കഞ്ചാവ് ചെടി വളർത്തൽ; ഉദ്യോഗസ്ഥ പിന്തുണയിൽ താൽക്കാലിക ജീവനക്കാരൻ നടത്തിയതെന്ന്
text_fieldsകോട്ടയം: പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയത് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ താൽക്കാലിക ജീവനക്കാരനെന്ന വിവരം പുറത്ത്. രണ്ട് ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന ഈ ‘കൃഷി’ക്ക് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നു. എരുമേലി റേഞ്ച് ഓഫിസർ കെട്ടിച്ചമച്ച ആരോപണമാണ് ഇതെന്ന് വനം വകുപ്പ് ജീവനക്കാർ ആരോപിക്കുമ്പോഴും ഓഫിസ് വളപ്പിൽ കഞ്ചാവ് ചെടികളുണ്ടായിരുന്നെന്ന് തെളിയിക്കുന്ന നിലയിലുള്ള വിവരങ്ങൾ പുറത്തുവരുന്നത് വനംവകുപ്പിന് തിരിച്ചടിയാകുകയാണ്. അന്വേഷണ സംഘത്തിനെ ആശയക്കുഴപ്പത്തിലാക്കുന്ന വിവരങ്ങളാണ് നിത്യേന പുറത്തുവരുന്നത്.
സംഭവം നേരത്തേ അറിഞ്ഞിട്ടും മേലുദ്യോഗസ്ഥരെ കാര്യങ്ങൾ അറിയിക്കാതെ ചില ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന ആക്ഷേപവും ശക്തമാണ്. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കഞ്ചാവ് നട്ടെന്ന് ആരോപണ വിധേയനായ താൽക്കാലിക ജീവനക്കാരനെ പറഞ്ഞുവിട്ടെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കുന്ന ഫോൺ സന്ദേശമാണ് പുറത്തുവന്നത്. വിഷയം ശ്രദ്ധയിൽപെട്ടപ്പോൾ ഓഫിസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇടപെട്ട് ചെടികൾ പിഴുതു കളഞ്ഞെന്ന നിലയിലുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. റേഞ്ച് ഓഫിസർ ആസൂത്രണം ചെയ്ത വിഷയമാണിതെന്ന് ആരോപണം ഉയരുമ്പോഴും കഞ്ചാവ് ചെടികൾ നട്ടെന്ന് പറയപ്പെടുന്ന ഗ്രോബാഗുകളുടെ സാന്നിധ്യവും സംശയം വർധിപ്പിക്കുകയാണ്. ഓഫിസിൽ കഞ്ചാവ് വലിയുൾപ്പെടെ നടന്നെന്ന നിലയിലുള്ള കാര്യങ്ങളും ഫോൺ സംഭാഷണത്തിലുണ്ട്. പ്ലാച്ചേരി വനംവകുപ്പ് ഓഫിസ് നല്ലരീതിയിലല്ല പോകുന്നതെന്ന് റേഞ്ച് ഓഫിസർ പറയുന്നതും ഫോൺ സംഭാഷണത്തിലുണ്ട്.
പുതിയ വനംവകുപ്പ് സ്റ്റേഷനായിട്ട് നിർദേശം ചെയ്തിരിക്കുന്ന സ്ഥലത്താണ് കഞ്ചാവ് കൃഷി നടന്നതെന്നും നിരവധി ചെടികൾ ഈ സ്ഥലത്തുണ്ടായിരുന്നെന്നും അത് ജീവനക്കാരെ ഉപയോഗിച്ച് പറിച്ചുകളഞ്ഞെന്നുമൊക്കെ വ്യക്തമാക്കുന്ന ഫോൺ സംഭാഷണങ്ങളാണ് പുറത്തുവന്നത്. ഈ ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉൾപ്പെടെ സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് സാങ്കേതിക പരിശോധന ഉൾപ്പെടെ നടത്താൻ അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.