ഭയാനകം! കുട്ടികളെ ബലാത്സംഗം ചെയ്യുന്ന വിഡിയോ വരെ വിൽപന നടത്തുന്നു -ട്വിറ്ററിനെതിരെ തെളിവ് പുറത്തുവിട്ട് വനിതാ കമ്മീഷൻ
text_fieldsന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്ററിൽ കുട്ടികളുടെ അശ്ലീല വിഡിയോ വിൽപന നടത്തുന്നത് കണ്ടെത്തിയതായി ഡൽഹി വനിതാ കമ്മീഷൻ. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി പൊലീസിനും ട്വിറ്ററിനും കമീഷൻ നോട്ടീസ് നൽകിയതായി അധ്യക്ഷ സ്വാതി മാലിവാൾ അറിയിച്ചു.
'ചണ്ഡീഗഡ് യൂനിവേഴ്‌സിറ്റി സംഭവം (വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചത്) എന്നെ ചിന്തിപ്പിച്ചു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാൻ ഞാൻ എന്റെ ടീമിനോട് ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം ബലാത്സംഗം ചെയ്യുന്ന വിഡിയോ ട്വിറ്ററിൽ കണ്ടെത്തി. ചിലർ ഈ വിഡിയോകൾ 20 രൂപ മുതൽ 30 രൂപ വരെ വില നിശ്ചയിച്ച് വിൽപന നടത്തുന്നുമുണ്ട്. ഭയാനകമാണിത്!" -മലിവാൾ ട്വീറ്റിൽ പറഞ്ഞു.
ഇത്തരം പോസ്റ്റുകൾ ഒഴിവാക്കുന്നതിൽ ട്വിറ്റർ പരാജയമാണെന്നും ഇവർ ആരോപിച്ചു. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ട്വിറ്ററിനും ഡൽഹി പൊലീസിനും സെപ്റ്റംബർ 26 വരെ സമയം നൽകിയിട്ടുണ്ടെന്നും മലിവാൾ പറഞ്ഞു.
"പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നതിന്റെ വിഡിയോകൾ ആയിരക്കണക്കിന് ആളുകളാണ് ഷെയർ ചെയ്യുന്നത്. സ്ത്രീകൾ കുളിക്കുന്ന വീഡിയോകൾ ഇന്റലിജൻസ് ക്യാമറകളിലൂടെ പകർത്തിയാണ് പ്രചരിപ്പിക്കുന്നത്. ഈ കമ്പനികൾ വിദേശരാജ്യങ്ങളിലൊക്കെ നിയമങ്ങൾ പാലിക്കും. എന്നാൽ, ഇന്ത്യയിൽ സ്ത്രീകളുടെ അശ്ലീലവും ബലാത്സംഗവും പ്രചരിപ്പിക്കുമ്പോൾ കണ്ണടയ്ക്കുകയും ചെയ്യും" -മലിവാൾ ട്വിറ്ററിൽ കുറിച്ചു.
ഇത്തരം വീഡിയോകൾ എങ്ങനെയാണ് ഇവരുടെ പ്ലാറ്റ്‌ഫോമിൽ നിലനിൽക്കുന്നതെന്നും ഉള്ളടക്കം പരിശോധിക്കാനുള്ള നയങ്ങൾ എന്താണെന്നും വ്യക്തമാക്കാൻ ട്വിറ്ററിനോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോകൾ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്തവരെയും പ്രതികളെയും ഇരകളെയും തിരിച്ചറിഞ്ഞ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മലിവാൾ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.