ഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്തിയ നിഷാമിന്റെ വാഹനത്തിന് 'വധശിക്ഷ'
text_fieldsഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരനെ വാഹനമിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മറിന് 'വധശിക്ഷ'. കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് രജിസ്ട്രഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്ന ആദ്യവാഹനമാകുമിത്. ആർ.സി റദ്ദാക്കിയാൽ കോടതി അനുമതിയോടെ ഇതു പൊളിക്കും. തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷൻ വളപ്പിലാണ് ഇപ്പോൾ വാഹനമുള്ളത്. ഏകദേശം ഒരു കോടി രൂപ വിലവരുന്ന വാഹനമാണിത്.
ഇത്തരത്തിൽ കുറ്റകൃത്യങ്ങൾക്കുപയോഗിച്ച വാഹനങ്ങളുടെ പട്ടിക നൽകാൻ മോട്ടർവാഹന വകുപ്പ് ഡി.ജി.പി അനിൽ കാന്തിന് കത്ത് നൽകിയിട്ടുണ്ട്. കണിച്ചുകുളങ്ങര എവറസ്‌റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേശ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവരെ ആസൂത്രിതതമായി കൊലപ്പെടുത്തിയ ലോറിയും പൊളിക്കുന്നതിൽ ഉൾപ്പെടും. കൊലക്കേസുകളിൽ പ്രതികൾ സഞ്ചരിക്കുന്ന വാഹനവും ഇനി പ്രതിപ്പട്ടികയിലുണ്ടാകും. വാഹനം വാടകക്കെടുത്തതാണെങ്കിലും ഇതേ നടപടിയുണ്ടാകും.
നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങളിൽ ഉൾപ്പെട്ടാൽ മാത്രമേ ലൈസൻസും പെർമിറ്റും റദ്ദാക്കൂ. എന്നാൽ, വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കുറ്റകൃത്യങ്ങൾക്കായി വാഹനം ലഭിക്കാത്ത സ്ഥിതിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
2015 ജനുവരി 29ന് പുർച്ചെ മൂന്നോടെ ശോഭ സിറ്റി അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ഗേറ്റ് തുറക്കാൻ വൈകിയതിന് തന്റെ ആഡംബര കാറായ ഹമ്മർ ഉപയോഗിച്ച് നിഷാം കൊലപ്പെടുത്തിയത്. കേസിൽ ബീഡി വ്യവസായിയായ നിഷാമിന് തൃശൂർ കോടതി ജീവപര്യന്തം കഠിന തടവും 24 വർഷം അധിക തടവും വിധിച്ചിരുന്നു. 5,000 കോടി രൂപ ആസ്തിയുള്ള നിഷാമിന് 80.30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.