മഞ്ഞപ്രയിലെ യുവാവിെൻറ മരണം: നാലുപേർ അറസ്റ്റിൽ
text_fieldsവടക്കഞ്ചേരി: മഞ്ഞപ്ര ചേറുംകോട് പാടത്ത് യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിൽ. മഞ്ഞപ്ര സ്വദേശികളായ ചിറകുന്നത്ത് വീട്ടിൽ അരുൺ (30), കിഴക്കുമുറിയിൽ പ്രതീഷ് (38), ആറാം തൊടിയിൽ രാജേന്ദ്രൻ (മൊട്ട -30), നിഖിൽ (27) എന്നിവരെയാണ് ആലത്തൂർ ഡിവൈ.എസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പന്നിക്കോട് നാലു സെൻറ് കോളനിയിലെ അഭയനെയാണ് (30) കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പാടത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. മരണകാരണം വൈദ്യുതാഘാതമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പ്രദേശത്ത് കൃഷിയിടത്തിൽ കാട്ടുപന്നിക്കായി ഒരുക്കിയ വൈദ്യുതകെണിയിൽ പെട്ടാണ് അഭയെൻറ മരണമെന്ന നിഗമനത്തിൽ എത്തിയ പൊലീസ് പരിസരവാസികളടക്കമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച രാത്രി 10ഒാടെ പ്രതികളായ യുവാക്കൾ മഞ്ഞപ്ര ചേറുംതൊടിയിലെ പാടത്ത് മോട്ടോർ ഷെഡിൽ നിന്നും വൈദ്യുതി മോഷ്ടിച്ച് കാട്ടുപന്നിയെ പിടിക്കാൻ കെണിയൊരുക്കുകയായിരുന്നു.
അടുത്ത ദിവസം പുലർച്ചെ നാലിന് കെണി സ്ഥാപിച്ച സ്ഥലത്ത് എത്തിയ പ്രതികൾ അഭയൻ വയലിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കാനായി കെണിയടക്കം സംവിധാനങ്ങൾ ഇവർ ഒളിപ്പിച്ചു.
പോക്സോ അടക്കം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. വടക്കഞ്ചേരി ഇൻസ്പെക്ടർ എം. മഹേന്ദ്രസിംഹൻ, വടക്കഞ്ചേരി എസ്.ഐമാരായ എസ്. അനീഷ്, കാശി വിശ്വനാഥൻ, എ.എസ്.ഐമാരായ കെ.എൻ. നീരജ് ബാബു, കെ. മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.ആർ. രാമദാസ്, എം. ബാബു, സജിത്ത്, സ്ക്വാഡ് അംഗങ്ങളായ ആർ.കെ. കൃഷ്ണദാസ്, റഹിം മുത്തു, യു. സൂരജ് ബാബു, കെ. ദിലീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.