കോടികളുടെ വായ്പ തട്ടിപ്പുകൾ: എൽ.ഡി.എഫ് ഭരിക്കുന്ന സഹകരണ ബാങ്കുകൾ അങ്കലാപ്പിൽ
text_fieldsപറവൂർ: മേഖലയിൽ എൽ.ഡി.എഫ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടത്തിയ കോടികളുടെ വായ്പ തട്ടിപ്പുകൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവരുന്നു. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമവിരുദ്ധമായി വായ്പ നൽകുന്നെന്ന് ആരോപിച്ച് ധർണയും അനിശ്ചിതകാല സമരവും മറ്റും നടത്തിയ സി.പി.എം ഇതോടെ വെട്ടിലായി. സി.പി.എമ്മിെൻറ ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെട്ട ബാങ്ക് ഭരണസമിതിക്കാർ കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയിരിക്കുന്നെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
എൽ.ഡി.എഫ് ഭരിക്കുന്ന പറവൂർ വടക്കേക്കര സഹകരണ ബാങ്കിൽനിന്ന് ഇഷ്ടികക്കളം നടത്താനായി പലരുടെയും പേരിൽ 10 കോടി രൂപയാണ് ഒരുവ്യക്തിക്ക് വായ്പ നൽകിയിരിക്കുന്നത്. ഇതിന് ഈടായി നൽകിയത് ബാങ്കിെൻറ പ്രവർത്തനപരിധിക്ക് പുറത്ത് തൃശൂർ ജില്ലയിലെ മാള, മൂഴിക്കുളം വില്ലേജുകളിൽപെട്ട വയലുകളാണ്.
കൂലിപ്പണിക്കാരുടെ പേരിലും കോടികളാണ് വായ്പ അനുവദിച്ചിരിക്കുന്നത്. പുത്തൻവേലിക്കര സ്വദേശിയാണ് ബാങ്ക് ഭരണസമിതിയിലെ ഉന്നതരുടെ ഒത്താശയോടെ 10 കോടി കീശയിലാക്കിയത്. ഇയാൾ പറവൂർ വടക്കേക്കര സഹകരണ ബാങ്കിൽ ഈടായി നൽകിയ വയൽ മറ്റ് സഹകരണ ബാങ്കുകളിലും ഈട് നൽകി കോടികൾ വാങ്ങിയിട്ടുണ്ട്. ചേന്ദമംഗലം സഹകരണ ബാങ്കിൽനിന്ന് അഞ്ചുപേരുടെ പേരിൽ രണ്ടര കോടിയാണ് വായ്പയെടുത്തിട്ടുള്ളത്.
സമാന രീതിയിൽ പറവൂർ താലൂക്ക് സഹകരണ ബാങ്ക്, മാഞ്ഞാലി സഹകരണ ബാങ്ക്, എന്നിവിടങ്ങളിൽനിന്നും ഭരണക്കാരെ സ്വാധീനിച്ച് കോടികൾ കൈക്കലാക്കി. മാഞ്ഞാലി സ്വദേശി മനാഫ് നാല് ബാങ്കിൽ പോയി ഒപ്പിട്ടു കൊടുത്തു. എന്നാൽ, എത്ര തുകയാണ് വായ്പ എടുത്തിരിക്കുന്നതെന്ന് അറിയില്ല. വായ്പ എടുത്തിരിക്കുന്നവരെല്ലാം സാധാരണക്കാരാണ്. ഇവർക്ക് ഇടപാടിൽ പങ്കില്ലെന്ന് അറിയാമായിരുന്നിട്ടും ബാങ്കുകാർ വെട്ടിപ്പിന് കൂട്ടുനിൽക്കുകയായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന ചേന്ദമംഗലം ബാങ്ക് പ്രവർത്തന പരിധിക്ക് പുറത്തുള്ള വസ്തു ഈടായി സ്വീകരിച്ച് വായ്പ നൽകിയതിൽ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സമാനരീതിയിൽ അതേ വയൽ ഈട് നൽകി എൽ.ഡി.എഫ് ഭരിക്കുന്ന നാല് ബാങ്ക് വായ്പ നൽകിയതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണ വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.