കലുങ്കിനടിയിൽ മൃതദേഹം; ഞെട്ടലിൽ നാട്
text_fieldsഉരുവച്ചാൽ: കലുങ്കിനടിയിൽ മൃതദേഹം കണ്ടെത്തിയ സംഭവം പട്ടാരി പ്രദേശത്തെ മുൾമുനയിലാക്കി. മാലൂർ പട്ടാരിയിൽ റോഡരികിലെ കലുങ്കിനടിയിൽ ഒരാളുടെ മൃതദേഹം കാണപ്പെട്ട വിവരം അറിഞ്ഞ് ഒഴുകിയെത്തിയത് വൻ ജനക്കൂട്ടമാണ്.
ഉരുവച്ചാൽ സ്വദേശി മുതുകുറ്റിപ്പൊയിലിലെ ചോഴൻ മനോഹരന്റെ (53) മൃതദേഹമാണ് കാഞ്ഞിലേരി - മാലൂർ റോഡരികിലെ കലുങ്കിനടിയിൽ കാണപ്പെട്ടത്. ഞായറാഴ്ച രാത്രി കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോയതായിരുന്നു.
വീട്ടിലെത്താത്തതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പാൽ വാങ്ങാനെത്തിയ പരിസരവാസിയാണ് ഒരാൾ റോഡരികിലെ തോട്ടിൽ വീണുകിടക്കുന്നതു കണ്ടത്. ഉടൻ മാലൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മാലൂർ പൊലീസ് സബ് ഇൻസ്പെക്ടർ ഷാനിഫിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി.
പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി. കണ്ണൂരിൽനിന്നെത്തിയ ഡോഗ് സ്ക്വാഡും കണ്ണൂർ ഫോറൻസിക് വിഭാഗം സയന്റിഫിക് ഓഫിസർ ഹെൽനയുടെ നേതൃത്വത്തിലെത്തിയ വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
വാഹനമിടിച്ച് തെറിച്ചതാണോയെന്ന സംശയമുള്ളതിനാൽ സമീപത്തെ സി.സി.ടി.വി പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി, വൈസ് പ്രസിഡന്റ് ചമ്പാടൻ ജനാർദനൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി നിരവധി പേരാണ് പട്ടാരിയിൽ എത്തിയത്. ഉരുവച്ചാൽ സ്വദേശിയായ മനോഹരൻ ഏതാനും വർഷമായി പട്ടാരിയിലാണ് സ്ഥിരതാമസം. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഉരുവച്ചാലിലെ തറവാട് വീട്ടിലും പട്ടാരിയിലെ സ്വന്തം വീട്ടിലും പൊതുദർശനത്തിനുശേഷം സംസ്കാരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.