പാസ്പോർട്ട് ഡെലിവറിയുടെ മറവിൽ സൈബർ സാമ്പത്തിക തട്ടിപ്പ്
text_fieldsആയഞ്ചേരി: പാസ്പോർട്ടിന് അപേക്ഷിച്ച വീട്ടമ്മയെ സ്പീഡ് പോസ്റ്റ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോൺ വിളിച്ച് പണം തട്ടി. ആയഞ്ചേരി സ്വദേശി വീട്ടമ്മക്കാണ് ഗൂഗ്ൾ പേ ചെയ്തുകൊടുത്തതു വഴി 200 രൂപ നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഇവരുടെ ഫോണിലേക്ക് ഒരു കാൾ വന്നു. ഹിന്ദിയിൽ സംസാരിക്കുന്നത് കേട്ട് ഹിന്ദിയറിയുന്ന ബന്ധുവിന് ഫോൺ കൈമാറി. പാസ്പോർട്ട് സ്പീഡ് പോസ്റ്റായി തപാലിൽ അയച്ചിട്ടുണ്ടെന്നും സ്റ്റാമ്പ് ചാർജ് ഇനത്തിൽ അഞ്ചു രൂപ കൂടുതൽ നൽകാൻ മൊബൈൽ ഫോണിലേക്ക് സ്പീഡ് പോസ്റ്റ് എംബ്ലം അടങ്ങുന്ന ഒരു ലിങ്ക് അയച്ചിട്ടുണ്ടെന്നും അതിലേക്ക് അഞ്ചുരൂപ പേമെന്റ് ചെയ്യാൻ ആവശ്യപ്പെടുകയുമാണുണ്ടായത്.
അയച്ച ലിങ്കിലൂടെ അക്കൗണ്ടിലേക്ക് അഞ്ചുരൂപ കൈമാറാൻ ശ്രമിച്ചെങ്കിലും പേമെന്റ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഓൺലൈൻ പേമെന്റ് ചെയ്യുന്നില്ലെങ്കിൽ നേരിട്ട് പോസ്റ്റ് ഓഫിസിൽ ചെന്ന് പാസ്പോർട്ട് കൈപ്പറ്റണമെന്ന് അറിയിക്കുകയും ചെയ്തു. പാസ്പോർട്ട് അത്യാവശ്യമായതിനാൽ വിളിച്ച ഫോണിലേക്ക് വീണ്ടും വിളിക്കുകയായിരുന്നു. ഉടൻ ഡെലിവറി ചെയ്യണമെങ്കിൽ 500 രൂപ ഓൺലൈൻ പേമെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ലിങ്കിലൂടെ പൈസ അടക്കാൻ കഴിയാതെ വന്നതിനാൽ വിളിച്ച നമ്പറിലേക്ക് 200 രൂപ ഗൂഗ്ൾ പേ ചെയ്തുകൊടുക്കുകയായിരുന്നു. തുടർന്ന് ബാക്കിയുള്ള 300 രൂപകൂടി ഉടൻ അയച്ചുകൊടുക്കാൻ വീണ്ടും ഫോൺ കാൾ വന്നു. ഇതിനിടയിലാണ് ആയഞ്ചേരി പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ പാസ്പോർട്ട് വീട്ടിലെത്തിക്കുന്നത്.
പാസ്പോർട്ട് ലഭിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെടുന്നത്. തട്ടിപ്പിന്റെ ഭാഗമായി വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ട് കൈവശപ്പെടുത്താനുള്ള ശ്രമമാണെന്ന് കരുതപ്പെടുന്നു. അഞ്ചു രൂപ അടക്കാൻ ശ്രമിച്ച ബാങ്ക് അക്കൗണ്ടിൽ സംഖ്യ കുറവായതിനാലായിരിക്കാം കൂടുതൽ പണം നഷ്ടപ്പെടാഞ്ഞതെന്ന് വീട്ടമ്മ പറയുന്നു. പാസ്പോർട്ട് ഡെലിവറി എസ്.എം.എസ് ചോർത്തിയുള്ള തട്ടിപ്പാണെന്നും സമാനമായ അനുഭവം പാസ്പോർട്ട് ഓഫിസ് പരിധിയിൽ മുമ്പും നടന്നിട്ടുണ്ടെന്നുമാണ് കോഴിക്കോട് പാസ്പോർട്ട് ഓഫിസിൽനിന്ന് ലഭിച്ച വിവരം. പാസ്പോർട്ട് ഓഫിസ് പോലെയുള്ള അതിസുരക്ഷയുള്ള ഓഫിസിൽനിന്ന് പാസ്പോർട്ട് ഡെലിവറി വിവരം എങ്ങനെ ചോർന്നുവെന്നത് ആശങ്ക ഉളവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.