മോഡലുകളുടെ മരണം: ഡി.ജെ. പാർട്ടി നടന്ന ഹോട്ടലിന്റെ ഉടമ ചോദ്യം ചെയ്യലിന് ഹാജരായി
text_fieldsകൊച്ചി: ഇടപ്പള്ളി -പാലാരിവട്ടം ബൈപാസിൽ മുന്‍ മിസ് കേരള വിജയികളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹോട്ടലിലെ ഡിജിറ്റൽ വിഡിയോ റെക്കോഡർ (ഡി.വി.ആർ) പൊലീസിന് കൈമാറി. ചൊവ്വാഴ്ച രാവിലെ ചോദ്യംചെയ്യലിന് ഹാജരായ ഫോർട്ട്കൊച്ചി 'നമ്പര്‍ 18' ഹോട്ടലുടമ റോയി ജെ. വയലാട്ടാണ് സി.സി ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആര് നൽകിയത്. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ഹോട്ടലിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ച മറ്റൊരു ഡി.വി.ആര് കൂടിയുണ്ടെന്നും അതുംകൂടി എത്തിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇത് വൈകാതെ ഹാജരാക്കാമെന്ന് റോയി അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എറണാകുളം സൗത്ത് സ്റ്റേഷനിൽ ഹാജരായ റോയിയെ ചോദ്യംചെയ്യുന്നത് വൈകീട്ട്വരെ നീണ്ടു. നിലവിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല. രണ്ട് ഡി.വി.ആറുകളും ഹോട്ടലുടമ നശിപ്പിച്ചെന്നാണ് ജീവനക്കാർ പൊലീസിന് മൊഴി നൽകിയിരുന്നത്.
നവംബർ ഒന്നിന് പുലർച്ചയാണ് കാർ അപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ, മുൻ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് പിന്നീട് ആശുപത്രിയിലും മരിച്ചു. കാർ ഡ്രൈവർ അബ്ദുൽ റഹ്മാനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യംചെയ്തപ്പോഴാണ് ആഡംബര കാർ പിന്തുടർന്നതായി മൊഴി നൽകിയത്. ഡ്രൈവർ അടക്കം മദ്യപിച്ചാണ് കാറിൽ ഉണ്ടായിരുന്നതെന്നും തെളിഞ്ഞിരുന്നു.
വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാർ ഓടിച്ചിരുന്ന സൈജു, റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരെയും വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. ഹോട്ടലിൽ വെച്ച് മോഡലുകളുമായി എന്തെങ്കിലും വാക്തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് റോയിയോട് ഡി.വി.ആർ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. രണ്ടാമത്തെ ഡി.വി.ആർ ഇയാൾ ഒളിപ്പിക്കുന്നതിന് പിന്നിലെ ദുരൂഹത പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, മോഡലുകളുടെ കാറിനെ പിന്തുടർന്ന ഓഡി കാർ ഇടപ്പള്ളി സ്വദേശിയായ ഫെബി പോളിെൻറ പേരിലുള്ളതാണെന്ന് പുറത്തുവന്നു. ഇത് സൈജുവിന് വിറ്റതാണെങ്കിലും ഉടമസ്ഥത മാറ്റിയിട്ടില്ലെന്ന് ഫെബി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
അൻസി കബീറിെൻറ പിതാവ് അബ്ദുൽ കബീറും ബന്ധുക്കളും കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.