ഹോട്ടൽ വ്യാപാരിയുടെ കൊല; ക്രൂരകൃത്യം വെളിപ്പെട്ടത് തുടർച്ചയായ ചോദ്യംചെയ്യലിൽ
text_fieldsതിരൂര്‍/മലപ്പുറം: ഹോട്ടൽ വ്യാപാരി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടത് പ്രതികളായ ഷിബിലിയെയും ഫര്‍ഹാനയെയും മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം. ഹണി ട്രാപ്പില്‍ പെടുത്താനുള്ള ശ്രമത്തിനിടെയാണ് കൊലപാതകമെന്ന പൊലീസ് സംശയം ഒടുവിൽ സത്യമായി. പ്രതികൾ ഹോട്ടൽ റൂമിൽ സാമ്പത്തികകാര്യങ്ങള്‍ പറഞ്ഞ് കലഹമുണ്ടാവുകയും തുടർന്നുണ്ടായ ആക്രമണത്തിലാണ് സിദ്ദീഖ് മരിച്ചതെന്നും കണ്ടെത്തി. എന്തെങ്കിലും കലഹമുണ്ടായാല്‍ പ്രതിരോധിക്കാൻ ഫര്‍ഹാന കരുതിയിരുന്ന ചുറ്റിക ഷിബിലിക്ക് നല്‍കുകയും ഷിബിലി സിദ്ദീഖിന്റെ തലക്കടിക്കുകയുമായിരുന്നു.
ട്രെയിൻ മാർഗം രക്ഷപ്പെടാൻ ശ്രമം; വിടാതെ പൊലീസ്
തിരൂർ/മലപ്പുറം: കുറ്റകൃത്യത്തിനു ശേഷം അയൽസംസ്ഥാനത്തേക്ക് കടന്ന പ്രതികളെ പൊലീസ് കൃത്യമായ നിരീക്ഷണത്തിലൂടെയാണ് വലയിലാക്കിയത്. സൈബർ പൊലീസിന്റെയും മറ്റ് അന്വേഷണ വിഭാഗങ്ങളുടെയും പൂർണ സഹകരണത്തോടെയാണ് പ്രതികളെ ചെന്നൈയിൽനിന്ന് പിടികൂടിയത്. മൃതദേഹം മേയ് 19നാണ് ചുരത്തിൽ തള്ളി പ്രതികൾ കടന്നത്. തുടർന്ന് മേയ് 24ന് പുലര്‍ച്ച ഷിബിലി ഫര്‍ഹാനയെ വീട്ടില്‍നിന്ന് കൊണ്ടുപോയി. അതേദിവസം വൈകീട്ട് ഒറ്റപ്പാലത്തുനിന്ന് ട്രെയിന്‍ വഴി ചെന്നൈയിലെത്തി. അവിടെനിന്ന് ട്രെയിന്‍ മാര്‍ഗം അസമിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ആർ.പി.എഫ് സഹായത്തോടെയാണ് കേരള പൊലീസ് പ്രതികളെ തന്ത്രപരമായി വലയിലാക്കിയത്. ശനിയാഴ്ച പുലർച്ച മലപ്പുറത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടുപ്രതിയായ ആഷിഖിനെയും പിടികൂടിയിരുന്നു.
ബാഗിൽ മൃതദേഹം കയറിയില്ല; കട്ടര്‍ ഉപയോഗിച്ച് മുറിച്ചു
തിരൂർ/മലപ്പുറം: ഹോട്ടൽ വ്യാപാരിയായ സിദ്ദീഖ് കൊല്ലപ്പെട്ട ദിവസംതന്നെ പ്രതികൾ കോഴിക്കോട് മാനാഞ്ചിറയില്‍ പോയി ഒരു ട്രോളി ബാഗ് വാങ്ങിയിരുന്നു. എന്നാല്‍, ഒരു ബാഗില്‍ മൃതദേഹം കയറുന്നില്ലെന്ന് വ്യക്തമായതോടെ അടുത്ത ദിവസം കോഴിക്കോട് ടൗണില്‍ പോയി അതേ കടയില്‍നിന്ന് ഒരു ട്രോളി ബാഗ് കൂടി വാങ്ങി. കൂടാതെ ഇലക്ട്രിക് കട്ടറും വാങ്ങി. തുടര്‍ന്ന് വീണ്ടും ലോഡ്ജ് മുറിയിലെത്തി ബാത്ത് റൂമില്‍ വെച്ച് സിദ്ദീഖിന്റെ മൃതദേഹം കട്ടര്‍ ഉപയോഗിച്ച് രണ്ടാക്കി മുറിച്ചു. തുടര്‍ന്ന് മൃതദേഹം രണ്ട് ട്രോളി ബാഗിലാക്കി സിദ്ദീഖിന്റെ കാറിൽ അട്ടപ്പാടി ചുരത്തില്‍ കൊണ്ടുതള്ളുകയായിരുന്നു. മൃതദേഹം തള്ളിയ പ്രദേശത്തെക്കുറിച്ച് കൃത്യമായ അറിവുള്ള ആഷിഖാണ് മൃതദേഹമടങ്ങിയ ട്രോളി ബാഗ് അവിടെ തള്ളാമെന്ന് പറഞ്ഞത്. തുടർന്ന് സിദ്ദീഖിന്റെ വാഹനത്തില്‍തന്നെ സഞ്ചരിച്ച് ആയുധങ്ങളും തുണികളും മറ്റൊരു സ്ഥലത്തും തള്ളി. പിന്നീട് കാര്‍ ചെറുതിരുത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഫര്‍ഹാനയെ വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.