മാതാവിനെ വിഷം കൊടുത്ത് കൊന്ന കേസിൽ മകൾ റിമാൻഡിൽ
text_fieldsകുന്നംകുളം: മാതാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകൾ റിമാൻഡിൽ. കിഴൂര്‍ ചോഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുക്മിണി (58) മരിച്ച കേസിൽ മകൾ ഇന്ദുലേഖയെയാണ് (40) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19നാണ് രുക്മിണി വീട്ടിൽ കുഴഞ്ഞുവീണത്. ചികിത്സക്കിടെ ചൊവ്വാഴ്ച പുലർച്ച മരിച്ചു.
പ്രതിയായ മകൾ ഇന്ദുലേഖയാണ് ആശുപത്രിയിൽ അമ്മയോടൊപ്പം ഉണ്ടായിരുന്നത്. ഭക്ഷ്യവിഷബാധയാണെന്നും മഞ്ഞപ്പിത്തമുണ്ടെന്നും ഇന്ദുലേഖ ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. വീട്ടിലെ എല്ലാവർക്കും ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് വരുത്താൻ ഇന്ദുലേഖ അച്ഛനും ഒരാഴ്ച മുമ്പ് വിദേശത്തുനിന്ന് എത്തിയ ഭർത്താവിനും സോപ്പുലായനി കലർത്തി ചായ നൽകി. എന്നാൽ, അരുചി തോന്നിയ അവർ പൂർണമായി കഴിച്ചിരുന്നില്ല.
ചികിത്സക്കിടെ വിഷം അകത്ത് ചെന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയ ജൂബിലി ആശുപത്രിയിലെ ഡോക്ടർ വിഷം കഴിച്ചത് എന്തിനാണെന്ന് രുക്മിണിയോട് ചോദിച്ചെങ്കിലും കഴിച്ചിട്ടില്ലെന്നായിരുന്നു മറുപടി. പിന്നീട് ദിവസങ്ങൾക്കുശേഷം മരണം സംഭവിച്ചതോടെ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിൽ വിവരം നൽകി. പോസ്റ്റ്‌മോര്‍ട്ടത്തിൽ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുകാരെ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
'കൊലപ്പെടുത്തിയത് വീടും സ്ഥലവും തട്ടിയെടുക്കാൻ'
കുന്നംകുളം: മകൾ മാതാവിനെ കൊലപ്പെടുത്തിയത് വീടും പതിമൂന്നര സെന്റ് സ്ഥലവും കൈക്കലാക്കാനെന്ന് പൊലീസ്. ഇന്ദുലേഖ കുടുംബവുമൊത്ത് മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവർ താമസിക്കുന്ന വീടും സ്ഥലവും മകളുടെ പേരിൽ എഴുതിനൽകിയിരുന്നു. എന്നാൽ, ഇത് പിതാവിന്റെ മരണശേഷമാണ് പ്രതിക്ക് ലഭിക്കുക.
യുവതിയുടെ ആഭരണങ്ങൾ കുന്നംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയിരുന്നു. ഭർത്താവ് നാട്ടിൽ എത്തുകയാണെന്ന് മനസ്സിലാക്കിയതോടെ ആഭരണങ്ങൾ തിരിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. എട്ട് ലക്ഷത്തോളം രൂപ ബാധ്യതയുള്ള പ്രതി സ്ഥലം പണയംവെച്ച് പണം കൈക്കലാക്കാനും ശ്രമം നടത്തി.
എന്നാല്‍, പിതാവിന്റെ പേരിലുള്ള സ്ഥലം വില്‍ക്കാനോ പണയപ്പെടുത്താനോ അമ്മ സമ്മതിച്ചിരുന്നില്ല. തുടര്‍ന്നാണ് അമ്മയെ എലിവിഷം കൊടുത്ത് കൊല്ലാന്‍ തീരുമാനിച്ചത്. പിന്നീട് അച്ഛനെ കിടപ്പിലാക്കിയശേഷം കൈവിരല്‍ പതിപ്പിച്ച് സ്വത്ത് കൈക്കലാക്കി പണയം വെച്ച് കടം വീട്ടാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഭാഗമായി അച്ഛനും അമ്മക്കും ഒരു മാസത്തോളമായി കരളിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കാനുള്ള ഗുളിക നല്‍കിവരുന്നതായും ഇന്ദുലേഖ മൊഴി നൽകി. കറികളിലാണ് ഗുളിക കലർത്തിക്കൊടുത്തിരുന്നതെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.