ഡേറ്റിങ് ആപ്പിൽ പേര് ‘അപർണ’, വ്യാജ ഐ.ഡിയിൽ യുവാക്കളെ വലയിലാക്കും; വിളിച്ചുവരുത്തി മർദിച്ച് പണം കവരും
text_fieldsകൊടുങ്ങല്ലൂർ: മതിലകത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഘം ഡേറ്റിങ് ആപ്പു വഴിയാണ് ഇവരെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ പേരിൽ ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് എടുത്ത് യുവാക്കളുമായി ബന്ധം സ്ഥാപിക്കുകയാണ് പ്രതികളുടെ രീതി. ശേഷം ഏതെങ്കിലും സ്ഥലത്ത് വിളിച്ചുവരുത്തി 'ഹണി ട്രാപ്' രീതിയിൽ ഭീഷണിപ്പെടുത്തിയും മർദിച്ചും പണം കവരും.
മതിലകത്ത് ബൈക്കിലെത്തിയ പൂങ്കുന്നം സ്വദേശികളായ യുവാക്കളെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മർദിക്കുകയും കവർച്ച നടത്തുകയും ചെയ്തത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുപേരെ പിടികൂടാനുണ്ട്. മതിലകം സ്വദേശികളായ കിടുങ്ങ് വട്ടപറമ്പിൽ അലി അഷ്കർ (25), മതിൽമൂല തോട്ടപ്പുള്ളി വീട്ടിൽ ശ്യാം (27) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഓൺലൈൻ ഡേറ്റിങ് ആപ്പിൽ ‘അപർണ’ എന്നപേരിൽ വ്യാജ ഐ.ഡിയുണ്ടാക്കി ചാറ്റ് ചെയ്താണ് സംഘം യുവാക്കളെ മതിലകം പടിഞ്ഞാറ് ഭാഗത്തെ ഉൾറോഡിലേക്ക് വരുത്തിയത്. തുടർന്ന് അപർണ തങ്ങളിലൊരാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയാണെന്നും പോക്സോ കേസ് വരുമെന്നും ഭീഷണിപ്പെടുത്തി യുവാക്കളെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പലയിടത്തും കറങ്ങി കയ്പമംഗലം കൂരിക്കുഴി ഭാഗത്ത് എത്തിയ പ്രതികൾ ഇവരെ മർദിച്ച് പണവും മാലയും ഫോണും തട്ടിയെടുത്ത് ഇറക്കിവിട്ടു. യുവാക്കളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
ആറംഗ സംഘമാണ് സംഭവത്തിനു പിന്നിലെന്നും നാലുപേരെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവർ ഉപയോഗിച്ച കാർ ഉപേക്ഷിച്ചനിലയിൽ കൂരിക്കുഴിയിൽ കണ്ടെത്തി. അറസ്റ്റിലായ അലി അഷ്കർ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയതാണ്. ഇയാൾക്ക് കോടതിയിൽ കെട്ടിവെക്കാനുള്ള ലക്ഷം രൂപ കണ്ടെത്താനാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജു, മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐമാരായ കെ.എസ്. സൂരജ്, ആന്റണി ജിംബിൾ, എബിൻ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ജയകുമാർ, മുഹമ്മദ് അഷറഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.