ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം സൈബർ പൊലീസ് തിരിച്ചെടുത്ത് നൽകി
text_fieldsആലുവ: ഒൺലൈൻ തട്ടിപ്പുവഴി പണം തട്ടിയെടുക്കുന്ന സംഭവം പതിവാകുന്നു. രണ്ട് കേസിലായി വയോധികന്റെയും യുവാവിന്റെയും പണമാണ് ഇക്കുറി നഷ്ടപ്പെട്ടത്. എന്നാൽ, റൂറൽ സൈബർ പൊലീസിന്റെ ഇടപെടൽ മൂലം നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനായി. എടത്തല പുക്കാട്ടുപടി സ്വദേശിയായ അറുപതുകാരന് അക്കൗണ്ടിലുണ്ടായിരുന്ന 74,498 രൂപയാണ് നഷ്ടപ്പെട്ടത്. ബി.എസ്.എൻ.എൽ കണക്ഷനുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സിം കാർഡിന്റെ കെ.വൈ.സി കാലാവധി കഴിഞ്ഞെന്നും ഉടൻ പുതുക്കിയില്ലെങ്കിൽ സേവനം അവസാനിക്കുമെന്നും പറഞ്ഞാണ് മൊബൈലിൽ മെസേജ് വന്നത്. ബന്ധപ്പെടാൻ പറഞ്ഞ മൊബൈൽ നമ്പറിൽ ഇദ്ദേഹം വിളിച്ചു. ഒരു ആപ് ഡൗൺലോഡ് ചെയ്യാൻ സംഘം നിർദേശിച്ചു. ബി.എസ്.എൻ.എല്ലിലേതുമായി സാദൃശ്യമുള്ളതായിരുന്നു ആപ്. ഇത് ഡൗൺ ലോഡ് ചെയ്തതിനുശേഷം അതുവഴി 10 രൂപ അയക്കാനും ആവശ്യപ്പെട്ടു. മണിക്കൂറുകൾക്കകം അക്കൗണ്ടിലുള്ള തുക മുഴുവൻ തട്ടിപ്പുസംഘം കൈക്കലാക്കി.
ഉടൻ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തി. തുക പോയിരിക്കുന്നത് ഒാൺലൈൻ ഗെയിം കളിക്കുന്ന അക്കൗണ്ടിലേക്കാണെന്ന് അന്വേഷണത്തിൽ മനസ്സിലായി. ഗെയിമിന്റെ ലീഗൽ സെല്ലുമായി പൊലീസ് ബന്ധപ്പെടുകയും പണം അക്കൗണ്ടിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. ഒ.എൽ.എക്സിൽ കാമറ വിൽക്കാനുണ്ടെന്ന പരസ്യം കണ്ട് ബന്ധപ്പെട്ട യു.സി കോളജ് സ്വദേശിയായ യുവാവിന് 25,000 രൂപയാണ് നഷ്ടപ്പെട്ടത്. പരസ്യത്തിൽ ഉണ്ടായിരുന്ന നമ്പറുമായി യുവാവ് ബന്ധപ്പെട്ടു. ആർമി ഉദ്യോഗസ്ഥനാണെന്നും നെടുമ്പാശ്ശേരി എയർ പോർട്ടിലാണ് ജോലിയെന്നും ഇപ്പോൾ ആലുവയിലുണ്ടെന്നും പരസ്യം നൽകിയയാൾ പറഞ്ഞു. ആവശ്യപ്പെട്ടതനുസരിച്ച് യുവാവ് 25,000 രൂപ അക്കൗണ്ട് വഴി അഡ്വാൻസും നൽകി. പിന്നീട് ഫോൺ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോഴാണ് യുവാവ് എസ്.പിക്ക് പരാതി നൽകിയത്.
സൈബർ പൊലീസ് സ്റ്റേഷൻ ടീം ഉടൻ ഇടപെട്ട് പണം കൈമാറിയ അക്കൗണ്ട് ഫ്രീസ് ചെയ്യുകയും പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഒാൺലൈൻ ഇടപാടുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, എസ്.ഐ സി. കൃഷ്ണകുമാർ, സി.പി.ഒമാരായ പി.എസ്. ഐനീഷ്, ജെറി കുര്യാക്കോസ്, സി.ഐ ഷിറാസ് അമീൻ എന്നിവരും ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.