സൈബർ തട്ടിപ്പ് ഗ്രാമങ്ങളിലും; രജിസ്റ്റർ ചെയ്തത് 150 കേസ്
text_fieldsകൊട്ടാരക്കര: കൊല്ലം റൂറൽ പൊലീസ് ജില്ലയിലും വ്യാപകമായി ഓൺലൈൻ സൈബർ തട്ടിപ്പ്. റൂറലിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 150 കേസുകളാണ്. 13.79 കോടിയാണ് ആകെ നഷ്ടപ്പെട്ടത്.
അടുത്ത വർഷങ്ങളിലാണ് ഗ്രാമീണമേഖലകൾ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പുകൾ വ്യാപകമായത്. 2023ൽമാത്രം 59 കേസുകളാണ് സൈബർ തട്ടിപ്പ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തത്. ഈ വർഷം ജൂൺ 30വരെ 54 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൈബർ കേസുകളുമായി ബന്ധപ്പെട്ട് 87,50,247 രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഈവർഷം തടഞ്ഞുവെച്ചിരിക്കുന്നത്. 3,69,066 രൂപ ഉടമസ്ഥരുടെ അക്കൗണ്ടുകളിൽ തിരികെയെത്തിക്കുന്നതിനും കഴിഞ്ഞു.
117 അക്കൗണ്ടുകളിലായി തടഞ്ഞുവെച്ചിട്ടുള്ള 54,30,757 രൂപ പരാതിക്കാരുടെ അക്കൗണ്ടിൽ തിരികെ എത്തിക്കാൻ സ്പെഷൽ ഡ്രൈവ് നടക്കുകയാണ്. നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുന്നതിനുവേണ്ടി പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് എസ്.പി സാബു മാത്യു വ്യക്തമാക്കി. ഇനി പരാതിക്കാർ കോടതിയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട തുക ബാങ്കിൽ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം.
കൊല്ലം റൂറൽ ജില്ലയിൽ ലഭിച്ചിട്ടുള്ള 11 പരാതികളിൽ കേരളത്തിലെ മറ്റു ജില്ലകളിൽ ചെക്ക് വഴി തുക പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈബർ തട്ടിപ്പുകൾ നടത്തുന്നവരിൽ മലയാളികളുടെ സാന്നിധ്യം വർധിക്കുന്നതായും എസ്.പി പറഞ്ഞു.
കംബോഡിയ, വിയറ്റ്നാം, തായ്ലാൻഡ് തുടങ്ങിയ കിഴക്കൽ ഏഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിപോവുകയോ തിരിച്ചുവരാതെയോ നിൽക്കുകയോ ചെയ്യുന്ന 25ഓളം കൊല്ലം റൂറൽ നിവാസികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷിക്കുകയാണ്.
തട്ടിപ്പ് രീതികൾ പലവിധം
വിദേശത്തേക്ക് അയച്ച പാഴ്സലിൽ അല്ലെങ്കിൽ വന്ന പാഴ്സലിൽ മയക്കുമരുന്ന് പോലുള്ള തെറ്റായ കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒഴിവാക്കുന്നതിലേക്ക് പണം നൽകണമെന്നും ആവശ്യപ്പെട്ട് ഫോൺകോളുകളും മെസേജുകളും അയക്കുന്നതാണ് തട്ടിപ്പുകളിലൊരു രീതി.
ബാങ്കിൽനിന്ന് അല്ലെങ്കിൽ സൈബർ ടെക്നീഷ്യൻ ആണ് എന്നുപറഞ്ഞ് പരിചയമുണ്ടാക്കി തട്ടിപ്പ് ആപ്പുകൾ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തും കബളിപ്പിക്കുന്ന സംഘങ്ങളുണ്ട്. കമ്പ്യൂട്ടറിൽ റിമോട്ട് ബന്ധം നടത്തി വിവരങ്ങളും മറ്റും ശേഖരിക്കുകയും പ്രവർത്തികൾ മനസ്സിലാക്കി സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിയൊരുക്കുകയുമാണ്.
വായ്പയുടെ പേരിലും തട്ടിപ്പുകൾ അരങ്ങേറുന്നു.
വൈദ്യുതി ചാർജ് അടക്കാനുണ്ടെന്ന് പറഞ്ഞ് കെ.എസ്.ഇ.ബിയിൽനിന്ന് അയക്കുന്നു എന്ന ധാരണയിൽ വ്യജ എസ്.എം.എസുകൾ അയച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന സംഘവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.