നാലര വയസ്സുകാരിയുടെ മരണം; 31 വർഷത്തിനുശേഷം വളർത്തമ്മക്ക് ജീവപര്യന്തം
text_fieldsകോഴിക്കോട്: കർണാടകയിൽനിന്ന് വളർത്താൻ വാങ്ങിയ നാലര വയസ്സുള്ള കുഞ്ഞിനെ കാമുകനൊപ്പം ചേർന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി എന്ന കേസിൽ പ്രതിക്ക് 31 വർഷത്തിനുശേഷം ജീവപര്യന്തം തടവും 10,000 രൂപ പിഴയും.
1991 നവംബർ 21ന് ശാരീരിക പീഡനത്തെ തുടർന്ന് മിനി എന്ന ശാരി കൊല്ലപ്പെട്ട കേസിൽ രണ്ടാംപ്രതി എറണാകുളം കടവന്ത്ര നഗർ സ്വദേശിനി മംഗലാപുരം പഞ്ചമുകിൽ ഖാദർ കോമ്പൗണ്ടിൽ താമസിക്കുന്ന ബീന എന്ന ഹസീനയെയാണ് (50) കോഴിക്കോട് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആർ. അനിൽകുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷം കൂടി കഠിനതടവ് അനുഭവിക്കണം.
രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ്ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങിയതിനാലാണ് കേസ് നീണ്ടത്. ഒന്നാം പ്രതിയായ കാമുകൻ ഗണേശൻ ഇപ്പോഴും ഒളിവിലാണ്.
28 വർഷം കഴിഞ്ഞ് വീണ്ടും അറസ്റ്റ്; നിർണായകമായി മെഡിക്കൽ തെളിവുകൾ
പതിറ്റാണ്ടുകൾ കഴിഞ്ഞതിനാൽ ഏറെ പണിപ്പെട്ടാണ് പഴയകാല സാക്ഷികളെ മുഴുവൻ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. പലരും സാക്ഷിമൊഴി മറന്നു. പല രേഖകളും നശിച്ചിരുന്നു. എന്നാൽ മെഡിക്കൽ, സാഹചര്യ തെളിവുകൾ കേസിൽ നിർണായകമായതായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജു സിറിയക് പറഞ്ഞു.
പൊള്ളലേറ്റതും മറ്റുമായി കുട്ടിയുടെ ശരീരത്തിനകത്തും പുറത്തുമായി 76 പരിക്കുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി. സംഭവം നടന്ന് ബീനയെ 28 വർഷങ്ങൾക്കു ശേഷം 2021 മാർച്ച് 30 നാണ് ടൗൺ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അബ്ദുൽ സലീം, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ രജീഷ് ബാബു, സുജന എന്നിവർ ചേർന്ന് എറണാകുളം കളമശ്ശേരിയിൽ നിന്ന് പിടികൂടിയത്.
തുടർന്ന് വിചാരണ തീരുംവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റിലായിരുന്നു. വളർത്തുന്നതിനായി കർണാടക സ്വദേശിനിയായ മഞ്ജുവിൽ നിന്നാണ് നാലര വയസ്സുള്ള പെൺകുട്ടിയെ ഇവർ വാങ്ങിയത്. തുടർന്ന് കുഞ്ഞുമായി നഗരത്തിൽ വിവിധ ലോഡ്ജുകളിലും മറ്റും താമസിച്ചു. ഓയിറ്റി റോഡിലെ സെലക്ട് ലോഡ്ജിൽ താമസിക്കവെ നിരന്തര മർദനമേറ്റ് അവശയായ കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചശേഷം പ്രതികൾ മുങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.