ദലിത് യുവതിയെ അപമാനിച്ച ബി.ജെ.പി പ്രവർത്തകനെ കമ്മീഷണർ എത്തും മുമ്പേ പാർട്ടി നേതാക്കൾ കൊണ്ടുപോയി
text_fieldsമംഗളൂരു: ദലിത് യുവതിയെ അപമാനിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത ബി.ജെ.പി പ്രവർത്തകനെ മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബജ്പെ സ്റ്റേഷനിൽ എത്തും മുമ്പേ പൊലീസ് ആ പാർട്ടി നേതാക്കൾക്കൊപ്പം വിട്ടയച്ചതായി ആക്ഷേപം.ബി.ജെ.പി പ്രവർത്തകനും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ഡവര ഗ്രാമപഞ്ചായത്തിൽ പാർട്ടി സ്ഥാനാർത്ഥിയുമായിരുന്ന കെ.സുദർശനാണ് പൊലീസ് തുണയായത്.
ബജ്പെ ദലിത് കോളനിയിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച് പരാതി പറഞ്ഞതിന് യുവതിയെ ഫോണിൽ വെളിച്ച് തെറിപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിൽ സുദർശനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെയാണ് ദലിത് സംഘടനകൾ പ്രതിഷേധവുമായി എത്തിയത്.പ്രശ്നം സംസാരിക്കാൻ കമ്മീഷണർ കുൽദീപ് കുമാർ ജയിൻ വരാമെന്ന് പറഞ്ഞിരുന്നു.എന്നാൽ അതിന് മുമ്പു തന്നെ സുദർശനെ പൊലീസ് വിട്ടയച്ചു.
ദലിത് കോളനിയിൽ അനുഭവപ്പെടുന്ന ശുദ്ധജല പ്രശ്നം സംബന്ധിച്ച് യുവതി പഞ്ചായത്ത് അംഗം സവിതയോടാണ് ആദ്യം ഫോണിൽ സംസാരിച്ചത്.അവർ യുവതിയെ കേൾക്കുന്നതിന് പകരം അസഭ്യം പറയുകയാണ് ചെയ്തതെന്ന് പരാതിയിൽ പറഞ്ഞു.യുവതിയുടെ നമ്പർ സവിത സുദർശന് കൈമാറി.അയാൾ വിളിച്ച് മോശമായി സംസാരിക്കുകയും ജാതിപ്പേര് വിളിച്ച് പരിഹസിക്കുകയും ചെയ്തു.
ഈ പ്രശ്നം ഉന്നയിച്ചാണ് ഭീം സേനയുടെ നേതൃത്വത്തിൽ ദലിത് സംഘടന പ്രതിനിധികൾ ബജ്പെ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്.കസ്റ്റഡിയിലെടുത്ത സുദർശനെ അറസ്റ്റ് ചെയ്യണം എന്ന് അവർ ആവശ്യപ്പെടുന്നതിനിടെ പോലീസ് സ്റ്റേഷനിൽ അരങ്ങേറിയ രക്ഷപ്പെടുത്തൽ നാടകം പ്രതിഷേധം കനക്കാൻ വഴിവെച്ചു.അറസ്റ്റ് ചെയ്യാതെ പൊലീസ് സ്റ്റേഷൻ വിട്ടു പോവില്ലെന്ന് ശഠിച്ച് നേതാക്കൾ കുത്തിയിരുന്നു.ഒടുവിൽ മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ജയിനുമായി ബജ്പെ സ്റ്റേഷനിൽ നടത്തിയ ചർച്ചയിൽ മൂന്ന് ദിവസത്തിനകം അറസ്റ്റ് ഉണ്ടാവൂമെന്ന ഉറപ്പ് ലഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
ബി.ജെ.പി നേതാക്കൾക്ക് വഴങ്ങിയാണ് സുദർശനെ പൊലീസ് വിട്ടയച്ചതെന്ന് ദലിത് യുവതിയുടെ ജ്യേഷ്ഠൻ ചരൺ കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അയാളേയും കൂട്ടി ബി.ജെ.പി നേതാക്കൾ പോവുന്നത് തങ്ങൾക്ക് ഏറെ വേദനയുണ്ടാക്കി എന്ന് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.