അപര അക്കൗണ്ടുകളിൽ സൈബർ തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ
text_fieldsഅവിനാശ്, അനൂപ്
മംഗളൂരു: പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെളഗാവി തഹസിൽദാർ ഗല്ലിയിലെ അവിനാശ് സുതർ (28), രാംദേവ് ഗല്ലിയിലെ അനൂപ് കരേക്കർ (42) എന്നിവരാണ് അറസ്റ്റിലായത്.
സൈബർ കുറ്റകൃത്യ കേസിന്റെ അന്വേഷണത്തിനിടെ നിരപരാധികളുടെ ബാങ്ക് അക്കൗണ്ടുകൾ ചൂഷണം ചെയ്യുന്ന ഇരുവരും ചേർന്നുള്ള പദ്ധതി പൊലീസ് കണ്ടെത്തി. ചെറിയ തുക വാഗ്ദാനം ചെയ്ത് ദരിദ്രരായ വ്യക്തികളെ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ പ്രതികൾ പ്രേരിപ്പിക്കും. തുടർന്ന് ഓൺലൈൻ ബിസിനസ് നടത്താനെന്ന വ്യാജേന അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് സൈബർ തട്ടിപ്പുകാർക്ക് കൈമാറും. വിഡിയോ കോളുകളിലൂടെയും ഡിജിറ്റൽ അറസ്റ്റുകളിലൂടെയും സമ്പന്നരായ വ്യക്തികളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം നിക്ഷേപിക്കാൻ തട്ടിപ്പുകാർ ഈ അക്കൗണ്ടുകൾ ഉപയോഗിക്കും. മംഗളൂരു പുത്തൂരിൽനിന്നുള്ള രാധാകൃഷ്ണ നായക് എന്ന ഇരക്ക് സൈബർ തട്ടിപ്പുകാർ വിഡിയോ കോൾ അയച്ചതിനെതുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന് അവർ ഭീഷണിപ്പെടുത്തി.
പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് അദ്ദേഹം ആർ.ടി.ജി.എസ് വഴി 40 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു.
കുറച്ച് ദിവസങ്ങൾക്കുശേഷം സംശയം തോന്നിയ അദ്ദേഹം സി.ഇ.എൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബെളഗാവിയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തിയതിനെതുടർന്ന് അറസ്റ്റിലായ വ്യക്തികളുടെ പങ്കാളിത്തം വെളിപ്പെട്ടു. ഉത്തരേന്ത്യയിൽനിന്നുള്ള സൈബർ കുറ്റവാളികളുമായി ടെലിഗ്രാം വഴി പ്രതികൾ സഹകരിച്ചതായി കണ്ടെത്തി.
നിരവധി വ്യക്തികൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ഇവർക്ക് വിറ്റതായി കണ്ടെത്തി. ഓൺലൈൻ തട്ടിപ്പുകളുടെ കേന്ദ്രമായ ഝാർഖണ്ഡിലെ ജംതാരയും ഈ സൈബർ തട്ടിപ്പ് ഓപറേഷനും തമ്മിലുള്ള ബന്ധവും അറസ്റ്റിലായ ഇരുവരും വെളിപ്പെടുത്തി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.