അപകടകരമായ ഡ്രൈവിങ്: കെ.എസ്.ആര്.ടി.സി ഡ്രൈവർക്ക് 15 ദിവസം 'വീട്ടിലിരിക്കാം'
text_fieldsകൊച്ചി: അപകടകരമായ രീതിയില്‍ ആലുവ ഭാഗത്ത് ദേശീയപാതയിലൂടെ വാഹനമോടിച്ച കെ.എസ്.ആര്.ടി.സി ഡ്രൈവറുടെ ലൈസന്‍സ് താൽക്കാലികമായി റദ്ദുചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സിങ് അതോറിറ്റി തീരുമാനിച്ചു.
കെ.എസ്.ആര്.ടി.സി ഡ്രൈവറായ സുനില്‍കുമാറിന്റെ ലൈസന്‍സ് ആഗസ്റ്റ് 16 മുതല്‍ 30 വരെ15 ദിവസത്തേക്കായിരിക്കും സസ്പെന്‍ഡ് ചെയ്യുന്നത്. ഏപ്രില്‍ 18നാണ് പരാതിക്കാധാരമായ സംഭവം. ചേര്‍ത്തല - മാനന്തവാടി കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് സ്റ്റേജ് കാര്യേജ് ഡ്രൈവറായിരുന്ന സുനില്‍കുമാര്‍ പുളിഞ്ചോടില്‍ ചുവപ്പ് സിഗ്നല്‍ നില്‍ക്കെ സിഗ്നല്‍ ഒഴിവാക്കാൻ ഇടതുവശത്തെ സർവിസ് റോഡിലൂടെ വന്ന് പുളിഞ്ചോട് കവലയില്‍നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്ന റോഡിന് കുറുകെ പ്രവേശിച്ച് തിരികെ വീണ്ടും വലത്തേക്ക് തിരിഞ്ഞ് ദേശീയപാതയില്‍ പ്രവേശിച്ചു. ഇത് ശ്രദ്ധയില്‍പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മുന്നോട്ട് കയറ്റി നിര്‍ത്തിയ വാഹനം പരിശോധിക്കാൻ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ജി. നിഷാന്ത് വാഹനത്തിന് സമീപത്തേക്ക് നീങ്ങിയപ്പോള്‍ ബസ് ഓടിച്ചുപോകുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വൈറ്റില മൊബിലിറ്റി ഹബില്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന്, അതേദിവസം തന്നെ സുനില്‍കുമാര്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ നേരിട്ടെത്തി കാരണം കാണിക്കല്‍ നോട്ടീസ് കൈപ്പറ്റിയിരുന്നു. നോട്ടീസിന് നല്കിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് സുനില്‍കുമാറിന്റെ ലൈസന്‍സ് താൽക്കാലികമായി റദ്ദാക്കാന്‍ തീരുമാനിച്ചത്.
അഞ്ചു മാസം; 701 ലൈസന്‍സ് റദ്ദാക്കി
കൊച്ചി: അപകടകരമായ ഡ്രൈവിങ്ങ് നടത്തിയ 701 പേരുടെ ലൈസന്‍സുകള്‍ അഞ്ചു മാസത്തിനിടെ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അപകടകരമായ ഡ്രൈവിങ്ങില്‍ ഏര്‍പ്പെട്ട 723 പരാതികളാണ് മോട്ടോര്‍ വാഹന വകുപ്പിന് മുന്നില്‍ എത്തിയത്.
നിരപരാധികളാണെന്ന് തെളിവുകള്‍ ഹാജരാക്കിയ 22 പേരെ കുറ്റമുക്തരാക്കി. അപകടകരമായ രീതിയില്‍ വാഹനമോടിക്കുക, തൊലിപ്പുറത്ത് ചോര പൊടിയുന്ന തരത്തിലുള്ള മുറിവുകള്‍, എല്ലുകള്‍ ഒടിവുള്ള തരത്തിലുള്ള മുറിവുകള്‍ തുടങ്ങിയവക്ക് കാരണമാകുന്ന അപകടമുണ്ടാക്കിയ 613 പേരുടെയും റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ച നാല് പേരുടെയും മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയ 84 പേരുടെയും ലൈസന്‍സുകളാണ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.