മോഡലുകളുടെ മരണം:18 പേർക്ക് പിന്നാലെ പൊലീസ്
text_fieldsകൊച്ചി: മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും മരിക്കാനിടയായ വാഹനാപകട കേസിലെ മുഖ്യപ്രതി സൈജുവിനെ ചോദ്യം ചെയ്തപ്പോൾ വിവരം ലഭിച്ച 18 പേരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഷെർബിൻ, സൈറാ ബാനു, ഫെബി ജോൺ, നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട്, മാനേജർ അനീഷ്, സലാഹുദ്ദീൻ, അമൽ പപ്പടവട, നസ്ലിൻ, ഷീനു മിന്നു, അനു ഗോമസ്, അബു, സന, കൃഷ്ണ, ജി.കെ, മെഹർ, സുനിൽ, ജെൻസൺ ജോൺ, ഷബീർ, വനിത ഡോക്ടർ എന്നിവരുടെ പേരുകളാണ് സൈജു ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. പ്രതികൾക്ക് പൊലീസിൽനിന്ന് സഹായം ലഭിച്ചതായി സംശയിക്കുന്നുണ്ട്.
സൈജു പേര് വെളിപ്പെടുത്തിയവരെ ചോദ്യം ചെയ്യുന്നതിലൂടെ കൊച്ചിയും ടൂറിസം കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് ലോബികളെ കണ്ടെത്താനാവുമെന്നാണ് പൊലീസിെൻറ പ്രതീക്ഷ. 20 -28 വയസ്സുള്ള യുവതീ യുവാക്കളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിക്കുന്നത്. ജാമ്യത്തിൽ കഴിയുന്ന റോയ് വയലാട്ടിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് ശ്രമം തുടങ്ങി.
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിെൻറ വിവരങ്ങളാണ് സൈജുവിൽനിന്ന് പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്തതിൽനിന്നും ഇയാളുടെ ഫോൺ പരിശോധിച്ചതിൽനിന്നുമാണ് നിശ പാർട്ടികളിൽ വൻ തോതിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസ് സ്ഥിരീകരിച്ചത്.
സൈജു തങ്കച്ചെൻറ ഗോവ ബന്ധവും പരിശോധിച്ച് വരികയാണ്. ഇയാൾ ഗോവയിൽ പല തവണ പാർട്ടികളിൽ പങ്കെടുത്തതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ സൈജുവിന് ലഹരി കൈമാറുന്നവരെ കണ്ടെത്താനാണ് ശ്രമം. കസ്റ്റഡിയിലുള്ള സൈജു വഴി മറ്റുള്ളവരിലേക്ക് എത്തുകയാണ് ലക്ഷ്യം.
കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിലും മൂന്നാർ, വയനാട്, മാരാരിക്കുളം എന്നിവിടങ്ങളിലും പാർട്ടി സംഘടിപ്പിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്നിന് പുറമെ കഞ്ചാവ്, ഹഷീഷ് ഓയിൽ എന്നിവയുടെ ഉപയോഗവും മയക്കുമരുന്ന് നൽകി സ്ത്രീകളെ ദുരുപയോഗം ചെയ്യലും പാർട്ടികളിലെ സ്ഥിരം രീതിയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇൗ ലക്ഷ്യത്തോടെ മോഡലുകളെ പ്രതി പിന്തുടർന്നതാണ് വൻ അപകടത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.