ലോട്ടറിയടിച്ച യുവാവിന്റെ മരണം; കൊലപാതകമെന്ന് പൊലീസ്
text_fieldsപാങ്ങോട്: എണ്‍പത് ലക്ഷം രൂപ ലോട്ടറിയടിച്ചതിനെ തുടര്‍ന്നുള്ള മദ്യസല്‍ക്കാരത്തിനിടയില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; ഒരാള്‍ അറസ്റ്റില്‍. പാങ്ങോട് മതിര സ്വദേശി മായാവി എന്ന സന്തോഷ് (45) ആണ് അറസ്റ്റിലായത്. പാങ്ങോട് തൂറ്റിക്കല്‍ സജി വിലാസത്തില്‍ പരേതനായ ശ്രീധരന്റെയും ഇന്ദിരയുടെയും മകനായ സജീവ് (35) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സജീവിന് കഴിഞ്ഞ മാസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എണ്‍പത് ലക്ഷം രൂപ ലോട്ടറിയടിച്ചു. കഴിഞ്ഞ ദിവസം ഈ തുക ബാങ്കിലെത്തി. സജീവ് അരയേക്കര്‍ ഭൂമി വാങ്ങുകയും കുറച്ചു പൈസ സഹോദരങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ഇതിന്റെ സന്തോഷം പങ്കിടാന്‍ സുഹൃത്തുക്കള്‍ക്ക് മദ്യ സല്‍ക്കാരം നടത്താനും തീരുമാനിച്ചു. ഞായറാഴ്ച മദ്യവിൽപന ശാലകള്‍ അവധിയായിരുന്നതിനാല്‍ താഴേ പാങ്ങോട് ഒരു സുഹൃത്ത് വാടകക്ക് താമസിക്കുന്ന വീട്ടിലാണ് ഇതിന് സൗകര്യമൊരുക്കിയത്.
സല്‍ക്കാരം കഴിഞ്ഞ് രാത്രി ഒമ്പതോടെ പ്രതിയായ സന്തോഷും കൊല്ലപ്പെട്ട സജീവും വീടിനു പുറത്തിറങ്ങുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതിനിടയില്‍ സന്തോഷ് സജീവിനെ താഴ്ചയുള്ള റബര്‍തോട്ടത്തിലേക്ക് തള്ളിയിടുകയും വീഴ്ചയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലാവുകയും ചെയ്തു. സജീവിനെ പിന്നീട് മറ്റുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു.
വീഴ്ചയുടെ ആഘാതത്തില്‍ കഴുത്തിനേറ്റ മുറിവാണ് സജീവിന്റെ മരണകാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് സന്തോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പാങ്ങോട് സി.ഐ എന്‍. സുനീഷ്, എസ്.ഐ അജയന്, ഗ്രേഡ് എസ.ഐ രാജന്, ഗ്രേഡ് എ.എസ്.ഐ രേഖ, സി.പി.ഒമാരായ ജുറൈജ്, ഹരി, സിദ്ദീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.