'ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ ചേർത്തു, ബോധം മറഞ്ഞപ്പോൾ കഴുത്തറുത്തു'; റിയൽ എസ്റ്റേറ്റ് ഏജന്‍റിന്‍റെ മരണത്തിൽ ഭാര്യയും അമ്മയും അറസ്റ്റിൽ
text_fieldsബംഗളൂരു: 37 വയസ്സുള്ള റിയൽ എസ്റ്റേറ്റ് ഏജന്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും അമ്മയും അറസ്റ്റിൽ. മാർച്ച് 22 ന് വൈകുന്നേരം വടക്കുപടിഞ്ഞാറൻ ബംഗളൂരുവിലെ സോളദേവനഹള്ളിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്താണ് ലോക്നാഥ് സിങ്ങിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാര്യ യശസ്വിനി(19)യും ഭാര്യാ മാതാവ് ഹേമഭായി(37)യും ചേർന്ന് ലോക്നാഥിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് യശസ്വിനി ലോക്നാഥിനെ വിവാഹം കഴിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു വിവാഹം. ലോക്നാഥ് സിങ്ങിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യശസ്വിനി സംശയിച്ചിരുന്നു. ഇത് ദമ്പതികൾക്കിടയിൽ പതിവായി തർക്കങ്ങൾക്ക് കാരണമായി. പിന്നീട് യശസ്വിനി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയതായി പൊലീസ് പറഞ്ഞു.
മാർച്ച് 22 ന് യശസ്വിനി ലോക്നാഥിനെ വിളിക്കുകയും ബാഗലൂരിനടുത്ത് വെച്ച് പരസ്പരം കാണാമെന്ന് പറയുകയും ചെയ്തു. ഇരുവരും ഒന്നിച്ചാണ് സോളദേവനഹള്ളിയിൽ എത്തിയത്. അവിടെ വെച്ച് യശ്വസിനി ലോക്നാഥിന് ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ ചേർത്തുകൊടുത്തു. ഭാര്യാമാതാവ് ഹേമ അവരെ പിന്തുടർന്നുവെന്നും പൊലീസ് വ്യക്തമാക്കി. യുവാവിന് ബോധം നഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ, യശസ്വിനിയും ഹേമയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിന്റെ പിന്നിലെ മാരക പരിക്കാണ് ജീവൻ നഷ്ടപ്പെടാൻ കാരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.