ഡീലേഴ്സ് സഹകരണ സംഘം അഴിമതി: അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsനെടുങ്കണ്ടം: അഴിമതി ആരോപണത്തെത്തുടർന്ന് ഇടുക്കി ജില്ല ഡീലേഴ്സ് സഹകരണ സംഘം ഭരണസമിതിക്കെതിരെ കേസെടുത്തു. 13 അംഗ ഭരണസമിതിക്കെതിരെയാണ് നെടുങ്കണ്ടം പൊലീസ് കേസെടുത്തത്. നെടുങ്കണ്ടം ആസ്ഥാനമായ സംഘത്തിലെ ക്രമക്കേട് സംബന്ധിച്ച് ജില്ല ജോയന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.
അംഗങ്ങളുടെ അറിവും അനുവാദവുമില്ലാതെ അവരുടെ പേരിൽ ഗ്രൂപ് നിക്ഷേപ പദ്ധതി തുടങ്ങി വ്യാജ ഒപ്പുകൾ രേഖപ്പെടുത്തി പദ്ധതിയുടെ അഡ്വാൻസ് തുകയായി പണം പിൻവലിച്ചെന്നാണ് പരാതി. 77 അംഗങ്ങളുടെ പേരിൽ 354 ഗ്രൂപ് നിക്ഷേപ അക്കൗണ്ട് വഴി 2,83,23,000 രൂപ പിൻവലിച്ചെന്നാണ് കേസ്. സംഘം ഉപയോഗിച്ച് വരുന്ന അഡ്വാൻസ് അക്കൗണ്ടുകൾ, സ്ഥിരനിക്ഷേപ അക്കൗണ്ടുകൾ, ഡെയ്ലി സേവിങ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ എന്നിവയിലും തിരിമറി നടത്തിയതായി പറയപ്പെടുന്നു.
വിശ്വാസവഞ്ചനയും ചതിയും നടത്തി സംഘത്തിന് 4,52,23,000 രൂപ നഷ്ടം വരുത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെയാണ് കേസെടുത്തത്. ഭരണസമിതിയെ ഡിസംബറിൽ സസ്പെൻഡ് ചെയ്ത് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു.
സൊസൈറ്റിയില്‍ വര്‍ഷങ്ങളായി നടക്കുന്ന ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും ഭരണഘടന വിരുദ്ധ പ്രവര്‍ത്തനങ്ങൾക്കുമെതിരെ നിരവധി പരാതികളുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ ബോര്‍ഡ് അംഗങ്ങളും ചില ജീവനക്കാരും ബിനാമി പേരുകളില്‍ ലക്ഷക്കണക്കിന് രൂപ വായ്പയെടുത്തതായും സൊസൈറ്റി ജീവനക്കാരന്‍ 50 ലക്ഷം രൂപ തിരിമറി നടത്തിയതായും പരാതി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.