൺകുട്ടികളെ മോഡലിങ്ങിനെന്നുപറഞ്ഞാണ് കൊണ്ടുവന്നത്. മിക്കവരും ചെറിയ പ്രായത്തിലുള്ളവരാണ്. അവരെ ലൈംഗികതൊഴിലിനു നിയോഗിച്ചു. സമ്മതിക്കാത്തവരെ ബലാത്സംഗം ചെയ്യുകയോ മയക്കുമരുന്ന് കഴിപ്പിച്ച ശേഷം ഇരുമ്പുദണ്ഡുകൊണ്ട് അടിക്കുകയോ ചെയ്യും. മയക്കുമരുന്നിന്റെ മത്തുതീരുമ്പോൾ വേദനയറിയാൻ തുടങ്ങും, എല്ലുതുളക്കുന്ന വേദനയെ ഭയന്ന് പിന്നീട് പെൺകുട്ടികൾ ലൈംഗികതൊഴിലിനു പോകും.
മരണവക്കിലെത്തിയ രാത്രി -ഒന്ന്
സിനാജടക്കമുള്ള എല്ലാവരെയും നാല് ലക്ഷം രൂപ വീതം നൽകി വാങ്ങിയതാണ് അക്രമിസംഘം. അതിനാൽ, ഒന്നുകിൽ ഈ തുക തിരികെ നൽകുക, അല്ലെങ്കിൽ അത്രയും രൂപക്കുള്ള പണിയെടുത്തു കൊടുക്കുക. ശേഷം മാത്രം നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ചെയ്യാമെന്നാണ് അവർ പറഞ്ഞത്. പൈസ തിരിച്ചുതന്നാൽ അതിർത്തിയിൽ കൊണ്ടുചെന്നുവിടാമെന്ന് ഉറപ്പുനൽകി. പാസ്പോർട്ടും രേഖകളും ഇല്ലാത്തതിനാൽ, ഇവിടെനിന്ന് രക്ഷപ്പെട്ടോടാനാകില്ല. സൈന്യം പിടിച്ചാൽ ജയിലിൽ കിടക്കേണ്ടി വരും. ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും രൂക്ഷമാണ്. ഭാഷ അറിയാത്തത് പ്രധാന പ്രശ്നവുമാണ്. ഇതിനിടെ കേരളത്തിൽനിന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽനിന്നും നിരവധി പേർ ഇവിടെ എത്തിച്ചേർന്നു.
സിനാജ് വന്നശേഷം ഏതാണ്ട് 850 പേർ ഇവിടെ ജോലി തേടിയെത്തി. അവരിൽ 13 മലയാളികളെയും 35 തമിഴന്മാരെയും കണ്ടുമുട്ടി. പരസ്പരം സംസാരിക്കുന്നതിൽ വിലക്കുണ്ട്. എങ്കിലും, പലവിധ വഴികളിലൂടെ ഇവർ ആശയവിനിമയം നടത്തി. പല രാജ്യങ്ങളിൽ കുറ്റകൃത്യം നടത്തി ഒളിച്ചുതാമസിക്കാനായി മാത്രം ഇവിടെയെത്തുന്ന ആളുകളുമുണ്ട്. അത്തരക്കാർ ഇവിടെയും തട്ടിപ്പ് നടത്തും.
ഗൂഢസംഘത്തോട് ‘വെറുതെ വിടണ’മെന്ന് കരഞ്ഞുകേണപേക്ഷിച്ചിട്ടും അവർക്ക് ഭാവവ്യത്യാസമുണ്ടായില്ല. ഇന്ത്യൻ എംബസിയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ പരിഹാസച്ചിരിയാണ് മറുപടി. ഇന്ത്യൻ പ്രസിഡന്റ് വന്നാൽപോലും ഇവിടെയൊന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ പ്രതികരിക്കും.
നിരാശയും നിസ്സഹായാവസ്ഥയും മരണഭയവും ചൂഴ്ന്നുനിന്ന ഒരു രാത്രിയിലാണ് സിനാജ് മരണത്തിന്റെ വക്കിലെത്തിയത്. ഉറങ്ങാൻ കിടന്ന സിനാജ് ജനൽപാളി തുറന്നിട്ടിരുന്നു. അവിടെ രാത്രികാലങ്ങളിൽ കറുത്ത പുക വ്യാപകമാണ്. നേരത്തേതന്നെ അലർജിമൂലം ശ്വാസതടസ്സം നേരിട്ടിരുന്ന സിനാജ് ഉറക്കത്തിനിടയിൽ ഈ കറുത്ത പുക ശ്വസിക്കുകയും ഓക്സിജൻ താഴ്ന്ന അവസ്ഥയിലെത്തുകയും ചെയ്തു. എന്നാൽ, ക്യാമ്പിലെ ക്ലിനിക്കിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ നിസ്സഹായരായി. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചും പുറമെനിന്ന് ഡോക്ടറെ എത്തിച്ചുമാണ് സിനാജ് ജീവിതത്തിലേക്ക് തിരികെയെത്തിയത്.
മലയാളിയുടെ സമരവീര്യം, കൊലപാതകം
എല്ലായിടത്തും പോരാട്ടവീര്യം മലയാളിയുടെ പ്രത്യേകതയാണ്. നേരത്തേ പട്ടാളക്കാരനാകാൻ ആശിച്ച സിനാജ് പല പരിശീലന കളരികളിലും പങ്കെടുത്തിട്ടുണ്ട്. അങ്ങനെയൊരു ധൈര്യംകൂടി മനസ്സിലുണ്ട്. ഇങ്ങനെ ഈ നരകത്തിൽ കിടന്നാൽ പറ്റില്ലെന്ന് തീരുമാനിക്കുകയും കൂടെയുള്ള ജോലിക്കാരെ ഒരുമിച്ചു നിൽക്കാൻ പ്രചോദിപ്പിക്കുകയും ചെയ്തു. ഒരു ദിവസം എല്ലാവരും ചേർന്ന് പണിമുടക്ക് നടത്തി. മലയാളികളും തമിഴന്മാരും ഒന്നിച്ചു നിന്നു. എല്ലാവരും ഒന്നിച്ച് കെട്ടിടത്തിന് വെളിയിലിറങ്ങി. ഈ പണി ചെയ്യില്ലെന്നും നാട്ടിലേക്കു തിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ഇതിനു കടുത്ത പ്രതികാരമാണ് അവരെ കാത്തിരുന്നത്. കൂട്ടത്തിലുള്ള രണ്ടുപേരെ ഈ ഗൂഢസംഘം പിടിച്ചുകൊണ്ടുപോയി. അൽപസമയം കഴിഞ്ഞപ്പോൾ രണ്ടു വെടിയൊച്ചകൾ കേട്ടു. പിന്നീടറിഞ്ഞു, കൂട്ടിക്കൊണ്ടു പോയവരെ ഗൂഢസംഘം വെടിവെച്ചുകൊന്നെന്ന്. ഇതിനിടെ രണ്ടുപേർ മുറിയിൽ പോയിരുന്നു. വെടിശബ്ദത്തിനു പിറകെ അവരിലൊരാൾ ആർത്തുകരഞ്ഞുകൊണ്ട് ഓടിവന്നു. അയാളുടെ ചെവി മർദനത്തിൽ തുളച്ചുകീറിയ അവസ്ഥയിലായിരുന്നു. വർക്കല സ്വദേശിയെ കറന്റടിപ്പിച്ചതിനാൽ എഴുന്നേറ്റുനിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
രക്ഷക്കെത്തിയ സാങ്കേതിക വിദ്യ
ഇതിനിടെ, ഓഫിസിൽനിന്ന് മോഷ്ടിച്ച മൊബൈലിൽ സിനാജ് വിഡിയോകളെടുത്ത് സിഗ്നൽ ആപ് വഴി സഹോദരന് അയച്ചുകൊടുത്തിരുന്നു. പല സമയത്തെടുക്കുന്ന വിഡിയോകൾ അയക്കും. അയച്ചാൽ അൽപസമയത്തിനകത്ത് അവ അയച്ചയാളുടെ മൊബൈലിൽനിന്ന് ഡിലീറ്റ് ആകും. എന്നാൽ, കിട്ടിയ ആൾക്ക് അത് സുരക്ഷിതമായി സൂക്ഷിക്കാനും കഴിയും. ഇത്തരത്തിൽ സിനാജ് അയച്ചു കൊടുത്ത വിഡിയോകളും ഫോട്ടോകളുമാണ് പിന്നീട് രക്ഷാദൗത്യത്തിനു കാരണമായത്.
വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളുണ്ടാക്കി ഇന്ത്യൻ എംബസിയെയും വിവരങ്ങൾ അറിയിച്ചു. ലൊക്കേഷൻ അയച്ചുകൊടുത്തെങ്കിലും അത്തരമൊരു സ്ഥലമോ കെട്ടിടമോ ഗൂഗിളിൽ കാണുന്നില്ലെന്നാണ് മറുപടി കിട്ടിയതെന്ന് സിനാജ് പറയുന്നു. രണ്ടുമാസമെങ്കിലും രക്ഷപ്പെടുത്താനെടുത്തേക്കുമെന്നും എംബസി അറിയിച്ചു. എന്നാൽ, അത്രയും ദിവസം അവിടെ കഴിഞ്ഞാൽ ജീവൻ ബാക്കിയുണ്ടാകുമോയെന്ന് ഉറപ്പില്ല. അതിനാൽ, ഗൂഢസംഘത്തിലെ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് സിനാജും സംഘവും ട്വിറ്റർ വഴി പല പ്രമുഖർക്കും വിവരങ്ങൾ അയക്കാൻ തുടങ്ങി. മലയാള സിനിമ മേഖലയിലെ പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, മറുപടികൾ കിട്ടാതായപ്പോൾ മാധ്യമപ്രവർത്തകരെ കോൺടാക്ട് ചെയ്യാൻ തുടങ്ങി. അങ്ങനെ മാധ്യമപ്രവർത്തകർക്ക് അയച്ച വിഡിയോ ക്ലിപ്പിങ്ങുകളിലൂടെയാണ് ഒരു കൂട്ടം ഇന്ത്യക്കാർ മ്യാന്മറിലേക്ക് മനുഷ്യക്കടത്തിന് ഇരയായെന്ന് പുറംലോകമറിഞ്ഞത്.
തമിഴ്നാട്ടിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകനും എസ്.ഐയുടെ മകനും മനുഷ്യക്കടത്തിന് വിധേയരായെന്ന വിവരമറിഞ്ഞതോടെ തമിഴ്നാട് സർക്കാർ അതിവേഗം നടപടികൾ ആരംഭിച്ചു. എംബസിയിലും കേന്ദ്ര സർക്കാറിലും സമ്മർദം ചെലുത്തിയ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ശക്തമായി ഇടപെടൽ നടത്തി. അങ്ങനെ എംബസികളും മ്യാന്മർ, തായ്ലൻഡ് പൊലീസ് സംഘങ്ങളും നടത്തിയ രക്ഷാദൗത്യത്തിൽ 13 തമിഴ്നാട് സ്വദേശികൾ ഇന്ത്യയിൽ തിരിച്ചെത്തി.
എന്നാൽ, പിന്നീടുള്ള പ്രവർത്തനങ്ങളിൽ മന്ദത ഉണ്ടായതോടെ കേരളത്തിലെ ഇരകളുടെ കുടുംബങ്ങൾ സങ്കടക്കടലിലായി. അവർ എം.പിമാരെയും വിവിധ പാർട്ടികളുടെ നേതാക്കന്മാരെയും പോയിക്കണ്ടു. എം.പിമാരായ എ.എം. ആരിഫ്, കെ.സി. വേണുഗോപാൽ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരും ശക്തമായ ഇടപെടൽ നടത്തി.
സമരദിവസത്തെ പ്രതികാര നടപടികൾ വീട്ടിലറിയിച്ചപ്പോൾ സഹോദരൻ നൽകിയ ഉപദേശത്തെ തുടർന്ന് സിനാജ് പിന്നീട് പേടിയുള്ള ആളെപോലെ പെരുമാറി. എന്നാൽ, വിഡിയോ ഷൂട്ട് ചെയ്യാൻ മറന്നില്ല. ഈ വിഡിയോകൾകൂടി പുറത്തുവന്നതോടെ, രക്ഷാദൗത്യം നേരത്തെയും നടത്തിയിട്ടുണ്ടെന്നും ഇനിയും തുടരുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. മ്യാന്മർ ഭരണകൂടത്തിന്റെ പരിധിക്ക് പുറത്തായതിനാലാണ് രക്ഷാപ്രവർത്തനം വൈകുന്നതെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.
കൂട്ടത്തിലെ ഒറ്റുകാരൻ, അവയവ കച്ചവടം
വാർത്തകൾ പുറത്തുവന്നതോടെ വിവരണങ്ങൾ പുറത്തുവിട്ടത് സിനാജാണെന്ന് സംഘത്തിലെ ഒരാൾ ഒറ്റി. തമിഴ്നാട്ടിൽ ഒരുപാട് ക്രിമിനൽ കേസുകളുള്ള ഇയാൾ നാടുവിട്ടുനിൽക്കാനാണ് മ്യാന്മറിൽ വന്നത്. വാർത്തകൾ പുറത്തുപോയെന്ന് വിവരം കിട്ടിയതോടെ ഗൂഢസംഘം ജോലിക്കാരെ ലാവോസിലേക്കും കംേബാഡിയയിലേക്കും മാറ്റാൻ തുടങ്ങി. പലരെയും വണ്ടിയിൽ കയറ്റി മാടുകളെ കൊണ്ടുപോകുന്നതു പോലെ അട്ടിയിട്ടു കൊണ്ടുപോയി. ചിലരുടെ അവയവങ്ങൾ വിറ്റതായും പിന്നീട് അറിഞ്ഞു. തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് എംബസി നൽകിയ പട്ടികയിൽനിന്ന് മൂവരുടെയും പേരുകൾ വെട്ടിമാറ്റിയെന്നാണ് സിനാജ് പറയുന്നത്.
മരണവക്കിലെത്തിയ രാത്രി -രണ്ട്
ഒരുദിവസം രാത്രി ഗൂഢസംഘത്തിലെ അംഗങ്ങളെത്തി ‘നിങ്ങളെ കൊണ്ടുപോവുകയാണ്’ എന്നറിയിച്ചു. ചിലപ്പോൾ കൊല്ലും, ചിലപ്പോൾ അതിർത്തിയിൽ തള്ളപ്പെടാം, അല്ലെങ്കിൽ പൊലീസിന് കൈമാറും. ഇങ്ങനെ മൂന്നുസാധ്യതകളാണ് അവർ മുന്നിൽ വെച്ചത്. ശേഷം അവർ മൂവരുടെയും കൈകൾ പിന്നിലേക്ക് കെട്ടി കുറെ സമയം ഒരു കാട്ടിലിരുത്തി. മുതുകിൽ തോക്കുവെച്ച നിലയിലാണ് ഇരുന്നത്.
മൂന്നുപേർക്കും മാനസികനില തെറ്റിയ പോലെയായി. പിന്നീട്, രാവിലെയാണ് കൊണ്ടുപോവുക എന്നറിയിപ്പ് കിട്ടി. മൂവരും മുറിയിലെത്തി. സിനാജ് സഹോദരനെ വിളിച്ച് ഉമ്മക്ക് ഫോൺ കൊടുക്കാൻ ആവശ്യപ്പെട്ടു. ഉമ്മയോട് കുറെ കരഞ്ഞു. മരിച്ചുപോവുകയാണെന്നും മൃതശരീരം കിട്ടിയേക്കില്ലെന്നും പറഞ്ഞ് കരഞ്ഞു. ഉമ്മ വിവരങ്ങളൊക്കെ അപ്പോഴാണ് അറിഞ്ഞത്. ഉമ്മയും ഹൃദയം തകർന്നു കരഞ്ഞു. ചില കൂട്ടുകാരെ വിളിച്ച് ജോലിയെന്ന പേരിലൊരുക്കിയ കെണിയെക്കുറിച്ച് പറഞ്ഞു.
പിറ്റേന്ന് രാവിലെ ചങ്ങലയിട്ട് ട്രക്കിൽ കയറ്റി. തോക്കുമായി അംഗരക്ഷകർ ഉണ്ടായിരുന്നു. അവരുടെ കൈയിൽ വയർലസ് സെറ്റുകളാണ് ഉണ്ടായിരുന്നത്. ടൗണിലെത്തിയപ്പോൾ വാതിൽക്കലേക്കു നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു. വെടിവെച്ചിടാനുള്ള നീക്കമാണെന്ന് തോന്നിയതോടെ കണ്ണിൽ ഇരുട്ടുകയറി. എന്നാൽ, ചവിട്ടി താഴെയിടുകയാണ് ചെയ്തത്, വന്നുവീണത് മ്യാന്മർ പൊലീസ് സ്റ്റേഷന് മുന്നിലാണ്. പൊലീസ് അവരെ അറസ്റ്റ് ചെയ്തു, ഒരു രേഖയുമില്ലാത്തതിനാൽ ‘രാജ്യത്തേക്ക് കടന്നുകയറി’ എന്ന വകുപ്പിലാണ് അറസ്റ്റ്.
എന്നാൽ, ഇമിഗ്രേഷൻ ഓഫിസറോട് കാര്യങ്ങൾ പറഞ്ഞു. അവർ എംബസിയിൽ ആരാഞ്ഞു. അവിടെനിന്ന് തമിഴ്നാട് സ്വദേശിയായ ഉദ്യോഗസ്ഥൻ വന്നു. ഫോട്ടോകളും വിഡിയോകളും സഹോദരൻ എംബസിയിലെ ഉദ്യോഗസ്ഥന് അയച്ചുകൊടുത്തു. ഇതുകണ്ടപ്പോഴാണ് പൊലീസുകാർക്കും സത്യാവസ്ഥ മനസ്സിലായത്. എന്നാൽ, പാസ്പോർട്ടും രേഖകളും തയാറാക്കാൻ 15 ദിവസമെടുത്തേക്കുമെന്നും അതുവരെ ജയിലിൽ കഴിയേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.
മരണവക്കിലെത്തിയ രാത്രി -മൂന്ന്
‘‘നമ്മുടെ നാട്ടിലെ പോലെയുള്ള ജയിലല്ല. തട്ടുതട്ടുകളായ ഇരുമ്പുകൂടുകളാണ്. അതിനകത്തു തന്നെയാണ് ടോയ്ലറ്റ്. ഒരു സ്വകാര്യതയും ഉണ്ടാകില്ല. ദുർഗന്ധവും സഹിക്കണം. മണ്ണിലാണ് കിടപ്പ്. പാറ്റയും തേളും എല്ലാം കയറിവരും’’ -സിനാജ് ജയിലിലെ ജീവിതം അനുസ്മരിച്ചു. മൂന്നു പേർക്കുള്ള സെല്ലിൽ അഞ്ചാറ് പേരുണ്ട്. കാൽ നീട്ടിവെച്ച് ഇരുന്നുറങ്ങാൻ പാകത്തിലുള്ള സ്ഥലമേ ഉണ്ടാകൂ. അതുകൂടിയായതോടെ മാനസികനില തെറ്റിയ പോലെയായി പലർക്കും. ഒരു സെല്ലിൽ 13 പേർ വരെ കഴിഞ്ഞിട്ടുണ്ട്.
ഒടുവിൽ, മൂന്നാഴ്ചക്കകം വിട്ടയക്കാമെന്ന് കോടതി വിധി വന്നു. ജയിലിലെത്തി 21ാം ദിവസം രാത്രി വീണ്ടും എല്ലാം മാറിമറിഞ്ഞു. മരണഭയം മാത്രമായി മനസ്സിൽ. കസ്റ്റഡി സെല്ലിന്റെ അരക്കിലോമീറ്റർ അപ്പുറത്താണ് പൊലീസ് സ്റ്റേഷൻ. നാട്ടിലെ വിമത വിഭാഗത്തിൽ ഉൾപ്പെടുന്ന ഗോത്ര വർഗക്കാർ ഡ്രോണിൽ പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് വർഷിച്ചു. പരസ്പരം വെടിവെപ്പുണ്ടായി. ഓങ് സാൻ സൂചിയെ പുറത്താക്കി 2021 ലാണ് മ്യാൻമറിൽ സൈന്യം അധികാരം പിടിച്ചെടുത്തത്. തുടർന്ന് ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ ആയിരങ്ങളാണ് മരിച്ചത്.
ഇവിടെയും അത്തരം ആഭ്യന്തര യുദ്ധമാണ് നടന്നത്. ഗോത്രവിഭാഗത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊന്നെന്നുള്ള ആരോപണവുമായാണ് 250 പേരടങ്ങുന്ന സംഘം സ്റ്റേഷൻ ആക്രമിച്ചത്. ജയിലിലെ പൊലീസ് ഓഫിസർമാർ ഉടനടി വിളക്കുകൾ അണച്ച്, ആയുധങ്ങൾ സജ്ജമാക്കി. പിറ്റേന്ന് രാവിലെയാണ് സംഭവത്തിന്റെ മുഴുവൻ വിവരങ്ങളും കിട്ടിയത്. യുദ്ധത്തിൽ റോഡാകെ തകർന്നു. ഈ റോഡുകൾ നവീകരിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്താൽ മാത്രമേ ഇനി നാട്ടിലേക്കുള്ള യാത്രക്കുള്ള അനുമതി കിട്ടൂ. ജയിലിലെത്തി 45 ദിവസം പിന്നിട്ടപ്പോഴാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഈ സ്റ്റേഷനിൽനിന്ന് മ്യാന്മറിലെ യാംഗോനിലേക്ക് 850 കിലോമീറ്റർ ദൂരമുണ്ട്. സർക്കാർ വക ബുള്ളറ്റ് പ്രൂഫ് ബസിൽ, നിരവധി ചെക്പോസ്റ്റുകൾ പിന്നിട്ട്, എട്ടു മണിക്കൂർകൊണ്ട് എല്ലാവരെയും യാംഗോനിലെത്തിച്ചു. വെളുപ്പിന് യാത്ര തുടങ്ങി ഏഴെട്ടു സംസ്ഥാനങ്ങൾ താണ്ടിയാണ് അവർ ഇവിടെയെത്തിയത്. എംബസിയുടെ വാഹനവും പൊലീസ് വാഹനങ്ങളും അകമ്പടി സേവിച്ചു. ആകെ 30 പേരെയാണ് അന്ന് രക്ഷപ്പെടുത്തിയത്. അതിൽ മലയാളികളായി സിനാജും മറ്റു രണ്ടുപേരും മാത്രം.
വീണ്ടും പ്രശ്നം ഉണ്ടായി. കൊൽക്കത്തയിലേക്കാണ് ടിക്കറ്റ്. എന്നാൽ, ടിക്കറ്റ് തുക ഇരകൾതന്നെ അടക്കണം. ഒടുവിൽ എല്ലാവരും നാട്ടിലേക്ക് വിളിച്ച് അവരവരുടെ കുടുംബാംഗങ്ങൾ വഴി ടിക്കറ്റ് എടുത്തു. കൊൽക്കത്തയിൽനിന്ന് കേരളം വരെയുള്ള ടിക്കറ്റിനുള്ള പണം നോർക്കയാണ് നൽകിയത്. ഒരൊറ്റ വിമാനത്തിലാണ് എല്ലാവരെയും ഇന്ത്യയിലെത്തിച്ചത്. തമിഴ്നാട്ടുകാരുടെ മുഴുവൻ ചെലവും അവിടുത്തെ സർക്കാർ ഏറ്റെടുത്തുനൽകിയെന്നാണ് പിന്നീടറിഞ്ഞതെന്ന് സിനാജ് പറയുന്നു.
മനുഷ്യക്കടത്തുകാർക്കെതിരെ പോരാട്ടം
സിനാജിന്റെ പോരാട്ടം അവസാനിച്ചിട്ടില്ല. സുഹൃത്ത്, സുഹൃത്തിന്റെ സഹോദരി, ഇടനിലക്കാരൻ എന്നിവരെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മൂവരും ജാമ്യത്തിലിറങ്ങി. വെറും 30,000 രൂപ കമീഷന് വേണ്ടിയാണ് കൂട്ടുകാരൻതന്നെ ചതിച്ചതെന്ന് സിനാജ് പറയുന്നു. ഒരമ്മ പെറ്റ സഹോദരങ്ങളെ പോലെയാണ് കഴിഞ്ഞു വന്നത്. നേരത്തേ തുമ്പോളി സ്വദേശിയായ ഒരു യുവാവ് ഇത്തരത്തിൽ കെണിയിൽ അകപ്പെട്ട കാര്യം വിളിച്ചറിയിച്ചെന്നും അതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് സിനാജിനെയും കയറ്റിവിട്ടതെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു. മ്യാന്മറിൽ കൂടെയുണ്ടായിരുന്ന കുറെപേർക്ക് തന്റെ നാട്ടിലെ ഫോൺ നമ്പറും ഇ-മെയിൽ ഐ.ഡിയും സിനാജ് നൽകിയിരുന്നു. നാട്ടിലെത്തിയ പലരും സിനാജിനെ ബന്ധപ്പെട്ടു.
ഇങ്ങനെ രക്ഷപ്പെട്ടു വന്ന നൂറോളം പേരുടെ വാട്സ്ആപ് കൂട്ടായ്മയും ഇപ്പോഴുണ്ട്. തന്റെ ജീവിതാനുഭവങ്ങൾ പുറംലോകത്തോട് പറയുന്നതിലൂടെ, മനുഷ്യക്കടത്ത് സംഘങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് അറിവുലഭിക്കുമെന്നും സിനാജ് പറയുന്നു. സിനാജിപ്പോൾ മെഡിക്കൽ റപ്രസന്റേറ്റിവായും വർക്കല സ്വദേശി സ്വന്തമായി ബേക്കറി നടത്തിയും മുന്നോട്ടുപോകുന്നു. തന്റെ കാര്യത്തിൽ ഉമ്മയുടെ കണ്ണീരും പ്രാർഥനയുമാണ് ജീവൻ രക്ഷപ്പെടാൻ കാരണമെന്ന് സിനാജ് വിശ്വസിക്കുന്നു.
ഓപറേഷൻ ശുഭയാത്ര
കേരളത്തിലാകെ മൂന്നരക്കോടി ജനമുണ്ട്. ഇതിലെ 22 ലക്ഷം പേർ കുടിയേറ്റ തൊഴിലാളികളാണെന്ന് കേരള മൈഗ്രേഷൻ സർവേ കണക്കുകൾ പറയുന്നു. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയുടെ കണക്കുകൾ പ്രകാരം 2022 മാർച്ചിൽ, കേരളത്തിലെ മൊത്തം ബാങ്ക് നിക്ഷേപത്തിൽ 4,27,811 കോടി രൂപ ആഭ്യന്തര നിക്ഷേപവും (64.21 ശതമാനം), 2,38,409 കോടി രൂപ പ്രവാസി നിക്ഷേപവുമാണ് (35.79 ശതമാനം). 2021 മാർച്ചിൽ ഇത് യഥാക്രമം 3,76,278 കോടി രൂപയും 2,29,636 കോടി രൂപയുമായിരുന്നു. 2022 മാർച്ചിൽ മൊത്തം ആഭ്യന്തര നിക്ഷേപത്തിന്റെ വാർഷിക വളർച്ച നിരക്ക് 13.70 ശതമാനമാണ്. ഇത് മുൻവർഷത്തേക്കാൾ കൂടുതലാണ്.
കോവിഡ് കാലത്ത് കേരളത്തിലേക്ക് പ്രവാസി മലയാളികൾ കൂട്ടത്തോടെ തിരിച്ചെത്തി. അവരുടെ കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ പലവിധ പദ്ധതികളും നടപ്പാക്കി. എന്നാൽ, കോവിഡ് കാലത്തിനുശേഷം പഠനത്തിനും ജോലിക്കുമായി യുവാക്കൾ വിദേശത്തേക്ക് വ്യാപകമായി കുടിയേറുന്നുണ്ട്. നേരത്തേ ഗൾഫ് രാജ്യങ്ങളിലേക്കാണ് ഒഴുക്കെങ്കിൽ, ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കൂടുതൽ പേർ പോകുന്നുണ്ട്. അതനുസരിച്ച് റിക്രൂട്ടിങ്, ട്രാവൽ ഏജൻസികളുടെ എണ്ണത്തിലും വർധനയുണ്ട്. അതിനാൽ, കൃത്യമായ പരിശോധനകൾ നടത്തിയശേഷം മാത്രം, അധികൃതരുടെ സ്ഥിരീകരണത്തോടെ മാത്രമേ വിദേശങ്ങളിലേക്കു പോകാവൂ എന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകളും മനുഷ്യക്കടത്ത് കേസുകളിലെ ഇരകളും ചൂണ്ടിക്കാട്ടുന്നു.
അനധികൃത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് എന്നിവയിലൂടെയുള്ള മനുഷ്യക്കടത്ത് തടയാൻ കേരള സർക്കാറും കേന്ദ്രസർക്കാറും ചേർന്ന് കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ 2022 ജൂലൈയിൽ നിയമസഭയിൽ അറിയിച്ചിരുന്നു. അനധികൃത റിക്രൂട്ട്മെന്റുകളാലോ മനുഷ്യക്കടത്തുമൂലമോ വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസികളുടെയും പ്രവാസി സംഘടനകളുടെയും സഹായത്തോടെ നോർക്ക (നോൺ റസിഡന്റ് കേരളൈറ്റ് അഫയേഴ്സ്) അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ട്.
സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ റിക്രൂട്ട്മെന്റ് തടയാൻ സൈബർ സെല്ലിലെ പൊലീസിന്റെ സഹായവും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. നിയമവിരുദ്ധ റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് തുടങ്ങിയ പരാതികളിൽ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ‘ഓപറേഷൻ ശുഭയാത്ര’ എന്ന പദ്ധതിയും കൊണ്ടുവന്നു. വ്യാജ റിക്രൂട്ട്മെന്റുകൾ, വിസ തട്ടിപ്പുകൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ച് 0471-2721547 എന്ന ഹെൽപ് ലൈൻ നമ്പറിലോ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലിലൂടെയോ പരാതി നൽകാം. ക്രൈംബ്രാഞ്ച് ഐ.ജിയാണ് നോഡൽ ഓഫിസറായി സ്റ്റേറ്റ് സെല്ലും എല്ലാ പൊലീസ് ജില്ലകളിലും മനുഷ്യക്കടത്ത് വിരുദ്ധ യൂനിറ്റുകളും രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.