പരീക്ഷക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് 15കാരിയായ ദലിത് പെൺകുട്ടിയെ അധ്യാപിക നഗ്നയാക്കി പരിശോധിച്ചതായി പരാതി
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ 15കാരിയായ ദലിത് പെൺകുട്ടിയെ അധ്യാപിക നഗ്നയാക്കി പരിശോധിച്ചതായി പരാതി. പരീക്ഷക്ക് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു പരിശോധന.
ഹൈദരാബാദിലെ സെന്‍റ് ആൻഡ്രൂസ് സ്കൂളിൽ സെപ്റ്റംബർ 23നാണ് സംഭവം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പരീക്ഷയായിരുന്നു സെപ്റ്റംബർ 23ന്. ആർത്തവമായിരുന്നതിനാൽ പെൺകുട്ടി പരീക്ഷക്കിടെ രണ്ടുതവണ വാഷ്റൂമിൽ പോയിരുന്നു. പെൺകുട്ടി പരീക്ഷക്കിടെ വാഷ്റൂമിൽ പോയത് കോപ്പിയടിക്കാനാണെന്ന് അധ്യാപിക ആരോപിച്ചതായി പെൺകുട്ടിയുടെ മാതാവ് സുധ പറയുന്നു.
തുടർന്ന് പെൺകുട്ടിയെ സ്റ്റാഫ് മുറിയിലേക്ക് വിളിപ്പിച്ചു. ആയയെയും പെൺകുട്ടിയെയും കൂട്ടി വാഷ്റൂമിലേക്ക് പോയി. അവിടെവെച്ച് പെൺകുട്ടിയുടെ അടിവസ്ത്രങ്ങൾ അടക്കം അഴിച്ച് പരിശോധിച്ചു. വസ്ത്രത്തിനടിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു പരിശോധന. പരിശോധനയിൽ യാതൊന്നും അധ്യാപികക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഫോൺ കൊണ്ടുവന്നത് പെൺകുട്ടി നിരസിച്ചതോടെ അധ്യാപിക ശാസിക്കുകയും ചെയ്തു. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി മാതാവിനോട് സംഭവം വിവരിക്കുകയായിരുന്നു.
സംഭവത്തിൽ സുധ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അതേസമയം ആരോപണങ്ങൾ സ്കൂൾ അധികൃതർ നിഷേധിച്ചു.എസ്.സി/എസ്.ടി, ക്രിമിനൽ കുറ്റകൃത്യ വകുപ്പുകൾ പ്രകാരമാണ് കേസ്.
മകൾ ആദ്യമായല്ല സ്കൂൾ അധികൃതർക്കും അധ്യാപികക്കുമെതിരെ പരാതി പറയുന്നതെന്ന് സുധ പറഞ്ഞു. ഇതേ അധ്യാപിക പലപ്പോഴും മകെള അധിക്ഷേപിച്ചിരുന്നു. മറ്റു വിദ്യാർഥികൾക്കിടയിൽവെച്ച് പരസ്യമായും അപമാനിച്ചിരുന്നു. വസ്ത്രത്തിന്റെയും രൂപത്തിന്‍റെയും പേരിലും അധ്യാപിക നിസാര കാര്യങ്ങൾക്ക് ശകാരിച്ചിരുന്നതായും മാതാവ് പറയുന്നു.
മാലാ സമുദായത്തിൽ ഉൾപ്പെട്ടതാണ് പെൺകുട്ടി. എസ്.സി വിഭാഗത്തിൽ നിന്നായതിനാൽ അധ്യാപകരും വിദ്യാർഥികളും മകളെ ഒറ്റപ്പെടുത്തിയിരുന്നു. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന് ഒരിക്കൽ അധ്യാപിക മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് അപമാനിച്ചു. ഓൺലൈൻ ക്ലാസിനിടെ നെറ്റ്വർക്ക് തകരാറിനെ തുടർന്ന് വിഡിയോ ഓഫായതോടെ മകളെ മോശം ഭാഷയിൽ ശകാരിച്ചുവെന്നും സംഭവത്തിന് താൻ സാക്ഷിയാണെന്നും സുധ പൊലീസിൽ പറഞ്ഞു.
സംഭവത്തിന് ശേഷം സെപ്റ്റംബർ 24ന് സുധ സ്കൂളിലെത്തി അധികൃതരോട് പരാതി നൽകിയിരുന്നു. എന്നാൽ ബന്ധെപ്പട്ടവർക്കെതിരെ നടപടി സ്വീകരിക്കാൻ അവർ തയാറായില്ല. സമയം പാഴാക്കുന്നുവെന്നായിരുന്നു സ്കൂൾ അധികൃതരുടെ മറുപടി.
അധ്യാപികക്കെതിരെ അന്വേഷണം നടത്തി സ്കൂളിൽനിന്ന് പുറത്താക്കണമെന്നാണ് സുധയുടെ ആവശ്യം. കൂടാതെ സംഭവത്തിൽ മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.