കസ്റ്റഡിക്കൊല: പ്രതികളെ പിടികൂടുന്നത് സി.ബി.ഐ കേസ് ഏറ്റെടുത്ത് എട്ടാം മാസത്തിലേക്ക് കടക്കുമ്പോൾ
text_fieldsതാനൂർ: താമിർ ജിഫ്രി കസ്റ്റഡിക്കൊല കേസിൽ പ്രതികളെ പിടികൂടുന്നത് സി.ബി.ഐ കേസ് ഏറ്റെടുത്ത് എട്ടാം മാസത്തിലേക്ക് കടക്കുമ്പോൾ. 2023 സെപ്റ്റംബർ 20നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. തുടർന്ന് മരിച്ച താമിർ ജിഫ്രിയുടെ സഹോദരന്റെ മൊഴി രേഖപ്പെടുത്തി. ഹൈകോടതി ഉത്തരവിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിൽനിന്ന് സി.ബി.ഐ ഏറ്റെടുത്തത്.
ചേളാരിയിൽനിന്ന് ജൂലൈ 31ന് രാത്രിയാണ് താമിർ ഉൾപ്പെടെ ഒരു സംഘത്തെ താനൂർ പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് കൈവശമുണ്ടെന്ന് സംശയിച്ച് പിടികൂടിയ താമിറിനെ പൊലീസ് ക്രൂരമായി മർദിച്ചെന്നും ആഗസ്റ്റ് ഒന്നിന് രാവിലെ ഇയാൾ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടെന്നുമാണ് കേസ്. ആഗസ്റ്റ് 10ന് സർക്കാർ കേസന്വേഷണം സി.ബി.ഐക്ക് വിട്ടു. എന്നാൽ, തുടർനടപടികളിലെ മെല്ലപ്പോക്ക് കാരണം സി.ബി.ഐ കേസ് ഏറ്റെടുക്കുന്നതിന് കാലതാമസമെടുത്തു.
താമിറിന്റെ മരണത്തിന് മർദനം കാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ആന്തരികാവയവ പരിശോധനയിലും വ്യക്തമായിരുന്നു. ഇതിനു ശേഷം വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഹൈകോടതി ഇടപെടലിനു പിന്നാലെ നാല് ഡാൻസാഫ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് പ്രതിപ്പട്ടിക സമർപ്പിച്ചിട്ടും അറസ്റ്റ് നടപടികൾ വൈകുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തതോടെ കേസ് ചുരുളഴിയും എന്നാണ് പ്രതീക്ഷ.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം -യൂത്ത് ലീഗ്
താനൂർ: താനൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് താമിർ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഉന്നതരെ ഒഴിവാക്കി സിവിൽ പൊലീസ് ഓഫിസർമാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ഒതുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് താനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഡാൻസഫ് സംഘത്തിലെ പൊലീസുകാരെ മാത്രമാണ് നിലവിൽ അറസ്റ്റ് ചെയ്തത്. ഡാൻസഫ് സംഘത്തിന്റെ തലവൻ മലപ്പുറം എസ്.പി, ഡി.വൈ.എസ്.പി, താനൂർ സ്റ്റേഷനിലെ ഉന്നത പൊലീസ് ഓഫിസർമാർ ഉൾപ്പെടെ അന്ന് ആരോപണവിധേയരായിരുന്നു. ഉന്നതരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടായാൽ യൂത്ത് ലീഗ് വീണ്ടും സമര രംഗത്ത് ഇറങ്ങുമെന്നും താനൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു. ഉബൈസ് കുണ്ടുങ്ങൽ, ടി. നിയാസ്, എ.പി. സൈതലവി, സൈതലവി തൊട്ടിയിൽ, എ.എം. യൂസഫ്, പി. അയൂബ്, സമീർ ചിന്നൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.