മകൻ ഇന്നും നീറുന്ന വേദന; നീതിതേടി വയോദമ്പതികൾ തെരുവിൽ
text_fieldsതൊടുപുഴ: ''അവൻ മരിച്ചിട്ട് 16 വർഷം കഴിഞ്ഞു. മരിച്ചതല്ല, അവർ കൊന്നതാ. അവരെ ശിക്ഷിക്കണം. സ്വന്തമായി കിടപ്പാടംപോലുമില്ലാത്ത ഞങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം'' -നഗരമധ്യത്തിൽ സിവിൽ സ്റ്റേഷന് മുന്നിലെ വഴിയോരത്തെ മരത്തണലിൽ വടിയൂന്നിയിരുന്ന് തോമസ് എന്ന 76കാരൻ ഇത് പറയുമ്പോൾ പലപ്പോഴും കണ്ണുകൾ നിറഞ്ഞു. അടുത്തിരുന്ന ഭാര്യ പെണ്ണമ്മ (71) അതുകണ്ട് കണ്ണുകൾ തുടച്ചു. മനസ്സ് നീറ്റുന്ന മകന്റെ ഓർമകളുടെ സങ്കടഭാരവുമായാണ് ചുട്ടുപൊള്ളുന്ന വെയിലിലും നീതിതേടി ഇവർ തെരുവിൽ സമരം നടത്തുന്നത്.
തൊടുപുഴ കാളിയാർ വടക്കേക്കുന്നേൽ തോമസും പെണ്ണമ്മയും ചൊവ്വാഴ്ച മുതൽ തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിലെ റോഡരികിൽ അനിശ്ചിതകാല സത്യഗ്രഹത്തിലാണ്. മകൻ ബാബുവിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ വനപാലകരെ ശിക്ഷിക്കുംവരെ സമരം തുടരാനാണ് തീരുമാനം. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത രോഗികളായ ഈ ദമ്പതികൾ വാടകവീട്ടിലാണ് താമസം. ഇവരുടെ ആശ്രയമായിരുന്നു 31കാരൻ ബാബു. 2006 നവംബർ 23നാണ് ബാബു കസ്റ്റഡിയിൽ മരിച്ചത്. കാളിയാർ പമ്പ് ഹൗസിലെ താൽക്കാലിക ജീവനക്കാരനായ ബാബുവിന് പൊലീസിൽ ജോലി ഏറക്കുറെ ശരിയായിരുന്നു. ഇതിനിടെ ഹോട്ടലിൽ ജോലി ചെയ്യുന്ന അനുജൻ ബൈജുവിനെ കാണാനാണ് കുമളിയിൽ എത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ബാബുവിനെ പെട്ടെന്ന് അവിടെയെത്തിയ വനപാലകസംഘം ചന്ദനം മോഷ്ടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തു.
മറയൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വനപാലകരുടെ ക്രൂരമർദനത്തിൽ ബാബു മരിച്ചു. മൃതദേഹം കത്തിച്ചുകളയാനുള്ള രഹസ്യനീക്കം നാട്ടുകാർ തടഞ്ഞു. സ്ഥലത്തെ ചില രാഷ്ട്രീയക്കാരാണ് ബാബുവിന്റെ വീട്ടുകാരെ വിവരം അറിയിച്ചത്. മൃതദേഹത്തിൽ മാരകമുറിവുകളും പൊള്ളലേൽപിച്ച പാടുകളുമുണ്ടായിരുന്നെന്ന് ബാബുവിന്റെ സഹോദരൻ ജോയി പറയുന്നു. വീട് സന്ദർശിച്ച ഉമ്മൻ ചാണ്ടി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു പൈസപോലും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്താണ് കുറ്റപത്രം സമർപ്പിച്ചത്. ഡി.എഫ്.ഒ അടക്കം 15 പ്രതികളുണ്ടായിരുന്നെങ്കിലും പിന്നീട് ഡി.എഫ്.ഒയെ ഒഴിവാക്കി.
പ്രതികൾ വനം വകുപ്പ് ഉദ്യോഗസ്ഥരായതിനാൽ സാക്ഷികളെ കൂറുമാറ്റാനും കേസ് അട്ടിമറിക്കാനും നിരന്തരം ശ്രമങ്ങൾ നടന്നതാണ് നടപടികൾ നീളാൻ കാരണം. തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ വ്യാഴാഴ്ച വിചാരണ പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.