അപകടകരമായ ഡ്രൈവിങ്, മത്സരയോട്ടം; കൈയോടെ പൊക്കാൻ മോട്ടോർ വാഹന വകുപ്പ്
text_fieldsകൊച്ചി: അപകടകരമായ ഡ്രൈവിങ് മൂലം അപകടങ്ങളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്. കുറ്റകൃത്യങ്ങൾക്ക് പിഴയിട്ടാലും വീണ്ടും ആവർത്തിക്കുന്ന പ്രവണതയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക പരിശോധന നടത്തി നിയമലംഘകരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിക്കും. മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ച സംഭവത്തെ തുടർന്ന് പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്.
അപകടകരമായ ഡ്രൈവിങ്ങിന് ഉൾപ്പെടെ ജില്ലയിൽ ഈവർഷം 701 ലൈസൻസുകളാണ് മരവിപ്പിച്ചത്. സംസ്ഥാനത്തുടനീളം രണ്ടായിരത്തിലേറെ എണ്ണം മരവിപ്പിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സംവിധാനമുള്ള കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിൽ കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾ കുറവാണ്. മഴക്കാലമായതോടെ റോഡ് അപകടങ്ങളുടെ തോത് കൂടിയിരിക്കുകയാണ്. വാഹനം തെന്നിമറിഞ്ഞ് അപകടത്തിൽപ്പെടുന്നതും വർധിച്ചു. ഇരുചക്ര വാഹനയാത്രികരാണ് ഇരകളിലേറെയും. നിയമലംഘനങ്ങൾക്ക് പിഴയീടാക്കി കേസ് അവസാനിപ്പിക്കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. എന്നാൽ, കുറ്റകൃത്യം ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലൈസൻസ് നിശ്ചിതകാലത്തേക്ക് റദ്ദാക്കൽ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കുന്നത്. കുറ്റകൃത്യം ആവർത്തിച്ചാൽ പൂർണമായും റദ്ദാക്കും. ആഡംബര ബൈക്കുകളിലെ അമിതവേഗവും അഭ്യാസപ്രകടനങ്ങളും പലയിടത്തും നടക്കുന്നുണ്ട്. പൊതുറോഡുകളിൽ നടത്തുന്ന റേസിങ്ങുകൾ നിയമവിരുദ്ധമാണ്. മുൻകൂർ അനുമതിയില്ലാതെ ഓഫ് റോഡ് റേസുകൾ നടത്താനും കഴിയില്ല. ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.