ഈരാറ്റുപേട്ടയിൽ പട്ടാപ്പകൽ മോഷണം: പ്രതിയെ പിടികൂടി
text_fieldsഈരാറ്റുപേട്ട: നഗരത്തിൽ വിവിധ സ്ഥാപനങ്ങളിൽനിന്ന് പട്ടാപ്പകൽ മോഷണം നടത്തി മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. ഈരാറ്റുപേട്ട കടുവാമുഴി കോട്ടയിൽ വീട്ടിൽ ഫിറോസ് ദിലീപി (28) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫിറോസ് ദിലീനെ അന്വേഷണസംഘം ബംഗളൂരുവിൽനിന്ന് പിടികൂടുകയായിരുന്നു. പൊലീസ് സംഘം ബംഗളൂരുവില്‍ എത്തിയതറിഞ്ഞ് പ്രതി അവിടെനിന്ന് കോയമ്പത്തൂരിന് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.
രണ്ടാഴ്ചമുമ്പ് പകൽ രണ്ട് സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. കടയുടമ പള്ളിയിൽപോയ സമയം പകുതി താഴ്ത്തിയ ഷട്ടർ ഉയർത്തിയാണ് മോഷണം നടന്നത്. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും മറ്റ് രണ്ട് വ്യാപാരസ്ഥാപനത്തില്‍ മോഷണം നടന്നത്.
മഴക്കോട്ടും മാസ്കും ധരിച്ചാണ് കടയിൽ കയറിയതെങ്കിലും കടയുടെ കാമറയിൽനിന്ന് പ്രതിയുടെ രൂപം പൊലീസിന് ലഭിച്ചു. ഇതാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. ടൗണിൽ സ്ഥിതിചെയ്യുന്ന ഹിറാ ബുക്ക്സ്റ്റാളിൽനിന്ന് 17,000 രൂപയും സക്കറിയ ടയേഴ്സ് എന്ന കടയിൽനിന്ന് 34,000 രൂപയും 20,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും, തുഷാർ മൊബൈൽ ഷോപ്പിൽനിന്ന് ഏഴ് മൊബൈൽ ഫോണുകളും 7000 രൂപയും വിവിധ ദിവസങ്ങളിലായി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിക്കുകയും മോഷ്ടാവിനുവേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ ശാസ്ത്രീയ പരിശോധനയില്‍ പ്രതി മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ സൂക്ഷിക്കുവാന്‍ ഏല്‍പിച്ചിരുന്നത് ഈരാറ്റുപേട്ടയില്‍ ഫ്രൂട്സ് കട നടത്തുന്ന റിലീസിനെയാണ്. തുടർന്ന് ഇയാളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഫിറോസ് മതപഠനത്തിനുശേഷം പല പള്ളികളിലും താൽക്കാലിക ജോലിചെയ്തിരുന്നു. ഇതിനുശേഷം ആലപ്പുഴ കേന്ദ്രീകരിച്ച് ഹോംസ്റ്റേ നടത്തിവരുകയായിരുന്നു. തന്റെ വഴിവിട്ട ജീവിതത്തിന് പണം കണ്ടെത്തുന്നതിനായിട്ടാണ് ഇയാള്‍ മോഷണത്തിലേക്ക് തിരിഞ്ഞത്. ഫിറോസിനെ വ്യാപാര സ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതി ഇയാൾ പൊലീസിനോട് വിശദീകരിച്ചു.
സി.സി ടി.വി ദൃശ്യങ്ങളാണ് പൊലീസിന് പ്രതിയിലേക്കെത്താൻ സഹായകമായത്. തെളിവെടുപ്പ് വിവരമറിഞ്ഞ് നിരവധി ആളുകളും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി. വിഷ്ണു, തോമസ് സേവിയർ, എ.എസ്.ഐ പി.എ. ഇക്ബാൽ, സി.പി.ഒമാരായ കെ.ആർ. ജിനു, ജോബി ജോസഫ്, ശരത് കൃഷ്ണദേവ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.