വിവാഹത്തിന് ദലിത് യുവാവ് കുതിരപ്പുറത്തേറി വധുവിന്‍റെ വീട്ടിലെത്തി; കുടുംബത്തിന് നേരെ ആക്രമണം
text_fieldsജയ്പൂർ: വിവാഹത്തിന് വരൻ കുതിരപ്പുറത്തേറി വധുവിന്‍റെ വീട്ടിലേക്കെത്തിയതിന് ദലിത് കുടുംബങ്ങൾക്ക് സവർണരുടെ ആക്രമണം. രാജസ്ഥാൻ ജയ്പൂരിൽ പാവ്ത ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
വിവാഹവേദിയിലേക്ക് സവർണർ കല്ലെറിയുകയായിരുന്നു. പൊലീസ് നോക്കിനിൽക്കേയായിരുന്നു ആക്രമണം. സംഭവത്തിൽ പത്തുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സവർണരുടെ ആക്രമണത്തിൽ 12 പേർക്കാണ് പരിക്കേറ്റത്. പൊലീസിന്‍റെ സംരക്ഷണത്തിലായിരുന്നു വിവാഹം. എന്നാൽ വിവാഹ ഘോഷയാത്രക്ക് െപാലീസ് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടതോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ നടപടി സ്വീകരിച്ചു.
'ഒരു ദലിത് യുവാവ് വിവാഹത്തിന് കുതിരപ്പുറത്ത് വരുന്നതിനെ ഗ്രാമത്തിലെ ചിലർ എതിർത്തിരുന്നു. തുടർന്ന് വിവാഹത്തിന് മുന്നോടിയായി യുവാവും കുടുംബവും സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു. ഇതോടെ കുടുംബത്തിന് സംരക്ഷണമൊരുക്കാൻ പൊലീസ് സംഘത്തെയും വിന്യസിച്ചിരുന്നു. എന്നാൽ, വിവാഹാഘോഷ ചടങ്ങുകൾ നടക്കുന്നതിനിടെ ചിലർ ദലിത് കുടുംബത്തിന് നേരെ കല്ലെറിയുകയായിരുന്നു' -പ്രാഗ്പുര പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ശിവ ശങ്കർ ശർമ പറഞ്ഞു. രജ്പുത് സമുദായത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നും െപാലീസ് പറഞ്ഞു.
സംഭവത്തിൽ, പൊലീസിന്‍റെ നിരുത്തരവാദത്തിൽ കോട്ട്പുത്ലി അസിസ്റ്റൻറ് സൂപ്രണ്ട് ഓഫ് പൊലീസ്, സർക്കിൾ ഒാഫിസർ, സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കെതിരെയാണ് നടപടി.
വധുവിന്‍റെ വീട്ടിലേക്ക് കുതിരപ്പുറത്തായിരുന്നു വരൻ എത്തിയത്. ഇതിൽ സവർണർ രോഷം കൊള്ളുകയായിരുന്നു. ദലിതർ വിവാഹത്തിൽ കുതിരപ്പുറത്ത് വരുന്നത് ഗ്രാമത്തിൽ പതിവില്ല. ഈ വിവേചനം മാറ്റുന്നതിനാണ് മകന്‍റെ വിവാഹത്തിന് കുതിരപ്പുറത്ത് വധുവിന്‍റെ വീട്ടിലെത്തിയതെന്ന് വധുവിന്‍റെ പിതാവ് ഹരിപാൽ ബാലൈ പറഞ്ഞു. കുടുംബത്തിന്‍റെ സംരക്ഷണത്തിനായി നിയോഗിച്ച പൊലീസുണ്ടായിട്ടും കല്ലേറ് 15 മിനിട്ടോളം നീണ്ടതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.